ആ മുഖത്തേക്ക് ഒന്ന് നോക്കൂ..എന്തൊരു ചൈതന്യം..!! ഭാരതപ്പുഴയുടെ തീരത്ത് ഭക്തരുടെ മനസ്സിനെ ഏകമാക്കി 'കേരള കുംഭമേള'; ഒത്തുകൂടിയ ജനലക്ഷങ്ങൾക്കിടയിൽ അതാ..നല്ല പരിചയമുള്ളൊരു മുഖം; പുണ്യകർമ്മങ്ങളിൽ പങ്കെടുത്ത് നിഖില വിമലിന്റെ സഹോദരി; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

Update: 2026-02-04 09:38 GMT

തിരുനാവായ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയിൽ സന്യാസിനി അവന്തിക ഭാരതി ശ്രദ്ധാകേന്ദ്രമായി. പ്രശസ്ത ചലച്ചിത്രതാരം നിഖില വിമലിന്റെ സഹോദരി അഖിലയാണ് ആത്മീയ ജീവിതം സ്വീകരിച്ച് അവന്തിക ഭാരതി എന്ന പേരിൽ പുണ്യകർമ്മങ്ങളിൽ പങ്കാളിയായത്. ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം അവന്തിക ഭാരതിയും നേതൃത്വം നൽകി.

ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അവരെ കണ്ട് ആരാധകരും ഭക്തരും ഒരുപോലെ അദ്ഭുതപ്പെട്ടു. "എന്തൊരു തേജസ്, എന്തൊരു ഐശ്വര്യം" എന്നാണ് തിരുനാവായയിൽ അവരെ നേരിൽ കണ്ടവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ബ്ലോഗർ നിസാരി മേനോനും ഈ അഭിപ്രായം പങ്കുവെച്ചു.

അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപും വലിയ ചർച്ചകൾ നടന്നിരുന്നു. തന്റെ ശിഷ്യ അഖില, സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് നിഖില വിമൽ പക്വമായ നിലപാടാണ് സ്വീകരിച്ചത്. 36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അവർ പറഞ്ഞു. പിതാവ് ഒരു നക്സലൈറ്റ് ആയിരുന്നതിനാൽ തങ്ങളുടേത് ഒരു സാധാരണ കുടുംബമല്ലെന്നും, ഒരു നക്സലൈറ്റിന്റെ മകൾ സന്യാസിയായതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അസാധാരണമല്ലെന്നും നിഖില സൂചിപ്പിച്ചു.

Tags:    

Similar News