കിഫ്ബിയിലെ വായ്പാ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വക ടോള്‍ നീക്കം! 50 കോടിയിലേറെ മുതല്‍ മുടക്കുള്ള കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തും; നിയമ നിര്‍മ്മാണത്തിന് അനുമതി നല്‍കി മന്ത്രിസഭ; ടോളിനെ എതിര്‍ത്തു സമരം ചെയ്ത ആ കാലവും മറക്കാന്‍ ഒരുങ്ങി സിപിഎം; പാര്‍ട്ടി നിലപാട് മാറ്റിയെന്ന് ന്യായീകരണം

കിഫ്ബിയിലെ വായ്പാ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വക ടോള്‍ നീക്കം!

Update: 2025-02-03 04:57 GMT

തിരുവനന്തപുരം: ഒരുകാലത്ത് ദേശീയപാതകളില്‍ ടോള്‍ പിരിവു നടത്തുന്നതിന് എതിരെ നിരവധി സമരങ്ങള്‍ നയിച്ച പ്രസ്ഥാനമാണ് സിപിഎം. റോഡുകള്‍ സ്വകാര്യ വന്‍കിട മുതലാളിമാര്‍ക്ക് തീറെഴുതുന്നു എന്ന മുദ്രാവാക്യമായിരുന്നു അക്കാലത്ത് പാര്‍ട്ടി മുഴക്കിയത്. എന്നാല്‍ കാലം മാറിയതോടെ പതിവുപോലെ സിപിഎം നിലപാട് മാറ്റി. ടോളിന് പാര്‍ട്ടി എതിരല്ലെന്ന നിലപാട് സ്വീകരിച്ചു. ഇപ്പോഴിതാ കിഫ്ബിക്ക് വേണ്ടി പ്രത്യേകം ടോള്‍ പിരിക്കാന്‍ ഇറങ്ങിത്തിരിക്കയാണ് സിപിഎം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍. കിബ്ഫിയിലെ വായ്പാ പ്രതിസന്ധിയെ മറികടക്കാന്‍ വേണ്ടിയാണ് ഈ തീരമാനം.

കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം നിയമം കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ മാത്രമാണ് ടോള്‍ ഈടാക്കുക. ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭയുടെ അനുമതി നല്‍കി കഴിഞ്ഞു. വായ്പ എടുക്കുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര വിഹിതത്തില്‍ അടക്കം ഉണ്ടായ കുറവ് മറികടന്ന് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമില്ലാതെ മുന്നോട്ടു പോകാന്‍ അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്-ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. വായ്പ പരിധി വെട്ടികുറച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് ദേശീയ ഹൈവേ അതോററ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോള്‍ പിരിക്കാനൊങ്ങുന്നത്.

ദേശീയ പാതകളില്‍ എത്ര ദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നല്‍കണം. എന്നാല്‍ കിഫ്ബി റോഡുകളില്‍ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോള്‍ നല്‍കിയാല്‍ മതി. തദ്ദേശ വാസികള്‍ക്ക് ടോള്‍ ഉണ്ടാകില്ല. ടോള്‍ പിരിക്കാനായി നിയമ നിര്‍മാണത്തിന് മന്ത്രിസഭാ തീരുമാനിച്ചെങ്കിലും വിവാദം ഉറപ്പാണെന്നതു കൊണ്ട് തന്നെ ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കയാണ്.

ടോള്‍ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യത കൂട്ടുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതു പോലെ കടമെടെക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവിന് വരുമാനമുണ്ടായിരുന്നു മറുപടി. ദേശീയ പാത അതോറിറ്റിയുടെ ടോള്‍ വരുമാനമടക്കം കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹച്യത്തിലാണ് കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം.

കിഫ്ബി കടം അധിക ബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ക്കും കേന്ദ്ര നിലപാടുകള്‍ക്കും പിന്നാലെ പദ്ധതികള്‍ക്ക് വായ്പ കിട്ടാത്ത പ്രശ്‌നം മറികടക്കാന്‍ കൂടിയാണ് ടോള്‍ വഴി തേടുന്നത്. ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഫ്ബി അധികൃതര്‍ പറഞ്ഞു. ഇന്ധന സെസും മോട്ടര്‍ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോള്‍ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്.

ആദ്യം ടോളിനെ എതിര്‍ത്ത സിപിഎം നിലപാട് മാറ്റിയതിനാല്‍ നയപ്രശ്‌നമില്ലെന്ന വിലയിരുത്തലിലാണ് നീക്കം. ഈ വിഷയം മുന്നണിയിലും ചര്‍ച്ച ചെയ്ത ശേഷമേ നിയമസഭയില്‍ എത്തുകയുള്ളൂ എന്നാണ് കരുതുന്നത്. കേരളത്തിന്റെ ഇന്നത്തെ വികസനത്തില്‍ നിര്‍ണായക പങ്കുള്ള സ്ഥാപനമാണ് കിഫ്ബിയെന്ന് സര്‍ക്കാര്‍ ആണയിട്ടു പറയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതിയായി കിഫ്ബിയെ മാറ്റിയെന്നാണ് അവകാശവാദം. 223 റോഡുകള്‍, 91 പാലങ്ങള്‍, 57 റെയില്‍വേ മേല്‍പ്പാലങ്ങള്‍, 15 ഫ്ളൈ ഓവറുകള്‍, ഒരു അടിപ്പാത എന്നിവ 18,445 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചത് കിഫ്ബി വഴിയാണ്.

ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലമായ 1999ലാണ് കിഫ്ബി രൂപം കൊണ്ടത്. 7 വര്‍ഷത്തോളം സജീവമല്ലാതിരുന്ന കിഫ്ബിക്ക് ജീവന്‍ വച്ചതാകട്ടെ, 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാണ്. അന്നു ധനമന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കും ധനസെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാമും ചേര്‍ന്ന്, സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യവര്‍ഷം തന്നെ കിഫ്ബി പുതുക്കിപ്പണിയാനായി നിയമം പൊളിച്ചെഴുതി. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസാക്കി.

50,000 കോടിയുടെ പദ്ധതികളായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോള്‍ അതും മറികടന്ന് 86,000 കോടിയുടെ പദ്ധതികളാണു കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. 2016 മുതല്‍ ഇതുവരെ ബജറ്റില്‍ കിഫ്ബിയുടെ പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ മൂല്യമാകട്ടെ ഒന്നര ലക്ഷം കോടിയിലേറെയാണ്. സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും കടമെടുക്കുന്ന പണവും നിത്യച്ചെലവിനേ തികയൂ എന്ന അവസ്ഥയ്ക്കു പരിഹാരമായി സര്‍ക്കാര്‍ കണ്ട മാര്‍ഗമായിരുന്നു കിഫ്ബി.

മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം മാത്രമേ സര്‍ക്കാരിനു പൊതുവിപണിയില്‍നിന്നു കടമെടുക്കാനാകൂ. അതിനാല്‍, കിഫ്ബിയെക്കൊണ്ടു പരമാവധി തുക വായ്പയെടുപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനു പുറമേ സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന റോഡ് നികുതിയുടെ പകുതിയും ഇന്ധന സെസും കിഫ്ബിയുടെ വരുമാന മാര്‍ഗങ്ങളാക്കി. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരമുള്ള ആധുനിക ധന സ്രോതസ്സുകളെ ലക്ഷ്യമിട്ടായിരുന്നു കിഫ്ബിയെ കളത്തിലിറക്കിയത്.

2018ല്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ നിരീക്ഷണങ്ങളാണ് കിഫ്ബിക്ക് ആദ്യത്തെ തിരിച്ചടി സമ്മാനിച്ചത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ സര്‍ക്കാരിന്റെ കടമായിട്ടേ കിഫ്ബി എടുക്കുന്ന വായ്പകളെ കാണാന്‍ കഴിയൂ എന്നും സിഎജി ചൂണ്ടിക്കാട്ടിയപ്പോള്‍ പല്ലും നഖവും കൊണ്ട് എതിര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. സിഎജിയുമായി പരസ്യ പോരിനിറങ്ങിയ തോമസ് ഐസക് വിഷയം നിയമസഭയിലെത്തിക്കുകയും കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്നു നീക്കുകയും ചെയ്തു. എങ്കിലും സിഎജി റിപ്പോര്‍ട്ട് കേന്ദ്രം എടുത്തു പ്രയോഗിച്ചു. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍നിന്നു 4 വര്‍ഷത്തേക്ക് 24,000 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ ടോള്‍ വഴി സര്‍ക്കാര്‍ തേടുന്നത്.

Tags:    

Similar News