മരണവാര്‍ത്തകള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1; 'കാന്താര' ചിത്രീകരണത്തിനിടെ പക്ഷാഘാതം ബാധിച്ച 'കെജിഎഫ്' താരം അന്തരിച്ചു; ദിനേശ് മംഗളുരുവിന്റെ വിയോഗത്തിലുടെ കന്നട സിനിമയ്ക്ക് നഷ്ടമാകുന്നത് മികച്ച കലാസംവിധായകനെക്കൂടി

'കാന്താര' ചിത്രീകരണത്തിനിടെ പക്ഷാഘാതം ബാധിച്ച 'കെജിഎഫ്' താരം അന്തരിച്ചു

Update: 2025-08-25 12:50 GMT

മംഗളൂരു: കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആര്‍ട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു അന്തരിച്ചു. 55 വയസ്സായിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷം മലയാളികള്‍ക്കിടയില്‍ ഉള്‍പ്പടെ ദേശീയ തലത്തില്‍ ഇദ്ദേഹത്തിന് ശ്രദ്ധനേടിക്കൊടുത്തിരുന്നു.

കാന്താര ചാപ്റ്റര്‍ 1 ന്റെ ചിത്രീകരണത്തിനിടെയാണ് ഇദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായത്.തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സ തുടരുകയായിരുന്നു നടന്‍. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും തലച്ചോറില്‍ ഹെമറേജ് ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.

കെജിഎഫിന് പുറമെ കിച്ച, കിരിക്ക് പാര്‍ട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങള്‍, സ്ലം ബാല, ദുര്‍ഗ, സ്മൈല്‍, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്.മികച്ച കലാസംവിധായകനെക്കൂടിയാണ് ദിനേശിന്റെ വിയോഗത്തിലൂടെ കന്നട ചലചിത്രലോകത്തിന് നഷ്ടമാകുന്നത്.'നമ്പര്‍ 73', 'ശാന്തിനിവാസ്' തുടങ്ങിയ ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം ദുര്‍മരണങ്ങളും അപകടങ്ങളും റിഷബ് ഷെട്ടിയുടെ കാന്താരയെ വിടാതെ പിന്തുടരുന്നുവെന്നാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടികാണിക്കുന്നത്.സിനിമയുമായി ബന്ധപ്പെട്ടു തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.സിനിമയുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാലാമത്തെ മരണമാണ് ദിനേശിന്റെത്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്.കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം ആദ്യം മരണപ്പെട്ടത്.ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം സിനിമയുടെ ക്രൂവില്‍ ഉണ്ടായിരുന്ന വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മുങ്ങി മരിക്കുന്നു. സഹപ്രവര്‍ത്തകരുമായി സൗപര്‍ണികാ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ജൂണില്‍ മലയാള നടനും മിമിക്രി താരവുമായ കലാഭവന്‍ നിജുവും ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞു. കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കായി ഒരുക്കിയ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്ന നിജുവിന് പുലര്‍ച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 43 വയസ്സായിരുന്നു.

കാന്താര ചാപ്റ്റര്‍ 2 ന്റെ ചിത്രീകരണത്തിന് ഇതിനു മുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. നവംബറില്‍, മുദൂരില്‍ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ 20 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തില്‍പ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലര്‍ക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിര്‍ത്തിവച്ചു. സംഭവത്തിനു ശേഷം മോശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിര്‍മിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് സാരമായി തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശക്തമായ കാറ്റും അപ്രതീക്ഷിത മഴയും നാശം വിതച്ചു, ഇത് ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ കൂടുതല്‍ കാലതാമസത്തിന് കാരണമായി.

ജനുവരിയില്‍, കാന്താര ചാപ്റ്റര്‍ 2 ന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മില്‍ ഗുരുതരമായ തര്‍ക്കം ഉടലെടുത്തിരുന്നു. ശരിയായ അനുമതിയില്ലാതെ കാട്ടില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിന് ഗ്രാമവാസികള്‍ സംഘത്തെ നേരിട്ടു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയുണ്ടായി. വന്യജീവികളെയും പരിസ്ഥിതിയെയും സംഘം ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍, വനം വകുപ്പ് പിന്നീട് അന്വേഷണത്തിനായി എത്തി കേസെടുത്തിരുന്നു. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.


Tags:    

Similar News