സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു; ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുന്നു! 80 ലക്ഷം വിഴുങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പിഞ്ചുമാലാഖയുടെ ഹൃദയവുമായി ജയനീഷ് പറന്നത് മരണപ്പാച്ചിലില്‍; എയര്‍ ആംബുലന്‍സ് സ്വപ്‌നം ഇനിയും അകലെ
തിരുവനന്തപുരം: മാസം 80 ലക്ഷം രൂപ വാടക കൊടുക്കുന്ന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ആകാശത്ത് അപ്രത്യക്ഷമായോ? അതോ വെറും വിഐപി സവാരികള്‍ക്കും ആഭ്യന്തര വകുപ്പിന്റെ രഹസ്യ ഇടപാടുകള്‍ക്കും മാത്രമുള്ളതാണോ ഈ ആകാശക്കപ്പല്‍? കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ആലിന്‍ ഷെറിന്‍ എന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയവുമായി ജയനീഷും ശരത്തും ആംബുലന്‍സില്‍ മരണപ്പാച്ചില്‍ നടത്തുമ്പോള്‍, എയര്‍ ആംബുലന്‍സായി മാറേണ്ട ഹെലികോപ്റ്റര്‍ എവിടെയായിരുന്നു എന്ന ചോദ്യം ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്നു.
227 കിലോമീറ്റര്‍ ദൂരം മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗ്ഗം താണ്ടേണ്ടി വന്നത് നമ്മുടെ ഭരണാധികാരികളുടെ നിസ്സംഗത കൊണ്ടല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. തീരദേശ നിരീക്ഷണത്തിനും വിഐപി യാത്രകള്‍ക്കുമൊപ്പം 'എയര്‍ ആംബുലന്‍സ്', 'അവയവ കൈമാറ്റം' എന്നിവയ്ക്കായി മാസം 15 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നാണ് ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാറിലുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ ഡിജിപിക്ക് അധികാരവുമുണ്ട്. എന്നിട്ടും ജീവന്‍ രക്ഷിക്കാനുള്ള ഈ വലിയ ദൗത്യത്തിന് എന്തുകൊണ്ട് ഹെലികോപ്റ്റര്‍ വിട്ടുനല്‍കിയില്ല? ഓരോ മാസവും ലക്ഷങ്ങള്‍ വാടകയിനത്തില്‍ ഖജനാവില്‍നിന്ന് ഒഴുക്കുമ്പോഴും, അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കും അവയവ കൈമാറ്റത്തിനും ഈ സേവനം ലഭ്യമാകാത്തത് ആരെ സഹായിക്കാനാണ്?
ഹെലികോപ്റ്റര്‍ വാടകയെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന് മൗനമാണ്. എല്ലാം 'രഹസ്യം'. മന്ത്രിമാരും കുടുംബാംഗങ്ങളും എത്ര തവണ പറന്നു എന്ന ചോദ്യത്തിന് വിവരമില്ല. എന്നാല്‍ അവയവങ്ങള്‍ കൊണ്ടുപോകാന്‍ അഞ്ചുവര്‍ഷത്തിനിടെ വെറും ആറു തവണ മാത്രമാണ് ഈ സേവനം ഉപയോഗിച്ചതെന്നാണ് കണക്കുകള്‍. സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുമ്പോള്‍, ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുകയാണ്.
ആംബുലന്‍സ് ഡ്രൈവര്‍ ജയനീഷിന്റെയും ശരത്തിന്റെയും മനക്കരുത്തും പോലീസിന്റെയും നാട്ടുകാരുടെയും സഹകരണവും കൊണ്ടു മാത്രമാണ് ആ കുഞ്ഞുഹൃദയം കൃത്യസമയത്ത് ശ്രീചിത്രയില്‍ എത്തിയത്. പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ദൗത്യമായിരുന്നു ഇത്. ഖജനാവിലെ പണമെടുത്ത് വാടക നല്‍കുന്ന ഹെലികോപ്റ്റര്‍ ആര്‍ക്കുവേണ്ടിയാണ് പറക്കുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
നാലുപേരിലേക്കു ജീവനായി പടര്‍ന്ന ആ പിഞ്ചുമാലാഖയെ നെഞ്ചോടടക്കിപ്പിടിച്ചപോലെയായിരുന്നു ജയനീഷിന്റെ ആംബുലന്‍സ് യാത്ര. കൊച്ചിമുതല്‍ തിരുവനന്തപുരംവരെ 3.19 മണിക്കൂറിനുള്ളില്‍ വിമാനവേഗത്തിലുള്ള ആ യാത്ര ശ്രീചിത്ര ആശുപത്രിയില്‍ അവസാനിക്കുമ്പോഴും അയാളുടെ മനസ്സില്‍ പ്രാര്‍ഥനയായിരുന്നു. ഒരു തടസ്സവുമില്ലാതെ അതിവേഗം തലസ്ഥാനത്തെത്തിച്ചതിന് ദൈവത്തിനു നന്ദി. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ പുഞ്ചിരി മുഖത്തുണ്ടെങ്കിലും, നെടുവീര്‍പ്പോടെ ആലിന്‍ ഷെറിന് ആത്മശാന്തി നേര്‍ന്നു. യാത്രയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഓരോ ജങ്ഷനുകളിലും ജനങ്ങളും ആംബുലന്‍സിനു നീങ്ങാന്‍ സൗകര്യമൊരുക്കി. ഇങ്ങനെ, ജനങ്ങളും പോലീസും നന്നായി സഹകരിച്ചതിനാല്‍ 227 കിലോമീറ്റര്‍ യാത്ര പത്തരയോടെ അവസാനിച്ചു.
'എന്തായാലും ഇവിടെയെത്തിയല്ലോ. ഇനിയെല്ലാം ശരിയായി നടക്കട്ടെ' -ദൗത്യം വിജയകരമായതിനെക്കുറിച്ച് മാള സ്വദേശിയായ ജയനീഷ് പറഞ്ഞു. കൊച്ചി-തിരുവനന്തപുരം ചരിത്രയാത്രയില്‍ ആംബുലന്‍സ് ഡ്രൈവറും കിളിമാനൂര്‍ സ്വദേശിയുമായ ശരത് ദാസും ഒപ്പമുണ്ടായിരുന്നു. അവയവദാനത്തിനായുള്ള അവരുടെ യാത്ര ഇതാദ്യമല്ല. ഇതുവരെ അമൃതയിലേക്ക് അവയവങ്ങള്‍ എത്തിച്ചിട്ടേയുള്ളൂ. അവിടെനിന്ന് ഇവിടേക്കു കൊണ്ടുവരുന്നത് ഇതാദ്യം. ആശുപത്രിക്കാര്‍ വിവരം പറഞ്ഞപ്പോള്‍ കുട്ടികളുടെ കാര്യമല്ലേയെന്നു കരുതി പിന്നീടൊന്നും ചിന്തിച്ചില്ല. ആലിന്റെ അവയവങ്ങള്‍ എത്തിക്കാനുള്ള ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തെന്ന് ജയനീഷ് പറഞ്ഞു. റോഡുപണി നടക്കുന്നതിനാല്‍ സ്വാഭാവികമായി ചില ബുദ്ധിമുട്ടുകള്‍ വന്നെങ്കിലും കാര്യമായി തടസ്സങ്ങളുണ്ടായില്ല. വേഗത്തില്‍ മുന്നോട്ടുനീങ്ങാന്‍ പോലീസുകാര്‍ വഴിയൊരുക്കി.
ഇതിനിടെയാണ് ഹെലികോപ്ടറില്‍ ദുരൂഹത തുടരുന്നത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്നു മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന അറിവുമാത്രമാണ് തങ്ങള്‍ക്കുള്ളതെന്നാണു മറുപടി. മറ്റു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങളെല്ലാം സമ്പൂര്‍ണ രഹസ്യമെന്നായിരുന്നു പ്രതികരണം. കരാര്‍ സംബന്ധിച്ചു നേരത്തേ സര്‍ക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചു പോലും മിണ്ടാട്ടമില്ല. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം കൊണ്ടുപോകാന്‍ എത്ര തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന ചോദ്യത്തിനും മറുപടിയില്ല. കരാര്‍ അനുസരിച്ച് ഹെലികോപ്റ്ററിന്റെ വാടക നിര്‍ണയവും സേവനവും എങ്ങനെ? സംസ്ഥാനത്തിനു പുറത്തേക്കു ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ചിട്ടുണ്ടോ? മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും എത്ര തവണ യാത്ര ചെയ്തിട്ടുണ്ട്? എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
ഇത്തരം കാര്യങ്ങള്‍ രഹസ്യ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നവയാണെന്നും വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആയിരുന്നു മറുപടി. എന്നാല്‍ അവയവം കൊണ്ടുപോകാന്‍ 5 വര്‍ഷത്തിനിടെ 6 തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അവയവദാനത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കെ-സോട്ടോയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 80 ലക്ഷം വാടകയ്ക്കു മാസം 25 മണിക്കൂര്‍ പറക്കാനാണു ചിപ്‌സന്‍ കമ്പനിയുമായുള്ള കരാറെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ട്.
