പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി; ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി; ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്കും ഉത്തരവ്; കോടതിയില്‍ നിന്നും പണി കിട്ടിയത് തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന്

പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി

Update: 2025-08-12 01:33 GMT

കൊച്ചി: വാദത്തിനിടെ, ജഡ്ജിക്കെതിരെ പരാതി നല്‍കിയെന്ന് ഭീഷണിപ്പെടുത്തിയ കക്ഷിക്ക് 50,000 രൂപ രൂപ പിഴ ചുമത്തി കേരളാ ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിനാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പിഴ ചുമത്തിയത്. ഒരു മാസത്തിനകം ഹൈക്കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ തുക അടയ്ക്കണം. അല്ലാത്തപക്ഷം റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിക്കാരന്റെ കേസ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കക്ഷി ഭീ,ണി മുഴക്കിയത്. ഹര്‍ജിക്കാരന്‍ നേരിട്ടായിരുന്നു കേസ് വാദിച്ചത്. മുമ്പ് ഒരു കേസില്‍ ഇതേ ബെഞ്ച് തനിക്ക് പിഴയിട്ടതാണെന്നും ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കും കോടതി രജിസ്ട്രാര്‍ ജനറലിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇൗ ബെഞ്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് ഒഴിവാകണമെന്നും ആവശ്യപ്പെട്ടു. ഇതേ ബെഞ്ച് മുമ്പാകെ, നേരത്തേ മറ്റൊരു കേസില്‍ ഹാജരായപ്പോഴും ഹര്‍ജിക്കാരന്‍ ഇതേവാദം ഉന്നയിച്ചത് കോടതി ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യത്തിന് തുല്യമായ നടപടിയാണെങ്കിലും ഹര്‍ജിക്കാരന്‍ നേരിട്ടാണ് വാദം നടത്തുന്നതെന്നതടക്കം പരിഗണിച്ച് കോടതി പിഴ ചുമത്താതെ അന്ന് ഹര്‍ജി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് തയ്യാറാക്കിയ റോസ്റ്റര്‍ പ്രകാരം കേസ് കേള്‍ക്കുന്ന ജഡ്ജിയോട് ഒഴിവാകാന്‍ നിര്‍ദേശിക്കാന്‍ വ്യവഹാരിക്ക് കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ ഇത് ആവര്‍ത്തിച്ചാല്‍ നിയമപ്രകാരം നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് അന്ന് മുന്നറിയിപ്പും നല്‍കി.

ഇതിനുശേഷമാണ് പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ, ഈ ബെഞ്ച് കേസ് കേള്‍ക്കരുതെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. നേരത്തേ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചും ഇതേ വ്യക്തി അനാവശ്യ ഹര്‍ജികളുമായെത്തി കോടതിനടപടികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചെലവ് സഹിതം തള്ളിക്കളഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജഡ്ജിക്കെതിരെ പരാതി നല്‍കിയെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഇത്തരം ഭീഷണികളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ജഡ്ജിയെയല്ല, കോടതിയെയാണ് ഹര്‍ജിക്കാരന്‍ ഭീഷണിപ്പെടുത്തുന്നത്. കോടതിയെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിഴ ചുമത്തിയുള്ള ഉത്തരവില്‍ വ്യക്തമാക്കി.

Tags:    

Similar News