വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ല; മുനമ്പത്തും ചാവക്കാടും വയനാടും കുടിയിറക്കല്‍ ഭീഷണിയിലുള്ളവര്‍ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ നിര്‍ണായക വിധി; കോഴിക്കോട്ടെ കേസ് അസാധു; കോടതിയുടേത് നിര്‍ണ്ണായക നിരീക്ഷണങ്ങള്‍
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല
കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
മുനമ്പമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്. കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്.
1999 ല്‍ പ്രവര്‍ത്തനമാരംഭിച്ചതോണ് പോസ്റ്റ് ഓഫീസ്. ഇത് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുക്കുകയായിരുന്നു. കോഴിക്കോട് കോടതിയില്‍ കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രതിചേര്‍ക്കപ്പെട്ട പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു.
വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവില്‍ വന്ന കാലവും പോസ്റ്റല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി. 2023 ല്‍ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിന്റെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയിലെത്തിയത്. 2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്.
എന്നാല്‍, നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമഭേദഗതി വിവാദത്തിനൊപ്പം കത്തിപ്പടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കൊച്ചിയില്‍ 614 കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നവും. ഇതിനു പുറമേയാണ്, കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും 5.45 ഏക്കര്‍ ഭൂമിക്കു മേല്‍ വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുസ്‌ളിം സംഘടനകള്‍ക്കും കണ്ടില്ലെന്നു നടിക്കാനാവാത്ത വിധം ദേശീയ വിഷയമായി മുനമ്പം മാറിക്കഴിഞ്ഞു.
കേന്ദ്ര വഖഫ് ഭേദഗതി ബില്ലാണ് മുനമ്പം ഭൂമി പ്രശ്‌നവും പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. 1902-ല്‍ ഗുജറാത്തില്‍ നിന്നെത്തിയ അബ്ദുള്‍ സത്താര്‍ മൂസാ സേട്ടിന് തിരുവിതാംകൂര്‍ രാജാവ് കൃഷിക്കായി നല്‍കിയ 404 ഏക്കര്‍ 75 സെന്റ് ഭൂമിയില്‍ കടലെടുത്ത ശേഷം ശേഷിക്കുന്ന 104 ഏക്കര്‍ ഭൂമിയാണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തിന് ആധാരം. സത്താര്‍ സേട്ടിന്റെ പിന്‍ഗാമി ഈ സ്ഥലം കോഴിക്കോട് ഫാറൂക്ക് കോളേജ് മാനേജ്‌മെന്റിന് ക്രയവിക്രയാധികാരമുള്ള വ്യവസ്ഥകളോടെ ദാനം നല്‍കി.
ആധാരത്തില്‍ വഖഫായി ദാനം ചെയ്യുന്നുവെന്ന രണ്ടു പരാമര്‍ശങ്ങളാണ് ഇത് വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ ന്യായം.ഇസ്‌ളാമിക നിയമപ്രകാരം വിശ്വാസി ദൈവത്തിനു സമര്‍പ്പിക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അത് എക്കാലത്തേക്കും വഖഫ് ഭൂമിയെന്നാണ് വ്യവസ്ഥ. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാവില്ല. തനിക്ക് സമ്പൂര്‍ണാവകാശമുള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താല്‍ വഖഫ് ബോര്‍ഡിന് ആ സ്വത്ത് നോട്ടീസ് പോലും നല്‍കാതെ അവകാശപ്പെടാം. ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാനാവില്ല. വഖഫ് ട്രിബ്യൂണലിനു മുന്നില്‍ പരാതി നല്‍കാമെന്നു മാത്രം. സ്വന്തം ഭൂമിയുടെ അവകാശം സ്ഥാപിക്കേണ്ടതിന്റെ ബാദ്ധ്യത ഉടമയ്ക്കു മേല്‍വരുന്ന വിചിത്രവ്യവസ്ഥയാണ് വഖഫ് നിയമത്തിലെ ഈ കീറാമുട്ടി.
ഇത് ഒഴിവാക്കുന്നതാണ് വഖഫ് ഭേദഗതി ബില്ല്.വഖഫ് നിയമം സംസ്ഥാനത്തെ ഇടതു, വലതുമുന്നണികളെ വെട്ടിലാക്കി. ബി.ജെ.പി സര്‍ക്കാരിന്റെ ബില്ലിനെ അനുകൂലിക്കാനോ എതിര്‍ക്കാനോ വയ്യാത്ത അവസ്ഥ. ബില്ലിനെ എതിര്‍ക്കുന്ന പ്രമേയത്തെ അനുകൂലിച്ച് 140 എം.എല്‍.എമാരും കേരള നിയമസഭയില്‍ വോട്ട് ചെയ്ത ശേഷം, മുനമ്പത്തെ വേളാങ്കണ്ണി പള്ളിമുറ്റത്തെ സമരപ്പന്തലില്‍ പോയി സമരക്കാര്‍ക്കൊപ്പമാണെന്നു പറയേണ്ട ഗതികേടിലാണ് ഇരു മുന്നണി നേതാക്കളും. ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ ലാഭം കൊയ്യുന്ന് ബി.ജെ.പിയും ഹിന്ദു സംഘടനകളുമാണ്. ക്രൈസ്തവ വികാരം ബി.ജെ.പിക്ക് അനുകൂലമാകുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. എങ്ങനെ തലയൂരാമെന്ന ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍.
മുസ്‌ളിം ലീഗും പ്രമുഖ മുസ്‌ളിം സംഘടനകളും സമവായ പാതയിലാണെങ്കിലും ഒത്തുതീര്‍പ്പ് ഫോര്‍മുലകളൊന്നും ഉരുത്തിരിയുന്നുമില്ല. വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഇല്ലാതായെങ്കിലേ താമസക്കാര്‍ക്ക് സ്വന്തം ഭൂമിയുടെ കരം അടയ്ക്കാനാകൂ.