കൊച്ചിന്‍ റിഫൈനറിയിൽ ഭീതി പടർത്തി വൻ പൊട്ടിത്തെറി; ശബ്ദം കേട്ട് ആളുകൾ ഭയന്നോടി; പ്രദേശമാകെ പുകയും രൂക്ഷ ഗന്ധവും; കത്തി പിടിച്ചത് ഭൂമിക്ക് അടിയിലൂടെ കടന്ന് പോകുന്ന ഹൈ ടെൻഷൻ ലൈൻ; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം; അതീവ ജാഗ്രതയിൽ പോലീസ്; മുന്നറിയിപ്പ് നൽകി സബ് കളക്ടർ

Update: 2025-07-08 16:59 GMT

കൊച്ചി: കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് വൻ പൊട്ടിത്തെറി. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎൽ ഹൈടെൻഷൻ ലൈനിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശം ആകെ പുകയും ദുർഗന്ധവുമുയർന്നു. റിഫൈനറിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. റിഫൈനറിയുടെ മതിലിനോട് ചേർന്നുള്ള ഹൈ ടെൻഷൻ ലൈൻ ആണ് പൊട്ടിത്തെറി ഉണ്ടായത്.

സ്ഥലത്ത് പോലീസിനെ വിന്യസിച്ചു. ഭൂമിക്ക് അടിയിലൂടെ കടന്ന് പോകുന്ന ഹൈ ടെൻഷൻ ലൈനാണ് തീ പിടിച്ചു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ബിപിസിഎൽ അഗ്നിരക്ഷ സംഘം തീ അണയ്ക്കാൻ തുടങ്ങി. പുകയും ദുർഗന്ധവും രൂക്ഷമായതിനാൽ വീടുകളിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തത്തി ബിപിസിഎല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പ്രദേശവാസികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാമെന്ന് ബിപിസിഎല്‍ അറിയിച്ചതായി സബ് കളക്ടർ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ചികിത്സയ്ക്കുള്ള പണം നൽകാമെന്ന് ബിപിസിഎൽ വ്യക്തമാക്കി.

അതേസമയം, വൈകിട്ട് അഞ്ചരയോടെ പൊട്ടിത്തെറിയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപടരുകയും ചെയ്തു. പ്രദേശമെങ്ങും പുക നിറഞ്ഞു. പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

റിഫൈനറിയില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, വാതകച്ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹൈടെൻഷൻ ലൈനിലെ പ്ലാസ്റ്റിക് വയറുകൾ കത്തിയതാണ് രൂക്ഷഗന്ധത്തിന് കാരണമെന്ന് സബ് കളക്ടർ അറിയിച്ചു. തീ ഏറെക്കുറെ കെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News