ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച തുടങ്ങി; കരാറില്‍ ഒപ്പിട്ടത് വി എസ് സര്‍ക്കാര്‍; പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം; നല്‍കിയത് എണ്ണായിരത്തില്‍ താഴെ; വ്യവസായ 'തള്ളിനിടെ' സ്വപ്നപദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കും

സ്വപ്നപദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു

Update: 2024-12-04 18:10 GMT

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള ടീകോം കമ്പനിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കും. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയേയും നിയോഗിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടായത്.

ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒകെ ഐഎച്ച് (ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എംഡി ഡോ ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയേയും ചുമതലപ്പെടുത്തി.

2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ചര്‍ച്ചകള്‍ തുടങ്ങിയത്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ടീകോമുമായി കാക്കനാട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കരാര്‍ ഒപ്പിട്ടിരുന്നു. 10 വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതിന്റെ മൂന്നിലൊന്നു പോലും തൊഴില്‍ കൊടുക്കാനായില്ല.

തിരിച്ചെടുക്കുന്ന ഭൂമി മറ്റ് വികസനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അറിയിച്ചു. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ പദ്ധതിയാണ് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി. ടീകോം പിന്മാറുന്നതോടെ പദ്ധതി പാതിവഴിയില്‍ അവസാനിക്കുകയാണ്. പ്രതിപക്ഷം റിയല്‍ എസ്റ്റേറ്റ് കച്ചവടം ആരോപിച്ചതോടെയാണ് പദ്ധതി വിവാദമായി മാറിയത്.

2005ല്‍ ധാരണപത്രം ഒപ്പിട്ടതോടെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നു. ഇതോടെ പദ്ധതി വന്‍ രാഷ്്ട്രീയ വിവാദമായി മാറി. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വി എസിന്റെ നിലപാട്. പിന്നീട് അധികാരത്തില്‍ വന്ന വി എസ് സര്‍ക്കാര്‍ പദ്ധതി കരാറില്‍ ഒപ്പുവച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാഗ്ദാനം ചെയ്തതിനേക്കാള്‍ പതിന്മടങ്ങ് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിച്ചും സ്വതന്ത്രാവകാശം നല്‍കുന്ന ഭൂമി കുരച്ചും അതില്‍ തന്നെ കര്‍ശന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചുമാണ് കരാര്‍ ഒപ്പുവച്ചത്.

വി എസ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലായിരുന്നു കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ ടീകോം പദ്ധതിയെ പിന്നോട്ടടിച്ചു. വലിയ പ്രതീക്ഷയോടെ വന്ന വിദേശനിക്ഷേപ പദ്ധതി എങ്ങുമെത്താതെ അവസാനിക്കുന്നതാണ് കണ്ടത്. ഇപ്പോള്‍ ടീ കോം പിന്മാറുമ്പോള്‍ ഐടി വ്യവസായമല്ല, മറിച്ച് റിയല്‍ എസ്‌റ്റേറ്റ് കച്ചവടമായിരുന്നു ടീ കോമിന്റെ താല്‍പര്യമെന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ്.

Tags:    

Similar News