വടക്കൻ കേരളത്തിൽ തകർത്ത് പെയ്ത് പേമാരി; രണ്ട് ഇടത്ത് 350 മില്ലി മീറ്ററിലധികം പെയ്തു; തീവ്ര മഴ തുടരും; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തിറങ്ങിയ മഴ കണക്ക് പുറത്തുവിട്ടു

Update: 2024-12-03 08:54 GMT

കാസർകോട്: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. കൂടുതലും വടക്കൻ കേരളത്തിലാണ് അതിതീവ്ര മഴ ലഭിച്ചത്. ഇപ്പോഴിതാ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പെയ്ത മഴയുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.

വിവിധയിടങ്ങളിൽ പേമേരി പെയ്തിറങ്ങിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ തീവ്ര മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

2 ഇടത്ത് 350 മില്ലി മീറ്ററിലധികവും 71 ഇടത്ത് 100 മില്ലി മീറ്ററിലധികവുമാണ് മഴ പെയ്തിരിക്കുന്നത്. മഞ്ചേശ്വരത്തും ഉപ്പളയിലുമാണ് 24 മണിക്കൂറിൽ 350 മില്ലി മീറ്ററിലധികം മഴ ലഭിച്ചത്. 378.2 മി.മീ മഴ ലഭിച്ച മഞ്ചേശ്വരമാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ഉപ്പളയിലാകട്ടെ 358 മി.മീ മഴയാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ ഇന്ന് രാവിലെ വരെയുള്ള സമയത്തിനിടയിലാണ് ഇതിൽ ഭൂരിഭാഗം മഴയും പെയ്തിറിങ്ങിയത്.

അതേസമയം, വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്. ഇതനുസരിച്ച് കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും അറിയിപ്പുണ്ട്.

Tags:    

Similar News