13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര്‍ സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കും
കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സുനില്‍കുമാര്‍ എന്ന കൊടി സുനിയെ ജയില്‍ മാറ്റണമെന്നാവശ്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് സൂചന. കൊടി സുനിയുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്. മലപ്പുറം തവനൂര്‍ ജയിലില്‍ കഴിയുന്ന സുനിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റണമെന്നാണ് ആവശ്യം. ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തോടെ കണ്ണൂരിലെ ജയില്‍ സുരക്ഷയില്‍ പല ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. മയക്കു മരുന്ന് മാഫിയയും അവിടെ പിടിമുറുക്കിയിട്ടുണ്ട്. ഇതിനിടെയാണ് കൊടി സുനിയെ കണ്ണൂരിലെത്തിക്കാനുള്ള നീക്കം.
13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ നിലപാട് തേടി. പ്രായാധിക്യവും സന്ധിവാതം, ആസ്ത്മ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം മകനെ കാണാന്‍ കഴിയുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കണ്ണൂരിലെ തന്റെ വീട്ടില്‍നിന്നു തവനൂരിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന ആരോഗ്യസ്ഥിതിയില്ല. 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാല്‍, കാണാന്‍ കഴിഞ്ഞില്ല. 2012 മേയിലാണ് ടിപി കൊല്ലപ്പെടുന്നത്. പിന്നാലെ കൊടി സുനിയും സംഘവും അറസ്റ്റിലായി. കണ്ണൂര്‍ ജയിലിലാണ് കുറേ നാള്‍ കഴിഞ്ഞത്. അന്നൊന്നും അമ്മ മകനെ ജയിലില്‍ പോയി കണ്ടിരുന്നില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഹര്‍ജി. 13 കൊല്ലമായി താന്‍ മകനെ കണ്ടിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനൊപ്പമാണ് ഹര്‍ജിയില്‍ അമ്മ മറ്റ് ചിലതു കൂടി പറയുന്നത്. ഇക്കൊല്ലം ആദ്യം മറ്റൊരു കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സുനിയെ താത്കാലികമായി കണ്ണൂര്‍ ജയിലിലേക്കു മാറ്റി. അവിടെയായിരിക്കേ 15 ദിവസത്തെ പരോള്‍ അനുവദിച്ചു. എന്നാല്‍ പരോള്‍ കാലാവധി തീരുംമുമ്പ് പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ചു സുനിയെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് തിരികെ അയച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 18ന് വീണ്ടും പരിഗണിക്കും. അതായത് പരോള്‍ ലംഘിച്ച വ്യക്തിയെ അറസ്റ്റു ചെയ്ത കാര്യം അമ്മ തന്നെ കോടതിയെ അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ന്ല്‍കുന്ന മറുപടി നിര്‍ണ്ണായകമാണ്. കൊടി സുനിയെ വീണ്ടും കണ്ണൂരില്‍ എത്താന്‍ സര്‍ക്കാര്‍ അനുവദിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും മറ്റ് ജയില്‍ച്ചട്ടങ്ങള്‍ തെറ്റിക്കുകയും ചെയ്‌തെന്ന് കാണിച്ച് തെളിയിക്കപ്പെട്ടതിന് ശേഷമാണ് ടി. പി. ചന്ദ്രശേഖരന്‍ കേസിലെ പ്രധാന പ്രതിയായ കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ജയില്‍ അധികൃതരുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. കൊടി സുനിക്കും ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍ക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് പലതവണ ആക്ഷേപമുയര്‍ന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊടി സുനിയെ കണ്ണൂരില്‍ സജീവമാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ് അടുത്തിടെ രംഗത്തു വന്നിരുന്നു ടിപി വധക്കേസിലെ പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചിരുന്നു. എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കുമാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത്. വിവാദമായതോടെ പല ന്യായങ്ങള്‍ പറഞ്ഞ് ജയില്‍ വകുപ്പ് തടിയൂരി.
മാഹി ഇരട്ടകൊലക്കേസില്‍ വിട്ടയച്ച കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള കത്ത് ജയില്‍ വകുപ്പ് തയ്യാറാക്കിയത്. അവധി ആനുകൂല്യം നല്‍കി വിടുതല്‍ ചെയ്യുന്നതിന് ജയില്‍ സൂപ്രണ്ടുമാരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണവുമായി ജയില്‍ എഡിജിപി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ വ്യക്തമാക്കുന്നത്.
മാഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവര്‍ ഉള്‍പ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസില്‍ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയാല്‍ സുരക്ഷാ പ്രശ്‌നമുണ്ടോയെന്നാണ് കത്തില്‍ ഉദ്ദേശിച്ചതെന്നുമാണ് ജയില്‍ മേധാവി എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ പിന്നീട് പറഞ്ഞത്. ടിപി വധക്കേസിലെ പ്രതികളെ 20വര്‍ഷത്തേക്ക് വിട്ടയക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയായിരുന്നു ഇത്തരമൊരു അസാധാരണ നടപടി.
