കൊച്ചി കമ്മീഷണറുടെ അച്ഛനെ കേരളാ പോലീസ് അറസ്റ്റു ചെയ്യും; പക്ഷാഘാതം ഉണ്ടായി ഗുരുതരാവസ്ഥയിലുള്ളതിനാല്‍ അറസ്റ്റ് നടപടികളില്‍ മാത്രമായി ഒതുങ്ങും; കൈയ്യാമം വച്ച് കൊണ്ടു പോകില്ല; ശബരിമല കേസിലെ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ ചെന്നു തറയ്ക്കുന്നത് സംശയ നിഴലിലുള്ള വിഐപികളിലേക്ക്; 'വന്‍ തോക്കുകളും' പ്രതിയാകുമോ എന്ന ഭയത്തില്‍; ജനുവരി 19ന് മുമ്പ് എന്തും സംഭവിക്കാം
കൊച്ചി: ശബരിമലയില്‍ നടന്നതു വലിയ ക്രമക്കേടാണെന്നും ദൈവത്തെ പോലും വെറുതെവിടില്ലേയെന്നും സുപ്രീം കോടതിയുടെ പരാമര്‍ശം ഞെട്ടലാകുന്നത് സംശയ നിഴലിലുള്ള വിഐപികളെ. ശബരിമല സ്വര്‍ണക്കടത്തു കേസില്‍ തനിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഹൈക്കോടതി ഉത്തരവില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു ശങ്കരദാസ് ഉന്നയിച്ച ആവശ്യം. സുപ്രീംകോടതിയെ സമീപിച്ച ശങ്കരദാസിന്റെ നീക്കം എല്ലാ അര്‍ത്ഥത്തിലും തിരിച്ചടിച്ചു. കേസില്‍ പ്രതികളായവര്‍ക്കും ജയിലില്‍ കിടക്കുന്നവര്‍ക്കുമെല്ലാം ഇത് തിരിച്ചടിയാണ്. നിലവില്‍ ശങ്കരദാസ് അതീവ ഗുരുതരാവസ്ഥിലാണെന്നാണ് സൂചനകള്‍. കഴിഞ്ഞ ആഴ്ച പക്ഷാഘാതം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് നടപടിക്രമങ്ങളില്‍ മാത്രമൊതുങ്ങും. കൊച്ചി കമ്മീഷണര്‍ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കരദാസ്.
പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്, മെറിറ്റും പരിഗണിക്കും. അതിനു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി ബെഞ്ച് ഹര്‍ജി തള്ളിയത്. സ്വര്‍ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാത്രം അറസ്റ്റ് ചെയ്യുകയും ശങ്കരദാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതുമാണ് ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്. അതിനിെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിനു കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ടീമില്‍ ഉള്‍പ്പെടുത്താനും എസ്പിക്ക് അനുവാദം നല്‍കി.
ഡിസംബര്‍ മൂന്നിനു കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. വന്‍ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍ ഇന്നത്തെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറി. ഇവരെ അടക്കം വെട്ടിലാക്കുന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. ഇതിനൊപ്പമാണ് 'ശബരിമലയില്‍ നടന്നത് വന്‍ ക്രമക്കേടാണെന്നും നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ' എന്നും കേസ് പരിഗണിക്കവേ സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് അതിരൂക്ഷമായി പ്രതികരിച്ചു.
സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന ശങ്കരദാസിന് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറാനുള്ള തീരുമാനമെടുത്ത ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ ശങ്കരദാസ് ഒപ്പിട്ടിരുന്നു എന്നത് കോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടി. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സി.പി.എം നേതാവ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണം മന്ദഗതിയിലായതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് അന്വേഷണം 'വന്‍ തോക്കുകളിലേക്ക്' നീളാത്തതെന്ന് കോടതി ചോദിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. 19നാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കേണ്ടത്. അതിന് മുമ്പ് എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. സുപ്രീംകോടതി വിധിയോടെ സര്‍ക്കാരിനും കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥ വന്നു.
