വലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം; വാഹനം ഓടിച്ച പ്രിന്‍സ് തോമസും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു; ഭാര്യ വിന്ദ്യയും മകളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍; അപകടം; ഉത്രാട ദിനത്തില്‍ തേവലക്കരയെ കണ്ണീരിലാക്കി ദുരന്തം

വലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം

Update: 2025-09-04 04:07 GMT

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍. എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. ഇവര്‍ അപകടം നടന്ന തല്‍ക്ഷണം മരിച്ചു. പ്രിന്‍സിന്റെ ഭാര്യ വിന്ദ്യ സൂസന്‍ വര്‍ഗിസ്, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്.

അപകടത്തില്‍ കെഎസ്ആര്‍ടി ബസ്സിലുണ്ടായിരുന്ന 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപംവ്യാഴാഴ്ച രാവിലെ 6:10 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ എസ്.യു.വി ശ്രേണിയില്‍പ്പെടുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്നു എസ്.യു.വിയുമാണ് അപകടത്തില്‍പ്പെട്ടത്.

യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. അഞ്ച് പേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തേലവക്കര വീട്ടിലേക്ക് എത്താന്‍ പത്തുമിനിറ്റ് മാത്രം ബാക്കി നില്‍ക്കേയാണ് അപകടമുണ്ടായത്. മരിച്ച അതുല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക എല്‍കെജി വിദ്യാര്‍ഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

അതിശക്തമായ ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടില്‍ സജീവമായിരുന്ന വ്യക്തിയാണ് പ്രിന്‍സ്. പ്രിന്‍സിനും കുടുംബത്തിനുമുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News