പത്തു മാസം മുന്‍പ് നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ബൈക്കില്‍നിന്ന് വീണുപോയെന്ന് അധ്യാപകന്‍; വീണ്ടും പരീക്ഷ എഴുതണമെന്ന് കേരള സര്‍വകലാശാല; പ്രതിഷേധവുമായി എംബിഎ വിദ്യാര്‍ഥികള്‍; അധ്യാപകനെ ഡീബാര്‍ ചെയ്യും
ഉത്തരക്കടലാസുകള്‍ കാണാതായി; വീണ്ടും പരീക്ഷ; പ്രതിഷേധിച്ച് എംബിഎ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഏപ്രില്‍ ഏഴിനു പുനഃപരീക്ഷ നടത്തും. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാ നടത്തിപ്പില്‍നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തും. ഏപ്രില്‍ ഏഴിനു പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു സൗകര്യപ്രദമായ മറ്റൊരു ദിവസം പരീക്ഷ എഴുതാന്‍ അനുമതി നല്‍കും. മൂന്നു ദിവസത്തിനകം തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചു.
2024 മെയ് മാസത്തില്‍ പരീക്ഷ നടന്ന പ്രൊജക്റ്റ് ഫിനാന്‍സിന്റെ ഉത്തര പേപ്പറാണ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടമായത്. മൂല്യനിര്‍ണയത്തിനുശേഷം വരുന്ന വഴിക്ക് ഈ പേപ്പറുകള്‍ നഷ്ടമായ വിവരം അധ്യാപകന്‍ സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ അഞ്ച് കോളേജുകളിലെ 71 എംബിഎ വിദ്യാര്‍ഥികളാണ് ഇതുമൂലം പ്രതിസന്ധി നേരിടുന്നത്.
ഈ മാസം ഏഴിനാണ് പരീക്ഷ നടത്തുക. ഈ വിദ്യാര്‍ഥികളില്‍ നിന്ന് പരീക്ഷാ ഫീസ് ഈടാക്കില്ല. അസൗകര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 22ന് വീണ്ടും പരീക്ഷ നടത്തും. ഐസിഎം പൂജപ്പുര എന്ന സ്ഥാപനത്തിലെ ഗസ്റ്റ് ലക്ചററാണ് സംഭവത്തിന് കാരണക്കാരനായ അധ്യാപകന്‍. അദ്ദേഹത്തെ സര്‍വകലാശാലയുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ പരീക്ഷാ ജോലികളില്‍ നിന്നും ഡീബാര്‍ ചെയ്യും. സ്ഥാപനത്തിന്റെ മേലധികാരിയോട് ഗുരുതരമായ വീഴ്ച വരുത്തിയ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം അറിയിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അധ്യാപകനു പറ്റിയ വീഴ്ചയുടെ പേരില്‍ വീണ്ടും പരീക്ഷ എഴുതണമെന്നതില്‍ ശക്തമായ പ്രതിഷേധമാണു വിദ്യാര്‍ഥികള്‍ക്കുള്ളത്. ക്യാംപസ് സെലക്ഷന്‍ ഉള്‍പ്പെടെ ലഭിച്ചു പലരും ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ചിലര്‍ വിദേശത്താണുള്ളത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിവരം ഏറെ ദിവസങ്ങള്‍ മറച്ചുവച്ച സര്‍വകലാശാല ഒടുവില്‍ കുട്ടികളോടു വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം പുറത്തുവരുന്നത്.
പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ 'പ്രോജക്ട് ഫിനാന്‍സ്' വിഷയത്തിന്റെ ഉത്തരക്കടലാസ് ആണു നഷ്ടമായത്. അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ പാലക്കാട്ടുള്ള അധ്യാപകന്റെ പക്കല്‍നിന്നാണു നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍നിന്നു വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.
രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട എംബിഎ കോഴ്‌സിന്റെ പരീക്ഷാഫലം രണ്ടര വര്‍ഷമായിട്ടും പ്രഖ്യാപിച്ചിരുന്നില്ല. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞെങ്കിലും കാരണം വിശദീകരിക്കാന്‍ സര്‍വകലാശാല കൂട്ടാക്കിയിരുന്നില്ല. ഇതിനിടെയാണ് ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്. ഇതോടെയാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം പുറത്തായത്.