ഷിജോയുടെ ആത്മഹൂതിയോടെ സര്‍ക്കാറിന്റെ പൊടിക്കൈകള്‍ വീണ്ടും! ഫയല്‍ സ്തംഭന ആരോപണം മറികടക്കാന്‍ അടിയന്തരമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം; പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കിലും ഫയല്‍ ക്ലോസ് ചെയ്യും; ഭരണത്തിലെ കെടുകാര്യസ്ഥതാ ആരോപണം പ്രതിപക്ഷം ആയുധമാക്കി ആഞ്ഞടിക്കാന്‍ ഒരുങ്ങവേ മുന്‍കരുതലുമായി സര്‍ക്കാര്‍
ഷിജോയുടെ ആത്മഹൂതിയോടെ സര്‍ക്കാറിന്റെ പൊടിക്കൈകള്‍ വീണ്ടും!
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവനുകളാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നിട്ടും, ഫയല്‍ നീക്കം എന്നത് പഴയപടി തന്നെയാണ് നടക്കുന്നത്. ഫയല്‍ നീക്കം നിലച്ചതു കൊണ്ട് ജീവന്‍ പൊലിയുന്ന ആളുകളും പിന്നീടുണ്ടായി. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹണമാണ് അധ്യാപികയായ ഭാര്യയുടെ ശമ്പള കുടിശ്ശിക ലഭിക്കാന്‍ വൈകിയതു കൊണ്ട് ഭര്‍ത്താവായ ഷിജോ ആത്മഹത്യ ചെയ്ത സംഭവം. ഈ സംഭവം സംസ്ഥാന സര്‍ക്കാറിന്റെ ഭരണക്ഷമതയെ കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന ആരോപണം മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍ കൂടി ഉന്നയിച്ചതോടെ പ്രതിക്കൂട്ടിലായി സര്‍ക്കാര്‍.
വ്യാപകമായ പരാതിയെത്തുടര്‍ന്ന് രണ്ടുമാസത്തെ ഫയല്‍ അദാലത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ചെങ്കിലും അതും ഫലപ്രദമായിട്ടില്ല. വിഷയം പ്രതിപക്ഷം ഏറ്റെടുക്കാന്‍ ഒരുങ്ങിയതോടെ 31 നു മുന്‍പ് അടിയന്തരമായി ഫയലുകള്‍ തീര്‍ക്കാര്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന അവസ്ഥ മാറ്റാന്‍ വേണ്ടി പരിഹാരം ഉണ്ടായില്ലെങ്കിലും ഫയല്‍ ക്ലോസ് ചെയ്യുന്ന വിധത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.
ജി.സുധാകരന്റെ ആരോപണത്തിന് മറുപടി നല്‍കി വിഷയം വീണ്ടും വഷളാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. അതിനുപകരം എത്രയും പെട്ടെന്ന് ഫയല്‍ അദാലത്ത് പൂര്‍ത്തിയാക്കി കണക്കുകള്‍ നിരത്താനാണ് വിവിധ വകുപ്പുകള്‍ക്കു കൊടുത്തിട്ടുള്ള നിര്‍ദ്ദേശം. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട ആരോപണം മുഖ്യമന്ത്രിയെ നേരിട്ടു ബാധിക്കുന്നതാണെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. ഫയല്‍ സ്തംഭനം ഗൗരവമായി ഏറ്റെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഫയല്‍ അദാലത്തില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ് 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പില്‍ 46.30 ശതമാനവും ധനകാര്യ വകുപ്പില്‍ 42.72 ശതമാനവും നിയമ വകുപ്പില്‍ 42.03 ശതമാനവും പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിറ്റികളിലും 2025 മേയ് 31 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഫയല്‍ അദാലത്ത് നടത്തുന്നത്.
സെക്രട്ടേറിയറ്റില്‍ ഇതുവരെ 22.ശതമാനം ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളില്‍ 20. 55 ശതമാനം ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 41.74 ശതമാനം ഫയലുകളും തീര്‍പ്പാക്കി വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളില്‍ ഏറ്റവും കൂടതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയത് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തിലാണ് 77.27 ശതമാനം. സൈനിക ക്ഷേമം 73.24 ശതമാനവും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് 65.41 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി. റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 58.21 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.
അടിയന്തരമായി ഫയല്‍ അദാലത്ത് പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി ഓരോ സീറ്റിലേയും ഉദ്യോഗസ്ഥര്‍ ഓരോ ആഴ്ചയിലും തീര്‍പ്പാക്കേണ്ട ഫയലുകളുടെ എണ്ണം മുന്‍കൂട്ടി നിശ്ചയിക്കുകയും അത് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും ചെയ്യണം. പ്രധാനപ്പെട്ട പ്രോജക്ടുകള്‍/പോളിസികള്‍/സ്‌കീമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട മേജര്‍ ഫയലുകള്‍ (10 താഴെയുള്ള എണ്ണം) കണ്ടെത്തി പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അവ നടപ്പിലാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം.
എല്ലാ വകുപ്പുകളിലെയും നോഡല്‍ ഓഫീസര്‍മാര്‍ ഓരോ തലങ്ങളിലും നടത്തിയ ഫയല്‍ അദാലത്തുകളുടെ വിശദാംശങ്ങള്‍ സമയബന്ധിതമായി പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കാത്ത വകുപ്പുകള്‍ എത്രയും വേഗം ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു.