രണ്ട് എംപിമാര്‍ക്ക് 45 ലക്ഷത്തോളം രൂപയുടെ 'സമ്മാനപ്പൊതി'; അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിച്ച അനന്തു പൊളിറ്റിക്കല്‍ ഫണ്ടര്‍; നേതാക്കളുടെ പേരുവിവരങ്ങള്‍ മറച്ചുവച്ച് പൊലീസ്; പാതിവില തട്ടിപ്പില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനും അനന്തകുമാറും പ്രതികള്‍; പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു

പാതിവില തട്ടിപ്പില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനും അനന്തകുമാറും പ്രതികള്‍

Update: 2025-02-09 10:34 GMT

മലപ്പുറം : പാതിവില തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനും പ്രതി. പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.എന്‍ രാമചന്ദ്രന്‍ മൂന്നാം പ്രതിയാണ്. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനാണ് ആനന്ദ കുമാര്‍. വലമ്പൂര്‍ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ ഇരുപത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.

എന്‍ജിഒ ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് ജ. സി എന്‍ രാമചന്ദ്രന്‍ നായരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നിന്ന് രണ്ട് കോടി സായി ഗ്രാമം ഗോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് നല്‍കിയെന്ന് അനന്തു നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും അനന്തു ആവര്‍ത്തിച്ചു. രാഷ്ട്രീയക്കാര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആര്‍ക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ആനന്ദകുമാറിന് പണം നല്‍കിയെന്നത് വ്യക്തമായെന്നും അന്വേഷണസംഘം അറിയിച്ചു.

അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തു കൈമാറിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തു 25 ലക്ഷം രൂപയിലേറെ നല്‍കിയെന്നും രേഖയുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായി കണ്ടെത്തി. തട്ടിപ്പ് പണം പിരിക്കാന്‍ നിന്ന ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്ക്ക് എടുത്ത് നല്‍കി. ഇവരുടെ താമസം സൗജന്യമായിരുന്നു. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അനന്തുവിനെതിരെ കണ്ണൂരിലെ പരാതികള്‍ മാത്രം 2500ന് മുകളിലാണ്. വയനാട്ടില്‍ വിവിധ പരാതികളിലായി 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ് ഒരു വായനശാല കേന്ദ്രീകരിച്ചും ഇയാള്‍ പണം വാങ്ങിയതായി വിവരം പുറത്തുവന്നു. കാസര്‍ഗോട്ടെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

'പൊളിറ്റിക്കല്‍ ഫണ്ടര്‍'

പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അന്‍പതോളം രാഷ്ട്രീയക്കാരുടെ 'പൊളിറ്റിക്കല്‍ ഫണ്ടര്‍' ആണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നല്‍കി. മുന്‍നിര പാര്‍ട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാല്‍ പണം വാങ്ങിയവരുടെ പട്ടിക പൊലീസ് പുറത്തുവിട്ടിട്ടില്ല. അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ തെളിവെടുപ്പിലാണ് പണമിടപാടു രേഖകള്‍ ലഭിച്ചത്. ആര്‍ക്കെല്ലാം എപ്പോഴെല്ലാം എത്ര വീതം പണം കൊടുത്തുവെന്നതിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിച്ചിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപ വീതം നല്‍കിയതായും മൊഴിയുണ്ട്.

ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കിയതിന്റെ രേഖകളും അനന്തു പൊലീസിനു കൈമാറി. കൃത്യമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പണം വാങ്ങിയവരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ആര്‍ക്കെല്ലാമാണു തട്ടിപ്പില്‍ നേരിട്ടു പങ്കാളിത്തമുള്ളതെന്നും പരിശോധിക്കണം. തട്ടിപ്പാണെന്നു മനസ്സിലാക്കിത്തന്നെ അനന്തുവിനെ സഹായിച്ച നേതാക്കളെയും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക വഞ്ചനാക്കുറ്റങ്ങളില്‍ പ്രതിചേര്‍ക്കാന്‍ തട്ടിപ്പിലെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), സെന്‍ട്രല്‍ ഇക്കണോമിക് ഇന്റജിലന്‍സ് ബ്യൂറോയും ആദായനികുതി വിഭാഗവും പരിശോധിക്കുന്നുണ്ട്.

അനന്തു കൃഷ്ണന്‍ 800 കോടി രൂപയെങ്കിലും തട്ടിച്ചതായാണു പൊലീസിന്റെ പ്രാഥമിക അനുമാനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പു നടത്തി. പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും സ്‌കൂട്ടറും നല്‍കുമെന്നു വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അനന്തു കൃഷ്ണനെ ജന്മനാട്ടില്‍ എത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ പൊലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് അനന്തു കൃഷ്ണനെ എറണാകുളത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ എത്തിച്ച് തെളിവെടുത്തതിനു ശേഷമാണ് കോളപ്രയിലും ശങ്കരപ്പിള്ളിയിലും ഏഴുംമൈലിലും എത്തിച്ചത്. അനന്തുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ഏഴാംമൈലില്‍ ഇയാളെ എത്തിച്ചെങ്കിലും വാഹനത്തില്‍ നിന്ന് അനന്തു കൃഷ്ണനെ പുറത്തിറക്കിയില്ല. ഏഴാംമൈലിലും കോളപ്രയിലുമുള്ള അനന്തുവിന്റെ ഓഫിസിലും എത്തി തെളിവെടുപ്പ് നടത്തി. കോളപ്ര, ഏഴാംമൈല്‍, കുടയത്തൂര്‍ ഭാഗങ്ങളില്‍ വാങ്ങിയതും അഡ്വാന്‍സ് കൊടുത്തതുമായ സ്ഥലങ്ങള്‍ അനന്തു കൃഷ്ണന്‍ പൊലീസിനു കാണിച്ചു കൊടുത്തു.

Tags:    

Similar News