അനില്‍ അംബാനിയുടെ ബാങ്കിലിട്ട പണം തിരിച്ചു കിട്ടിയില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി; ബിസിനസ്സില്‍ പണം പോകുന്നത് സ്വാഭാവികമെന്ന് തോമസ് ഐസക്; അഴിമതി ആരോപണം തള്ളി സാമ്പത്തിക വിദഗ്ധനായ ഐസക്; ആ പണം ഗോവിന്ദാ....! കെ എഫ് സിയുടെ 'അതിബുദ്ധി' ഖജനാവിന് നഷ്ടമാകുമ്പോള്‍

Update: 2025-01-02 07:47 GMT

തിരുവനന്തപുരം: ആ ബിസിനസ്സില്‍ കേരളത്തിന് നഷ്ടമായത് 100 കോടിയെന്നതില്‍ സ്ഥിരീകരണം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരേ(കെ.എഫ്.സി) അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്തു വരുമ്പോഴാണ് നഷ്ടം വ്യക്തമാകുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തോമസ് ഐസക് പറഞ്ഞു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സില്‍ പണം നിക്ഷേപിച്ചത്. ചട്ടങ്ങളെല്ലാം പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സില്‍ നിക്ഷേപിച്ച കേരളത്തിന്റെ 108 നഷ്ടമായെന്നതാണ് യഥാര്‍ത്ഥ്യം. ഇങ്ങനെ പണം പോയതിന് പിന്നില്‍ അഴിമതിയില്ലെന്നും അതൊരു ബിസിന്‍സ് ആണെന്നും തോമസ് ഐസക് പറയുന്നു.

'ആക്ഷേപങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഏത് ധനകാര്യ സ്ഥാപനവും മിച്ചംവരുന്ന തുക നിക്ഷേപിക്കും. അതിനുള്ള നയം ഓരോ ധനകാര്യ സ്ഥാപനത്തിനുണ്ടാകും. കെ.എഫ്.സി.ക്കുമുണ്ട്. അതനുസരിച്ച് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ ബാങ്കുകളിലോ എന്‍.ബി.എഫ്.സികളിലോ മാത്രമേ നിക്ഷേപിക്കാന്‍ പാടൂള്ളൂ. അവയ്ക്ക് ഡബിള്‍ എ റേറ്റിങ് വേണം. മൂന്നാമതായി, ഈ സ്ഥാപനങ്ങളില്‍ നിന്ന് പലിശ സംബന്ധിച്ച ക്വട്ടേഷന്‍ വിളിച്ച് വേണം നിക്ഷേപം നടത്താന്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണ് റിലയന്‍സിന്(ആര്‍.സി.എഫ്.എല്‍) നല്‍കിയത്.

നിക്ഷേപം നടത്തുന്ന വര്‍ഷം 250 കോടി രൂപയാണ് ഈ കമ്പനിയുടെ ലാഭം. സതീശന്‍ കുറച്ചുകൂടെ പഠിക്കുന്നത് നല്ലതാണ്. ടെന്‍ഡര്‍ വിളിച്ചാണ് നിക്ഷേപം നടത്തുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ല. റേറ്റിങ് കമ്പനികളെ കെ.എഫ്.സി. സ്വാധീനിച്ച് റേറ്റിങ് ഉയര്‍ത്തിവെച്ചുവെന്ന് പറയുകയാണെങ്കില്‍ അത് അഴിമതിയാണ്. രണ്ട്, ക്വോട്ട് ചെയ്തപ്പോള്‍ മറ്റ് ക്വട്ടേഷനുകളില്‍ പങ്കെടുത്തുള്ള കമ്പനികള്‍ അവര്‍ താഴ്ത്തിവെച്ചു എങ്കില്‍ അതും അഴിമതിയാണ്. ഇപ്പോള്‍ ഈ 60 കോടി രൂപ പോയിട്ടൊന്നുമില്ല. ഇപ്പോള്‍ 52 ശതമാനം തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പോരാ. നമുക്ക് പൂര്‍ണമായും പണം ലഭിക്കണമെന്ന നിലപാടില്‍ ആലോചന നടക്കുന്നുണ്ട്', ഐസക് പറഞ്ഞു. അതായത് പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് സമ്മതിക്കുകയാണ് ഐസക്.

2018-ലെ നിക്ഷേപത്തിന് 52 ശതമാനം ലഭിച്ചാല്‍ പോരെന്നും പ്രതിപക്ഷ നേതാവ് പറയുന്നതനുസരിച്ച 101 കോടിയെങ്കിലും ലഭിക്കേണ്ടേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബിസിനസ്സില്‍ അങ്ങിനെയൊക്കെയുണ്ടാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. അതായത് ഖജനാവിലെ പണമെടുത്തി ബിസിനസ്സില്‍ ഇട്ട് നഷ്ടമുണ്ടാക്കിയാലും ചോദിക്കരുതെന്നാണ് ഐസക് പറയുന്നത്. 'എന്തിനാണ് 60 കോടി രൂപ നിക്ഷേപം നടത്തിയത്. 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാന്‍ വേണ്ടിയാണ്. ഇത് ബിസിനസ്സിന്റെ ഭാഗമാണ്. ഇതുവഴി നിക്ഷേപം കൂടുമ്പോള്‍ എ റേറ്റിങുള്ള കമ്പനി ഡബിള്‍ എ റേറ്റിങായി. നമ്മള്‍ ബോണ്ടിറക്കി പണം മേടിച്ച് അത് ആളുകള്‍ക്ക് വിതരണം ചെയ്തു. അതിന്റെ ഫലമായി 2000 കോടിയുണ്ടായിരുന്ന വായ്പ 4000 കോടിയായി. അതില്‍നിന്നുള്ള വരുമാനവുമില്ലേ', അദ്ദേഹം ചോദിച്ചു.

ആക്ഷേപത്തിന് തെളിവ് ഹാജരാക്കണം.ധനകാര്യ സ്ഥാപനങ്ങള്‍ക്ക് RBl യുടെ ഷെഡ്യൂള്‍ഡ് സ്ഥാപങ്ങളില്‍ നിക്ഷേപിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിക്ഷേപം.ഡബിള്‍ റേറ്റിംഗ് ഉള്ള റിലയന്‍സിലാണ് അന്ന് നിക്ഷേപം നടത്തിയത്.അങ്ങനെയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് എങ്ങനെ അഴിമതിയാകുമെന്നും തോമസ് ഐസക് ചോദിച്ചു. ടെണ്ടര്‍ വിളിച്ചാണ് നിക്ഷേപം നടത്തിയത്.എന്താണ് മറച്ചു വയ്ക്കാനുള്ളത്.റേറ്റിംഗ് കമ്പനികളെ KFC സ്വാധീനിച്ചോ ? പരിശോധിക്കട്ടെ.ബിസിനസില്‍ ചില വീഴ്ചകളും സംഭവിക്കും. 250 കോടിയുടെ ബോണ്ട് ഇറക്കുന്നതിന്ന് യോഗ്യത നേടാനാണ് നിക്ഷേപം നടത്തിയതെന്നും തോമസ് ഐസക് വിശദീകരിച്ചു.ഇന്‍വസ്റ്റ്മെന്റ് കമ്മിറ്റി തീരുമാനിക്കാതെ നിക്ഷേപം നടത്താന്‍ പറ്റില്ല.KFC യുഡിഎഫ് സമയത്ത് അടച്ചു പൂട്ടാന്‍ പറഞ്ഞതാണ്.അവിടെ നിന്നാണ് ലാഭത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു

ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ കെ.എഫ്.സി. 60 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നില്‍. 2019-ല്‍ അനില്‍ അംബാനിയുടെ കമ്പനി പൂട്ടി. തുടര്‍ന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News