കായിക രംഗത്ത് പാലക്കാടിന്റെ പുത്തന്‍ ചുവടു വെപ്പ്; ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത് 30 കോടിയുടെ സ്പോര്‍ട്സ് ഹബ്: 2027 ഏപ്പ്രിലോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും: രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതി: പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍

Update: 2024-11-05 04:36 GMT

തിരുവനന്തപുരം: കേരളത്തിന്റെ കായിക രംഗത്ത് പാലക്കാട് ജില്ല വന്‍ചുവടു വെക്കുന്നു. 30 കോടി രൂപ ചെലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിക്കുന്ന ഈ സ്‌പോര്‍ട്‌സ് ഹബ്, വിവിധ കായിക ഇനങ്ങള്‍ക്കായുള്ള അനവധി സൗകര്യങ്ങളോടുകൂടി മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്ത് വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ ഫലമായി പൂവണിയുന്നു.

പാലക്കാട് ജില്ലയുടെ കായിക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ ഉദ്ദേശിക്കുന്നതില്‍ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ, ഫ്ലഡ് ലൈറ്റുകള്‍, നീന്തല്‍ കുളം, ബാസ്‌കറ്റ്ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍ എന്നിവയും മറ്റു കായിക ഇനങ്ങള്‍ക്കും വിശാലമായ മൈതാനങ്ങള്‍ ഉള്ള ഈ ഹബ്, യുവജനങ്ങള്‍ക്കും പ്രാദേശിക മല്‍സരങ്ങള്‍ക്കും മികച്ച അവസരമൊരുക്കും. ക്ലബ് ഹൗസ്, മള്‍ട്ടി-സ്പോര്‍ട്‌സ് കോര്‍ട്ടുകള്‍, പ്രാക്ടീസ് നെറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ഹബിന്റെ വിശിഷ്ടത കൂടിയാക്കുന്നു.

ഭൂമി ലഭിച്ച ചാത്തന്‍കുളങ്ങര ദേവസ്വം ട്രസ്റ്റിന് നിത്യേന വരുമാനമാര്‍ഗ്ഗമായി 21,35,000 രൂപ വര്‍ഷേന ലഭിക്കും, കൂടാതെ 10 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് സഹായവും ലഭിക്കും. ഇതില്‍ പ്രാദേശികവാസികള്‍ക്ക് തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കുമെന്ന് ഉറപ്പിച്ചിരിക്കുന്നതും സമൂഹ വികസനത്തിന് ഊര്‍ജ്ജം പകരുന്നു.

ഈ ഡിസംബറില്‍ കരാര്‍ ഒപ്പിട്ട ശേഷം 2025 ജനുവരിയോടെ നിര്‍മാണം ആരംഭിക്കും. 2026ല്‍ ആദ്യഘട്ടവും 2027 ഏപ്രിലോടെ പൂര്‍ണ്ണതയിലും എത്തും. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പാലക്കാട് ജില്ലയിലെ കായിക മേഖലയ്ക്ക് ഒരു മാറ്റത്തിന് ഉന്നത അവസരമായിരിക്കും ഇതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു.

നേരത്തെ 2018ല്‍ പാലക്കാട് ക്രിക്കറ്റ് സ്റ്റേഡിയമെന്ന ആലോചനകള്‍ കെ സി എയുടെ ഭാ?ഗത്ത് നിന്നുണ്ടായതാണ്. ഇതിനായി ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. എന്നാല്‍ കൊവിഡ് കാലത്ത് സ്റ്റേഡിയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തടസപ്പെടുകയായിരുന്നു.

കെ സി എ സ്റ്റേഡിയം പാലക്കാട് വരുന്നതോടെ ജില്ലയില്‍ കായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പാലക്കാട് ക്രിക്കറ്റ് അസോസിയേഷന്‍. എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ അഭിപ്രായപെട്ടു.

Tags:    

Similar News