നല്ല സിനിമ, നല്ല നാളെ! ചലച്ചിത്ര നയത്തിന് ദിശാബോധം നല്‍കാന്‍ സിനിമ കോണ്‍ക്ലേവിന് കഴിയുമെന്ന് മോഹന്‍ലാല്‍; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുന്നത് നല്ല പ്രോത്സാഹനമെന്നും പ്രതികരണം; കോണ്‍ക്ലേവ് ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കോണ്‍ക്ലേവ് ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്ര നയത്തിന് ദിശാബോധം നല്‍കാന്‍ സിനിമ കോണ്‍ക്ലേവിന് കഴിയുമെന്ന് നടന്‍ മോഹന്‍ലാല്‍. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന സിനിമ കോണ്‍ക്ലേവിന് ആശംസകള്‍. മലയാളം സിനിമയ്ക്ക് എല്ലാകാലവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നതെന്നും മോഹന്‍ലാല്‍ സിനിമ കോണ്‍ക്ലേവില്‍ വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനം. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചില പരിമിതികള്‍ ഉണ്ടാവാം. അത് കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും മോഹന്‍ ലാല്‍ പറഞ്ഞു. മലയാള സിനിമ ദൈവത്തിന്റെ സിനിമയെന്ന് സുഹാസിനി പറഞ്ഞു. കോണ്‍ക്ലേവ് മാതൃകയാവും. മലയാള സിനിമ എപ്പോഴും മാതൃകയാണെന്നും സുഹാസിനി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കുന്ന സിനിമാ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയുടെ മഹത്വത്തെ ഇടിച്ച് തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. കേരള സ്റ്റോറിക്കുള്ള പുരസ്‌കാരം കലക്കുള്ള അംഗീകാരമല്ല. സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരം. ഇത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തെ വികലമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നും കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സമ്മേളനത്തില്‍ മോഹന്‍ലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി. വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ഉപധിയായി മാത്രമേ ദേശീയ പുരസ്‌കാരത്തെ കാണാന്‍ സാധിക്കു എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. സമ്മേളനത്തിന്റ ഉദ്ഘാടനം ക്ലാപ് ബോര്‍ഡ് അടിച്ചാണ് നിര്‍വഹിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഷാജി എന്‍. കരുണിനും കലാഭവന്‍ നവാസിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. ഷാജി എന്‍. കരുണിന്റ സ്മരണാര്‍ഥം വീഡിയോ പ്രദര്‍ശനവും നടന്നു. കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് കോണ്‍ക്ലേവിലെ ശനിയാഴ്ചത്തെ കലാപരിപാടികള്‍ ഒഴിവാക്കി.
ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒന്‍പതോളം വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി- ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ കെ, കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ചെയര്‍മാന്‍ സയിദ് അഖ്തര്‍ മിര്‍സ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി.
രാജ്യാന്തര സിനിമാ പ്രൊഫെഷണലുകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഡോ. റസൂല്‍ പൂക്കുട്ടി, സംവിധായകന്‍ വെട്രിമാരന്‍, ഐഎഫ്എഫ്കെ ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പി.എസ്. പ്രിയദര്‍ശനന്‍, നടിമാരായ പത്മപ്രിയ ജാനകിരാമന്‍, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.