കിഴക്കമ്പലത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും മൂന്നുനേരം സൗജന്യ ഭക്ഷണം; സ്ത്രീകള്‍ക്ക് സൗജന്യ ഷീ ജിം; ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത് നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡ് കയ്യേറി അടിച്ചുതകര്‍ത്ത് സിപിഎം അതിക്രമം; സ്വന്തമായി ബസ് ഷെഡ് കെട്ടി ബസ് ഓടിച്ചുകയറ്റി അരാജകത്വം; ഇത് ബിഹാറോ എന്നും ആള്‍ക്കൂട്ടാധിപത്യം ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി
കിഴക്കമ്പലത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും മൂന്നുനേരം സൗജന്യ ഭക്ഷണം
കൊച്ചി: ആള്‍ക്കൂട്ടാധിപത്യത്തിന് എതിരെ പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത് കിഴക്കമ്പലം പഞ്ചായത്തില്‍ സിപിഎം കാട്ടിയ അതിക്രമത്തിന് എതിരെയാണ്. കിഴക്കമ്പലത്ത് ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും തങ്ങളുടെ എതിരാളികളായ ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് നിര്‍മ്മിക്കുന്നത് സിപിഎം നേതാക്കള്‍ക്ക് സഹിച്ചില്ല. നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ, സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ പദ്ധതി സ്ഥലത്ത് ഇരച്ചുകയറി, മീഡിയനും ബാരിക്കേഡും അടക്കം തകര്‍ക്കുകയും, താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ച് ബസ് ഓടിച്ച് കയറ്റുകയും ചെയ്തു. ഇതിനെതിരെയാണ് ട്വന്റി 20 ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
ജസ്റ്റിസ് നഗരേഷ് ഈ കേസ് പരിഗണിക്കവേ, രോഷാകുലനായി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഇത് ബിഹാറാണോ എന്നാണ് കോടതി ആദ്യം ചോദിച്ചത്. ആള്‍ക്കൂട്ടാധിപത്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍, ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയില്ലെങ്കില്‍, നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തകര്‍ച്ചയുടെ ആരംഭമായിരിക്കും. അടിച്ചമര്‍ത്തണം, ഒരുവിട്ടുവീഴ്ചയും ചെയ്യരുത്. കയ്യും കെട്ടി നിന്നാല്‍ പോരാ, പൊലീസിന്റെ പണി ആള്‍ക്കൂട്ടാധിപത്യത്തെ ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകേണ്ടതാണ് എന്ന് ജസ്റ്റിസ് നഗരേഷ് വിധിച്ചു.
ട്വന്റി 20 യോട് പക പോക്കി സിപിഎം
കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് കിറ്റക്‌സ് സാബു എം ജേക്കബ് തുടങ്ങി വച്ച ട്വന്റി-20 എന്ന ജനകീയ പ്രസ്ഥാനമാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ചുറ്റുമുള്ളപ്പോഴാണ് നികുതി പണം മിച്ചം വച്ചുകൊണ്ട് ഒരു പഞ്ചായത്തിനെ എങ്ങനെ മാറ്റിമറിക്കാമെന്ന് ട്വന്റി-20 തെളിയിച്ചത്. നല്ല റോഡുകള്‍, നല്ല സ്‌കൂളുകള്‍, നല്ല വികസന പദ്ധതികള്‍, നല്ല തൊഴിലവസരങ്ങള്‍ എല്ലാം ഒരുക്കി കൊടുത്തു. പഞ്ചായത്ത് ഓഫീസില്‍ ഒരു സഹായത്തിന് ചെല്ലുന്ന ആര്‍ക്കും ഒരു ബുദ്ധിമുട്ടും കിഴക്കമ്പലത്തുണ്ടാവില്ല. നിയമവും ചട്ടവും പാലിക്കുന്നവര്‍ക്ക് കിഴക്കമ്പലത്ത് സുഖമായി ജീവിക്കാം. വില കുറച്ചുകിട്ടുന്ന ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ആരംഭിച്ചെങ്കിലും സിപിഎമ്മുകാര്‍ അത് പൂട്ടിച്ചു. വില കുറച്ച് സാധനങ്ങള്‍ കൊടുത്താല്‍, തങ്ങള്‍ക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടും എന്നായിരുന്നു അവരുടെ ന്യായം. അതുകൊണ്ട് സമരം നടത്തി അതുപൂട്ടിച്ചു. ഏതെല്ലാം തരത്തില്‍ വികസന പ്രവര്‍ത്തനം ട്വന്റി 20 കൊണ്ടുവന്നാലും അതിനെല്ലാം തടസ്സം നില്‍ക്കുന്നതാണ് കണ്ടുവരുന്നത്. അതല്ലെങ്കില്‍ ബോര്‍ഡ് വച്ച് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന രീതിയാണ് കിഴക്കമ്പലത്തെ സിപിഎമ്മുകാര്‍ പിന്തുടരുന്നത്.
കിഴക്കമ്പലത്തിന്റെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ട് കൊണ്ട് അവിടുത്തെ ബസ് സ്റ്റാന്‍ഡ് നവീകരിക്കാന്‍ ട്വന്റി-20 പദ്ധതിയിട്ടു. ലോകോത്തര നിലവാരത്തിലുളള എസി സൗകര്യമുളള ബസ് സ്റ്റാന്‍ഡ് കൊണ്ടുവരികയാണ്. അത്യാധുനിക പാര്‍ക്കിങ്, ടൊയ്‌ലറ്റ് സൗകര്യം, ഫൈവ് സ്്റ്റാര്‍ സൗകര്യമുള്ള ഹോട്ടല്‍, ഹോട്ടലിന് മുകളില്‍ ജിം, അങ്ങനെ ഏറ്റവും മികച്ച രീതിയില്‍ ബസ്സ്റ്റാന്‍ഡ് രൂപകല്‍പ്പന ചെയ്തു. ഇവിടെ വരുന്ന കിഴക്കമ്പലംകാരടക്കം എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം, സ്ത്രീകള്‍ക്ക് സൗജന്യ ജിം പരിശീലനം, ഇങ്ങനെ സകല ക്രമീകരണങ്ങളോടും കൂടിയ ബസ് സ്റ്റാന്‍ഡിന്റെ പണിപ്പുരയിലായിരുന്നു കുറെ നാളായി ട്വന്റി 20. രണ്ടുമാസത്തിനകം പൂര്‍ത്തിയാകാനിരിക്കുന്ന കിഴക്കമ്പലത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം എല്ലാവര്‍ക്കും ആകര്‍ഷകമായി തോന്നും.
എന്നാല്‍ സിപിഎമ്മുകാര്‍ക്ക് ട്വന്റി-20 യുടെ പദ്ധതി തീര്‍ത്തും ആകര്‍ഷകമായി തോന്നിയില്ല. എങ്ങനെയെങ്കിലും ഈ പദ്ധതിക്ക് തുരങ്കം വയ്ക്കാനായി സിപിഎം നേതാക്കളുടെ ശ്രമം. അവര്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി എല്ലം തകര്‍ത്തു. ബാരിക്കേഡുകള്‍ തകര്‍ത്തു. ആ ഭാഗത്തെ നിര്‍മ്മാണങ്ങളെല്ലാം ഇല്ലാതാക്കി. അവിടേക്ക് ബസ് കയറ്റി വിട്ട് താല്‍ക്കാലിക ബസ് സ്റ്റാന്‍ഡും ഉണ്ടാക്കി. നിര്‍മ്മാണം നടക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ പണി. അതുവരെ ബസുകള്‍ കയറ്റാതെ പുരോഗമിച്ചുകൊണ്ടിരുന്ന നിര്‍മ്മാണം ആകെ താറുമാറാക്കി, സിപിഎമ്മിന്റെ നിയന്ത്രണത്തിലാക്കി. ഇതിനെതിരെ ട്വന്റി-20 ഹൈക്കോടതിയെ സമീപിക്കുകയും കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പൊലീസ് സംരക്ഷണത്തിന് നിര്‍ദ്ദേശം നല്‍കിയ ഉത്തരവിലാണ് ആള്‍ക്കൂട്ടാധിപത്യം കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി കടുത്ത ഭാഷയില്‍ പറഞ്ഞത്്. ഇക്കൂട്ടര്‍, ഇങ്ങനെ പോയാല്‍, അവര്‍ ശക്തി പ്രാപിച്ചാല്‍, സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളെ പോലും അട്ടിമറിക്കുന്ന തരത്തില്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചേക്കാം. അതുകൊണ്ട് അതിനു വഴങ്ങരുത് എന്നായിരുന്നു കോടതി ഉത്തരവിന്റെ സാരം.
കിറ്റക്‌സ് എംഡി സാബു എം ജേക്കബ് മറുനാടനോട് പറഞ്ഞത്
' കിഴക്കമ്പലത്ത് നമ്മളൊരു വലിയ ആധുനിക രീതിയിലുളള ബസ സ്റ്റാന്‍ഡാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയുളള സ്റ്റാന്‍ഡിന് സൗകര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലൊക്കെ കാണുന്ന രീതിയിലുള്ള കാത്തിരിപ്പ് സ്റ്റേഷനും, വൈ ഫൈ ചാര്‍ജിങ്ങും, ആധുനിക രീതിയിലുളള കസേരകളും ഒക്കെയായിട്ടാണ് അതു ചെയ്തിരിക്കുന്നത്. അതിനോട് ചേര്‍ന്ന് തന്നെ സ്ത്രീകള്‍ക്ക് നാല് ടോയ്‌ലറ്റ്, പുരുഷന്മാര്‍ക്ക് നാല് ടോയ്‌ലറ്റ്്, അവിടെ സ്റ്റാര്‍ ബക്കിന്റെ ഒക്കെ രീതിയില്‍ കഫേ എന്നിങ്ങനെ ആധുനികമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അതുപോലെ ഒന്നാം നിലയില്‍ അവിടെ വരുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും സൗജന്യമായി കിട്ടുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ മുഴുവന്‍ സമയവും ചായയും, കോഫിയും ലഭ്യമായിരിക്കും. സൗജന്യമായിട്ട് കൊടുക്കാനാണ് ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശ പൗരന്മാര്‍ക്കായാലും അവിടെ വന്ന് സൗജന്യമായി ഭക്ഷണം കഴിച്ചുപോകാം. ഒരേസമയത്ത് ഏതാണ്ട് 48 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിലെ റസ്‌റ്റോറന്റ് പോലെയാണ് ഒരുക്കിയിരിക്കുന്നത്. സൗജന്യമായി കൊടുക്കുക എന്നത് കൊണ്ട് എന്തെങ്കിലും കൊടുക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്.
കിഴക്കമ്പലത്തു കൂടി കടന്നുപോകുന്ന ഒരാള്‍ പോലും വിശന്നിരിക്കാന്‍ പാടില്ല എന്ന ആശയമാണ് ഇതിന് പിന്നില്‍. അതാണ് നടപ്പിലാക്കുന്നത്. റസ്റ്റോറന്റിന്റെ മുകളില്‍ സ്ത്രീകള്‍ക്കായിട്ട് ഷീജിം സജ്ജീകരിക്കും. പേഴ്‌സണല്‍ ട്രെയിനര്‍ അടക്കമുണ്ടാകും. ഷീജിമ്മും സൗജന്യമായിരിക്കും. പദ്ധതി അന്തിമ ഘട്ടത്തിലാണ്. രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. അപ്പോള്‍, ഇതുതുറന്നുകൊടുത്തു കഴിഞ്ഞാല്‍, ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എല്ലാം വലിയ തിരിച്ചടിയായിരിക്കും. കാരണം അവര്‍ക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കാാത്ത സൗകര്യങ്ങളോടെ വരുമ്പോള്‍, അവരെന്താണ് ചെയ്യുന്നത് എന്നുവച്ചാല്‍, എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ സിപിഎമ്മുകാരും, സിഐടിയുക്കാരും എല്ലാവരും കൂടി ചേര്‍ന്ന് ഇതങ്ങട് ബലമായി തുറന്നുകൊടുത്ത് അതിന്റെ ഉള്ളില്‍ വച്ചിരുന്ന മീഡിയന്‍ ഒക്കെ തകര്‍ത്ത് അവിടെ താല്‍ക്കാലികമായിട്ട് വേറൊരു ഷെഡ്ഡ് അവിടെ കൊണ്ടുവച്ചു. ബാരിക്കേഡുകളും ഗ്രില്ലുകളും തകര്‍ത്ത് ഇതെല്ലാം നശിപ്പിച്ചുകളഞ്ഞു. അത് പബ്ലിക്കിന് വേണ്ടി തുറന്നുകൊടുത്തു. അവരുടെ ഉദ്ദേശ്യം, അവരെന്തോ നടപ്പിലാക്കിയ മാതിരി ജനകീയമായി ചെയ്തുവെന്ന് വരുത്തിയതാണ്. അതിന് എതിരെയാണ് ഞങ്ങള്‍ കോടതിയെ സമീപിച്ചത്.
നിയമം കയ്യിലെടുക്കുന്ന പരിപാടി ട്വന്റി-20യ്ക്ക് ഇല്ല. ആദ്യം കോടതി ചോദിച്ചത് ബിഹാറാണോ എന്നാണ്. അതിന് എതിരെയാണ് ഇപ്പോള്‍ ശക്തമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും നമ്മള്‍ രണ്ടുമാസത്തിനകം ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കും.
ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്..
നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും തുരങ്കം വെക്കുന്ന ആള്‍ക്കൂട്ടാധിപത്യം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അത്തരം പ്രവണതകള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അന്ത്യത്തിന് നാന്ദികുറിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഈ പരാമര്‍ശം.
വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ബസ് സ്റ്റാന്‍ഡിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ബസുകള്‍ പ്രവേശിക്കുന്നത് തടയാനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പഞ്ചായത്ത് ഏറ്റെടുക്കുന്ന ഓരോ വികസന പദ്ധതികള്‍ക്കും ചില രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ അനുയായികളും തടസ്സം നില്‍ക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ചില നേതാക്കളും അതിക്രമിച്ചു കടന്ന് ബാരിക്കേഡുകള്‍ നീക്കം ചെയ്യുകയും ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കടത്തിവിടുകയും ചെയ്തു. ഇതിനുപുറമെ, യാതൊരു അനുമതിയുമില്ലാതെ ഒരു താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇന്ന് ഒരു പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നാളെ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചേക്കാമെന്ന് കോടതി വിലയിരുത്തി. ഇത് നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിക്ക് കനത്ത ഭീഷണിയാണ്. ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ പോലീസ് നിശ്ശബ്ദ കാഴ്ചക്കാരായി തുടരരുത്, പകരം ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിയമവാഴ്ച നടപ്പാക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് സമിതി അവരുടെ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുമ്പോള്‍, കായികബലം ഉപയോഗിച്ച് അതിനെ പരാജയപ്പെടുത്താന്‍ അനുവദിക്കാനാവില്ല. പൊതുസ്ഥലത്ത് സ്വന്തമായി ബസ് ഷെഡ് സ്ഥാപിക്കുകയും, പൊതു സൂചനാ ബോര്‍ഡുകള്‍ നീക്കം ചെയ്ത് തങ്ങള്‍ക്കിഷ്ടമുള്ളിടത്ത് പുനഃസ്ഥാപിക്കുകയും, ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുന്ന നിയമലംഘനങ്ങളാണ് അരങ്ങേറിയത്. ഫലത്തില്‍, ഒരു ജനക്കൂട്ടം പൊതുസ്ഥലത്തിന്റെ ഭരണവും ഗതാഗത നിയന്ത്രണവും നിയമവിരുദ്ധമായി ഏറ്റെടുത്തിരിക്കുകയാണെന്നും ഇത്തരം അരാജകത്വവും അതിക്രമങ്ങളും അവഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.തുടര്‍ന്ന്, ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.