ടീകോമിനെ ഒഴിവാക്കുമ്പോള്‍ തകരുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റി മാതൃകയിലെ ആഗോള ഐടി ഹബ്ബ് എന്ന കേരള സ്വപ്നം; ടീകോം ഒഴിവായാല്‍ 'സ്മാര്‍ട് സിറ്റി കൊച്ചി' എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ല; ഇന്‍ഫോ പാര്‍ക്കിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയും; രണ്ടു പദ്ധതികള്‍ രണ്ടു വഴിക്ക് പോയപ്പോള്‍

Update: 2024-12-06 01:54 GMT

കൊച്ചി: പതിനേഴു വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം കാണാത്ത കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്ത് ഇന്‍ഫോപാര്‍ക്കിന്റെ കീഴിലാക്കണമെന്ന ആവശ്യം ശക്തമായത് ഈ വര്‍ഷം ആദ്യമാണ്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ കൈമാറിയ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ഐ.ടി., നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഇത് പരിഗണിക്കാതെയാണ് ടീകോമിന് നഷ്ടപരിഹാരം നല്‍കി പദ്ധതിയില്‍ ഇടപെടല്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം. ടീകോം ഒഴിവായാല്‍ 'സ്മാര്‍ട് സിറ്റി കൊച്ചി' എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ കഴിയുമോയെന്നുറപ്പില്ല. എന്നാല്‍, സ്ഥലം ഏറ്റെടുക്കാനും ഐടി പാര്‍ക്കായി വികസിപ്പിക്കാനും സാധ്യതകള്‍ ഏറെയുണ്ടുതാനും.

വന്‍വാഗ്ദാനങ്ങള്‍ നല്‍കി 2007 നവംബര്‍ 16ന് കല്ലിട്ട സ്മാര്‍ട്ട് സിറ്റിയില്‍ ഐ.ടി പ്രവര്‍ത്തനം കാര്യമായി മുന്നേറിയിട്ടില്ല. ഇന്‍ഫോപാര്‍ക്കിന്റെ തൊട്ടരികിലാണ് സ്മാര്‍ട്ട് സിറ്റിയുടെ 246 ഏക്കര്‍ പദ്ധതി പ്രദേശം. ഐ.ടി ആവശ്യങ്ങള്‍ക്ക് ഒരു കെട്ടിടം മാത്രമാണ് പൂര്‍ത്തിയായത്. ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം തികയാത്ത സാഹചര്യത്തിലാണ് സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ഈ വര്‍ഷം ആദ്യമാണ്. 2011-12ല്‍ ഇന്‍ഫോ പാര്‍ക്കില്‍ ഉണ്ടായിരുന്നത് വെറും 125 കമ്പനികളാണ്. ജീവനക്കാര്‍ 18,220ഉം. 30000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടി. കയറ്റുമതി 1094 കോടിയായിരുന്നു. എന്നാല്‍ 2023-24ല്‍ കഥ മാറി. 580 കമ്പനികളായി. ജീവനക്കാരുടെ എണ്ണം 67000വും. പരോക്ഷ തൊഴില്‍ 1.50 ലക്ഷമായി. സോഫ്റ്റ് വയര്‍ കയറ്റുമതി ഏതാണ്ട് ഒന്‍പതിരട്ടി കൂടി 9186 കോടി രൂപയായി. എന്നാല്‍ തൊട്ടടുത്തുള്ള സ്മാര്‍ട്ട് സിറ്റിയില്‍ ഒന്നും നടന്നില്ല.

സ്മാര്‍ട്ട്സിറ്റിയെ ഏറ്റെടുക്കണമെന്ന് ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ 246 ഏക്കറില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ഇനി വികസനത്തിന് സ്ഥലമില്ലാത്ത സ്ഥിതിയിലാണ് ഇന്‍ഫോപാര്‍ക്ക്. ഇതേറ്റെടുത്താല്‍ കാക്കനാട് മേഖലയിലെ ഐ.ടി കമ്പനികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഉപയോഗിക്കാത്ത സ്ഥലം ഫലപ്രദമായി വിനിയോഗിക്കാനും കഴിയും.150 കമ്പനികള്‍കാത്തുനില്‍ക്കുന്നുഐ.ടി കമ്പനികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇന്‍ഫോപാര്‍ക്ക്. പാര്‍ക്കിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങള്‍ പൂര്‍ണമായി കമ്പനികള്‍ ഏറ്റെടുത്തു. സ്ഥലം ആവശ്യപ്പെട്ട് 150 ഓളം കമ്പനികള്‍ ഇന്‍ഫോപാര്‍ക്കിനെ സമീപിച്ചിരുന്നു. മൂന്നാം ഘട്ടത്തിന് ലാന്‍ഡ് പൂളിംഗ് വ്യവസ്ഥയില്‍ സ്ഥലം കണ്ടെത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന തരിശുനിലങ്ങള്‍ ലാന്‍ഡ് പൂളിംഗ് വഴി ഉപയോഗിക്കാന്‍ കഴിയും.

സ്മാര്‍ട് സിറ്റിയില്‍ നിന്നു ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ തകരുന്നതു വിഖ്യാതമായ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ആഗോള ഐടി സിറ്റിയെന്ന കേരളത്തിന്റെ സ്വപ്നം. വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി പദ്ധതി ഏറ്റെടുത്ത ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലക്ഷ്യങ്ങള്‍ പാലിക്കുന്നതില്‍ പരാജയമായി. അതേസമയം, പദ്ധതിയില്‍ നിന്നു പിന്‍മാറാന്‍ ടീകോം തയാറാകുമോ, എത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെടും, നിയമയുദ്ധങ്ങള്‍ക്കു വഴി തെളിയുമോ തുടങ്ങി ചോദ്യങ്ങള്‍ ബാക്കിയാണ്. അതുകൊണ്ടാണ് ടീകോമിനു കൂടി താല്‍പര്യമുള്ള രീതിയില്‍ പങ്കാളിത്തം അവസാനിപ്പിക്കാനാള്ള സര്‍ക്കാര്‍ ശ്രമം. മറ്റൊരു നിക്ഷേപ പങ്കാളിയെ കണ്ടെത്തുകയാണ് ആദ്യവഴി. താല്‍പര്യമുള്ള നിക്ഷേപകര്‍ എത്തിയാല്‍ പുതുക്കിയ വ്യവസ്ഥകളോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാം. അതല്ലെങ്കില്‍ തൊട്ടു കിടക്കുന്ന ഇന്‍ഫോപാര്‍ക്കിനു സ്മാര്‍ട്ട് സിറ്റിയുടെ സ്ഥലവും കെട്ടിടങ്ങളും കൈമാറാം.

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്‍ഫോപാര്‍ക്ക് ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കൂടുതല്‍ കമ്പനികള്‍ക്ക് ഇടം നല്‍കാന്‍ കഴിയാത്ത വിധം സ്ഥല ദൗര്‍ലഭ്യത്താല്‍ വലയുകയാണ്. സ്മാര്‍ട്ട് സിറ്റിയുടെ സ്ഥലം ലഭ്യമായാല്‍ ഇന്‍ഫോപാര്‍ക്ക് 3-ാം ഘട്ടമായി വികസിപ്പിക്കാം. ഒരേ ഐടി ഇക്കോസിസ്റ്റത്തിന്റെ ഭാഗമായതിനാല്‍ ഐടി കമ്പനികളെ ആകര്‍ഷിക്കല്‍ എളുപ്പവുമാകും.

Tags:    

Similar News