കൊച്ചി മെട്രോയ്ക്ക് വരുമാനത്തേക്കാള്‍ കൂടുതല്‍ നഷ്ടം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത് 433 കോടിയുടെ നഷ്ടം; ഈ വര്‍ഷം 100 കോടിയുടെ നഷ്ടം: വരുമാനം കുറയുന്നതും ചിലവുകള്‍ കൂടുന്നതും നഷ്ടം ഉണ്ടാകാന്‍ കാരണം; കെ.എം.ആര്‍.എല്ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്

Update: 2024-12-23 00:51 GMT

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി മെട്രോയ്ക്ക് 433.49 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വ്‌നതായി റിപ്പോര്‍ട്ട്. 433.49 കോടിയുടെ നഷ്ടമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം ഏകദേശം 100 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 335.71 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍ 2023-24 സാമ്പത്തികവര്‍ഷത്തില്‍ മെട്രോയുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായതായും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രവര്‍ത്തന വരുമാനമായി കൊച്ചി മെട്രോ നേടിയത് 151.30 കോടി രൂപയാണ്. മറ്റ് ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.61 കോടി രൂപയാണ്. മുന്‍ വര്‍ഷമിത് 200.99 കോടി രൂപയായിരുന്നു. വരുമാനത്തിനൊപ്പം ചെലവുകളിലും വര്‍ധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ആകെ ചെലവ് 205.60 കോടി രൂപയാണ്. മുന്‍ വര്‍ഷത്തിലിത് 128.89 കോടിയായിരുന്നു.

വായ്പ ഇനത്തിലുള്ള തിരിച്ചടവും കൊച്ചി മെട്രോയില്‍ ശേഷിക്കുന്നുണ്ട്. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡി.യില്‍ 1019.79 കോടി രൂപയും കാനറ ബാങ്കില്‍ 1386.97 കോടി രൂപയും വായ്പയുണ്ട്. മെട്രോ ഒന്നാംഘട്ടത്തിന്റെ നിര്‍മാണത്തിനായി എടുത്ത വായ്പയാണിത്. കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 672.18 കോടി രൂപയും വായ്പയായുണ്ട്. ഇതിനുപുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 141 കോടി രൂപയും ഹഡ്കോയില്‍ നിന്ന് 577.61 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്. പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനായി കാനറ ബാങ്കില്‍നിന്ന് 26.32 കോടി രൂപ വേറേയും എടുത്തിട്ടുണ്ട്. വായ്പ തിരിച്ചടവില്‍ വീഴ്ചവന്നതിനെ തുടര്‍ന്ന് ഇന്ത്യ റേറ്റിങ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിങ് കുറച്ചിട്ടുണ്ട്.

വാട്ടര്‍മെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്. ഇതില്‍ 156.07 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കും. ശേഷിക്കുന്ന തുക ജര്‍മന്‍ ഏജന്‍സിയായ കെ.എഫ്.ഡബ്ല്യു.വില്‍ നിന്നാണ് വായ്പയായി ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മെട്രോയില്‍ യാത്രചെയ്തത് 3,23,23,249 പേരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News