ടി.പി.ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകന്‍ വിവാഹിതനായി; താലികെട്ടിയ ശേഷം കൈപിടിച്ചു നല്‍കിയത് വധുവിന്റേയും വരന്റേയും അമ്മമാര്‍; ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീറടക്കം പ്രമുഖര്‍
ടി.പി.ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകന്‍ വിവാഹിതനായി
വടകര: ടി.പി. ചന്ദ്രശേഖരന്റെയും വടകര എം.എല്‍.എ. കെ.കെ. രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോള്‍ നിറഞ്ഞമനസ്സോടെ അതിഥികള്‍ ഒപ്പം നിന്നു. വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്.
രാവിലെ പതിനൊന്നരയ്ക്കു വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഭിനന്ദ് രമയുടെ കൈ പിടിച്ച് എത്തി. ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രന്‍, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രന്‍. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്‍.എം.പി. നേതാവ് എന്‍. വേണു ചടങ്ങില്‍ സജീവമായി ഉണ്ടായിരുന്നു.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ടി. ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍, വടകര എം.പി. ഷാഫി പറമ്പില്‍, മുന്‍ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, എം.എല്‍.എമാരായ പി. മോഹനന്‍, പി.കെ. ബഷീര്‍, യു. പ്രതിഭാ, സി.കെ. ആശ, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം.എല്‍.എ. സി.കെ. നാണു, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ. അജിത, സി.പി. ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, എന്നിവരടക്കം സന്നിഹിതരായിരുന്നു.
അഭിനന്ദ് മുംബൈയില്‍ ജെഎസ്ഡബ്ല്യു കമ്പനിയിലാണു ജോലി ചെയ്യുന്നത്. 2012ല്‍ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസ്സായിരുന്നു. ഒഞ്ചിയത്തു വലിയ സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ അഭിനന്ദു മറ്റു സ്ഥലങ്ങളില്‍നിന്നാണു പഠനം പൂര്‍ത്തിയാക്കിയത്. കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടിപിയുടെ മകന്റെ വിവാഹത്തിനു കക്ഷി,രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ നാനതുറകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു