മറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു; സിസിടിവിയില്‍ എല്ലാം തെളിഞ്ഞു; ചട്ടങ്ങളെ വെല്ലുവിളിക്കുന്ന കൊടി സുനിയ്ക്ക് എന്നിട്ടും പരോള്‍ കിട്ടുന്നു; പോലീസ് ബന്തവസിലെ മദ്യപാനക്കാര്‍ക്ക് പരോളിന് അനുമതിയുണ്ടോ? ടിപിയെ കൊന്നവര്‍ നാടു ഭരിക്കും കഥ!

Update: 2025-08-01 00:49 GMT

കണ്ണൂര്‍: കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ വിഐപികള്‍ തന്നെ. കണ്ണൂര്‍ ജയിലിലെ പല പ്രശ്‌നങ്ങളും വിവാദമാകുന്നതിനിടെയാണ് പോലീസിനെ വെട്ടിലാക്കി പുതിയ വിവരം പുറത്തേക്ക് വരുന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടര്‍ന്ന് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നു. നേരത്തേ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ 21 മുതല്‍ കൊടി സുനി പരോളിലാണ്. ഏഴിന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തണം. ഇതിനിടെയാണ് പുതിയ വിവാദം. കൊടി സുനിയ്ക്ക് പരോള്‍ നല്‍കിയതും ഈ സംഭവത്തോടെ വിവാദത്തിലാകുകയാണ്.

എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാന്‍ അവസരമൊരുക്കിയെന്നാണ് കണ്ടെത്തല്‍. പോലീസിനെതിരെ നടപടി എടുക്കുമ്പോഴും അനധികൃതമായി പരോള്‍ അടക്കം നല്‍കി കൊടി സുനിയെ ആഗ്രഹത്തിനൊപ്പം വിടുകയാണ് സര്‍ക്കാര്‍.

പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകള്‍ നിലവിലുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷന്‍ ഏര്‍പ്പാടുകള്‍ നടത്തിയതും നാടിനറിയാം. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷന് അപേക്ഷ നല്‍കിയിരുന്നു. കമീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തത്. പരോള്‍ ലഭിച്ചതോടെ കൊടി സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി.

കൊടി സുനി അടക്കം പ്രതികള്‍ക്ക് മുമ്പും പരോള്‍ ലഭിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. പരോളിനിടയിലാണ് രണ്ടാം പ്രതി കിര്‍മാണി മനോജിനെ ലഹരി പാര്‍ട്ടി നടത്തിയതിന് പിടികൂടിയത്. സ്ഥിരം കുറ്റവാളികള്‍, ഇന്ത്യന്‍ ശിക്ഷ നിയമം 392 മുതല്‍ 402 വരെയുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടവര്‍, ബലാത്സംഗക്കേസ് പ്രതികള്‍, വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍, അപകടകാരികളായ തടവുകാര്‍, ഗുരുതര ജയില്‍ നിയമലംഘനം നടത്തിയവര്‍, മാനസിക പ്രശ്‌നമുള്ളതും പകര്‍ച്ചവ്യാധിയുള്ളതുമായ തടവുകാര്‍, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് പരോള്‍ അനുവദിക്കരുതെന്നാണ് നിയമം.

ഇതിനിടെയാണ് മദ്യപാന വിവാദത്തില്‍ പോലീസിനെതിരെ നടപടി വരുന്നത്. ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തി മദ്യം നല്‍കി. പോലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. മറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു.

നേരത്തെ, കൊടിസുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു. അതുമാത്രമല്ല, കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതും പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്‍ണക്കടത്തും നിയന്ത്രിച്ചതും വരെ ഇതിന് മുന്‍പ് പുറത്തുവരികയും വിവാദമാകുകയും ചെയ്തിട്ടുണ്ട്. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു. എന്നിട്ടും കൊടി സുനിയ്ക്ക് ഇപ്പോഴും പരോള്‍ കിട്ടുന്നു.

കൊടി സുനിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു. ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്. തവനൂര്‍ ജയിലില്‍ നിന്ന് 30 ദിവസത്തേക്ക് സുനി പുറത്തിറങ്ങിയത് അമ്മയുടെ അപേക്ഷ പരിഗണിച്ചുള്ള ജയില്‍ ഡിജിപിയുടെ നടപടിയിലായിരുന്നു,

ടി.പി കേസിലെ പ്രതികള്‍ക്ക് ചട്ടങ്ങള്‍ പാലിക്കാതെ പരോള്‍ അനുവദിച്ചെന്ന ആക്ഷേപമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഒരു പരോളിനു ശേഷം രണ്ടുമാസം പിന്നിട്ടപ്പോള്‍ വീണ്ടും സുനിക്ക് പരോള്‍ അനുവദിച്ചു. 2019ല്‍ പരോളിനിടെ, യുവാവിനെ റിസോര്‍ട്ടില്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കൊടി സുനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചതടക്കം സംഭവങ്ങളുമുണ്ടായി.

ശിക്ഷ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെ വിട്ടയക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളി ശിക്ഷ വര്‍ധിപ്പിച്ച ഹൈകോടതി 20 വര്‍ഷം വരെ ശിക്ഷ ഇളവ് പാടില്ലെന്ന് വിധിച്ചു. ഇത് അവഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ടി.പി കേസ് പ്രതികളെയും ഉള്‍പ്പെടുത്തി. പിന്നീട് ഇത് നടക്കാതെ പോവുകയും ചെയ്തു.

നേരത്തെ കൊടി സുനിക്ക് പൊലീസ് റിപ്പോര്‍ട്ട് തള്ളി പരോള്‍ അനുവദിച്ചതിനെ പിന്തുണച്ച് സി.പി.എം മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ രംഗത്തു വന്നിരുന്നു. കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമെന്ന് പി. ജയരാജന്‍ ചോദിച്ചു. അര്‍ഹതയുണ്ടായിട്ടും സുനിക്ക് ആറ് വര്‍ഷമായി പരോള്‍ അനുവദിച്ചില്ല. കോവിഡ് കാലത്ത് പോലും പരോള്‍ നല്‍കിയിരുന്നില്ലെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

മുമ്പ് പി. ജയരാജന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിര്‍ദേശം ! കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാല്‍ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയില്‍ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.

തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എല്‍ഡിഎഫ് ആണെന്നതിനാല്‍ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചു വരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു.

കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നില്‍കാത്തവര്‍ക്ക് മനുഷ്യാവകാശം പോലും നല്‍കരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ 'ഭീരു' വാദത്തിന്റെ പുതിയ വാദമാണ്.

Tags:    

Similar News