പിണറായി വിജയനെ രാജ്ഭവനില്‍ ഒരുമിച്ചു നടക്കാന്‍ ക്ഷണിച്ചു; പിന്നാലെ വിഎസിനെ വീട്ടിലെത്തി കണ്ടു; മാതൃകാ ജീവിതം നയിച്ച വിഎസിനെ കണ്ടത് ഭാഗ്യമായി കരുതുന്നു; കോളെജ് തൊട്ടേ കേട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍; സൗഹൃദ വഴിയില്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കളംപിടിക്കുമ്പോള്‍
പിണറായി വിജയനെ രാജ്ഭവനില്‍ ഒരുമിച്ചു നടക്കാന്‍ ക്ഷണിച്ചു
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യത്യസ്ത വഴികകളില്‍ കളം പിടിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെയും സന്ദര്‍ശിച്ചു കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തിരുവനന്തപുരത്തെ വസതിയിലെത്തിയായിരുന്നു സന്ദര്‍ശനം. കോളജ് പഠനകാലം മുതല്‍ വിഎസിനെക്കുറിച്ചു കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
''ഗവര്‍ണറായി എത്തിയപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെയും കുടുംബത്തെയും കാണാന്‍ സാധിച്ചു. അതു ഭാഗ്യമായി കരുതുന്നു. അനാരോഗ്യം ഉള്ളതിനാല്‍ വിഎസിനു സംസാരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു. അദ്ദേഹം ആരോഗ്യവാനായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തെ കാണണമെന്ന് നേരത്തേ മുതല്‍ ആഗ്രഹിച്ചിരുന്നു.'' അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പാസാക്കിയ യുജിസി ബില്ലിനെക്കുറിച്ചുള്ള ചോദ്യത്തോടും ഗവര്‍ണര്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ അവസരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.''എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ ഒരു സംവിധാനത്തില്‍ എത്തും. ഇതു കരട് ബില്‍ ആണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പരിശോധിച്ച് ഒരു അന്തിമ ബില്ലില്‍ അവരെത്തും.'' അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിക്കുകയാണ് ആര്‍ലേക്കര്‍ ചെയ്തത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ചു നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.
ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് മുഖ്യമന്ത്രി ഭാര്യയ്ക്കൊപ്പം രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനായി എത്തിയത്. ഇരുവരും പരസ്പരം ഉപഹാരങ്ങള്‍ കൈമാറി. അതിനിടെ, രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചിരിയിലൊതുക്കി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നില്ല. റിപ്പബ്ലിക് ദിനാഘോഷത്തില്‍ തിരുവനന്തപുരത്ത് ഗവര്‍ണറാണ് പരേഡ് സ്വീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ അറ്റ് ഹോം സത്കാര പരിപാടി ഗവര്‍ണര്‍ നടത്തുന്നുമുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.