കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ; വിശദീകരണം തേടാതെയുള്ള നടപടിയെന്നും നിയമപരമായി നീങ്ങുമെന്നും കെ എസ് അനില്‍കുമാര്‍; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആര്‍ ബിന്ദു; ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; പിന്തുണയുമായി എസ്എഫ്‌ഐയും കെ എസ് യുവും
കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ
തിരുവനന്തപുരം: വിശദീകരണം തേടാതെയാണ് വൈസ് ചാന്‍സലര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും നിയമപരമായി നീങ്ങുമെന്നും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. സസ്‌പെന്‍ഷന്‍ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തില്‍ നിയമപരമായ കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചെയ്ത കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും. എന്താണ് ഇങ്ങനെയൊരു ഉത്തരവിനു പിന്നിലെന്ന് മനസ്സിലാകുന്നില്ല. പിന്നില്‍ രാഷ്ട്രീയമാണോ എന്നും അറിയില്ല.
ഗവര്‍ണറുടെ ഓഫിസില്‍നിന്നും ആരും വിളിച്ചിരുന്നില്ല. സ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന കാരണങ്ങള്‍ ശരിയല്ലെന്നും താന്‍ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. ഗവര്‍ണര്‍ വേദിയില്‍ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തല്‍ ശരിയല്ല. താന്‍ ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. അതേസമയം, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ സിന്‍ഡിക്കേറ്റും, മന്ത്രിമാരും, വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി. അന്വേഷണ വിധേയമായ സസ്‌പെന്‍ഷനു പകരം, അനില്‍കുമാര്‍ തെറ്റുകാരനല്ലെന്നു കണ്ടെത്തുന്നതു വരെയാണ് സസ്‌പെന്‍ഷന്റെ കാലാവധി.
താത്കാലിക വിസിയായ മോഹന്‍ കുന്നുമ്മലിന് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു പറഞ്ഞു. വിസിയുടേത് അമിതാധികാര പ്രയോഗമാണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ചട്ടലംഘനമാണ്. ആര്‍എസ്എസ് കൂറ് തെളിയിച്ചയാളാണ് വിസി. വേണ്ടി വന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ചാന്‍സലര്‍മാരുടെ കാവിവത്കരണ നയം അനുവദിക്കില്ല, ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ചാന്‍സലര്‍ ഇടപെട്ടു, കാവിവത്കരണത്തിനുള്ള ആസൂത്രിത നീക്കമാണിതെന്നും മന്ത്രി വിമര്‍ശിച്ചു.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു. രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരം സിന്‍ഡിക്കേറ്റിനാണ്. അത് ലംഘിച്ചു. വി സിയുടെ ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമാണ്. റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ റജിസ്ട്രാറായി തുടരും. അദ്ദേഹം നാളെ രാവിലെ പതിവ് പോലെ ജോലിക്ക് എത്തുമെന്നും സിന്‍ഡിക്കേറ്റ് അംഗം വ്യക്തമാക്കി.
സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ച ആര്‍എസ്എസ് ചിഹ്നങ്ങള്‍ നീക്കം ചെയ്യുകയെന്നത് റജിസ്ട്രാറുടെ ഉത്തരവാദിത്തമാണെന്ന് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ പറയുന്നു. സിന്‍ഡിക്കറ്റ് വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളില്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കാനിറങ്ങിയത് വൈസ്ചാന്‍സലറുടെ ചുമതലക്കാരന്റെ ഗുരുതര വീഴ്ചയാണ്. ചാര്‍ജുകാരന്‍ നയപരമായ കാര്യങ്ങളില്‍ ഒറ്റയ്ക്ക് തീരുമാനമെടുത്താല്‍ അത് സര്‍വകലാശാലയുടെ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഗൂഢാലോചനയായേ കാണാനാകൂവെന്നും അവര്‍ കുറ്റപ്പെടുത്തി.
മതേതരത്ത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വ്വകലാശാല റജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സഞ്ജീവ് വ്യക്തമാക്കി.
എസ്എഫ്‌ഐ രാജ്ഭവന്‍ മാര്‍ച്ചും നടത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ഗവര്‍ണ്ണറുടെ ആര്‍.എസ്.എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. രാജ്ഭവനെ ആര്‍.എസ്.എസ് ആസ്ഥാനവും, സര്‍വ്വകലാശാലകളെ ആര്‍എസ്എസ് ശാഖകളുമാക്കാനാണ് ഗവര്‍ണ്ണറുടെ അജണ്ട. ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.