'കട തുറക്കാന്‍ ആരു പറഞ്ഞു? അടച്ചില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കും, കത്തിക്കും'; മുക്കം മാര്‍ക്കറ്റിലെ മീന്‍കടക്കാരനുനേരെ സിപിഎം നേതാവിന്റെ ഭീഷണി; പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച മാള്‍ ബലമായി അടപ്പിച്ച് സമരാനുകൂലികള്‍; ദേശീയ പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം
'കട തുറക്കാന്‍ ആരു പറഞ്ഞു? അടച്ചില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കും, കത്തിക്കും'
കോഴിക്കോട്: തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളും ഭീഷണിയും. കോഴിക്കോട് മുക്കം മാര്‍ക്കറ്റിലെ മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്.
അഖിലേന്ത്യാ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാന്‍ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികള്‍ എത്തിയത്. വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റി. മുക്കത്തെ മിനി സിവില്‍ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തില്‍ രാവിലെ പൂട്ടിയിരുന്നു.
പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച് മാളും സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലടക്കം സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു. പലയിടത്തും സമരാനുകൂലികളും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ചിലയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം സമരാനുകൂലികള്‍ തടസ്സപ്പെടുത്തി.
പത്തനാപുരത്ത് 'ഔഷധി' പൂട്ടിക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്ന അവശ്യ സര്‍വീസായ ഔഷധിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബലമായി പുറത്തിറക്കി. കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയിലേക്ക് എത്തിയ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ശ്രീകാന്തിനെ പണിമുടക്ക് ദിവസം സര്‍വീസ് നടത്തിയത് ചോദ്യം ചെയ്ത് സമരക്കാര്‍ മര്‍ദിച്ചതായി പരാതിയുണ്ട്.
കൊല്ലത്ത് പോസ്റ്റ്ഓഫീസ് ജീവനക്കാരെ സിഐടിയുക്കാര്‍ തടഞ്ഞു. ജീവനക്കാര്‍ എത്തിയെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ ഗേറ്റ് തുറക്കാന്‍ അനുവദിച്ചില്ല. പോലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടു. കെപിഎസ്ടിഎ, എച്ച്എസ്ടിഎ യൂണിയനുകളില്‍പ്പെട്ട 15 അദ്ധ്യാപകരാണ് ഹാജരായത്.
സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാര്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അധ്യാപകര്‍ ഇപ്പോഴും സ്‌കൂളില്‍ തന്നെ തുടരുകയാണ്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നടക്കുന്നില്ല. അതേസമയം, കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ ഇടത് നേതാക്കളാണ് അദ്ധ്യാപിക സിജിയെ ഓഫീസില്‍ പൂട്ടിയിട്ടത്.
പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികള്‍ വാക്കേറ്റം നടത്തി. പോലീസ് എത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അദ്ധ്യാപിക പറഞ്ഞു. അതിനിടെ അക്രമത്തെ ന്യായീകരിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രംഗത്തെത്തി. പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണം ഉണ്ടാകും.അതാണ് ചെറിയ തോതില്‍ കാണുന്നത്.നടക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പണി എടുക്കാന്‍ പാടില്ല. അഞ്ച് മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കേണ്ടത് മന്ത്രിക്കല്ല സിഎംഡി ക്കാണ്. ഇടതുപക്ഷ സര്‍ക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്. കൂടുതല്‍ വിവാദത്തിന് ഇല്ല.ഇത്തരം വിഷയങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.