'ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുള്ളൂ; അത് സാധ്യമല്ലെങ്കില്‍ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നത്; ഇത് മറന്നാണ് ചിലര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത്'; ശ്രദ്ധേയമായി കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍
'ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുള്ളൂ
കൊച്ചി: മതഗ്രന്ഥം ചൂണ്ടിക്കാട്ടി വിവാഹ കാര്യത്തില്‍ പരാമര്‍ശവുമായി കേരളാ ഹൈക്കോടതി. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ടാണ് കേരളാ ഹൈക്കോടതി പരാമര്‍ശനങ്ങള്‍ നടത്തിയത്. ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുള്ളൂവെന്ന് ഹൈക്കോടതി. തുല്യനീതി സാധ്യമല്ലെങ്കില്‍ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേര്‍ക്കും ഒരു ഭാര്യയേയുള്ളൂ. നീതി ഉറപ്പുവരുത്തണമെന്ന ഉദ്‌ഘോഷമാണ് ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ഥ ആത്മാവ്. ഇത് മറന്നാണ് ചിലര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത്. സമൂഹവും മതനേതൃത്വവും ഇവരെ ബോധവത്കരിക്കണം - സിംഗിള്‍ ബെഞ്ച് പറഞ്ഞു.
രണ്ടാംഭാര്യക്ക് ജീവനാംശം നല്‍കാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന കാഴ്ചപരിമിതിയുള്ള വ്യക്തിക്ക് മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ സര്‍ക്കാര്‍ കൗണ്‍സലിങ് നല്‍കണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
പാലക്കാട് സ്വദേശിയായ അന്‍പതുകാരന്‍ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം. തന്നെ തലാഖ് ചെല്ലി മൂന്നാമതും വിവാഹംകഴിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് രണ്ടാംഭാര്യ കുടുംബകോടതിയെ സമീപിച്ചത്.
ഭിക്ഷാടനത്തിലൂടെ മാസം 25,000 രൂപയോളം വരുമാനമുണ്ടെന്നും 10,000 രൂപ ജീവനാംശം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവ് കാഴ്ചപരിമിതിയുള്ള യാചകനാണെന്നത് കണക്കിലെടുത്ത് കുടുംബകോടതി ആവശ്യം നിഷേധിച്ചു. ജീവനാംശം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്താക്കി.
മുസ്ലിം വിവാഹ പ്രായം സംബന്ധിച്ച സുപ്രീംകോടതി അടുത്തിടെ പുറത്തുവന്നിരുന്നു. 15 വയസ് പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരുന്നു. 16 വയസുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസുകാരന്റെയും വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മിഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കൊണ്ടുള്ള വിധി രാജ്യം മുഴുവന്‍ ചര്‍ച്ചയാകുകയും ചെയ്തു.
2022 ലാണ് പഞ്ചാബ്-ഹരിയാന കോടതി വിധിയുണ്ടായത്. പതിനഞ്ച് വയസോ അല്ലെങ്കില്‍ ഋതുമതിയോ ആയ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. പ്രമുഖ ഇസ്ലാമത ഗ്രന്ഥമായ സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ല എഴുതിയ മുഹമ്മദന്‍ നിയമത്തിലെ തത്വങ്ങളുടെ 195-ാം ആര്‍ട്ടിക്കിള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വിധിക്കെതിരെയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി വിധിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോ ആശങ്ക പ്രകടിപ്പിച്ചു. വിധി 'അപകടകരമാണ്' എന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.