കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താണു; സംരക്ഷണ ഭിത്തി ഇടിഞ്ഞു താണതോടെ സര്‍വീസ് റോഡ് തകര്‍ന്നു; നിരവധി വാഹനങ്ങള്‍ കുടുങ്ങിയ നിലയില്‍; അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശം
കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താണു;
കൊല്ലം: കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്‌കൂള്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി കിടക്കുകയാണ്. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് ജീവനുകള്‍ നഷ്ടമാകാതിരുന്നത്. വന്‍ ദുരന്തമാണ് വഴിമാറിയത്. കൂരിയാട് ഭാഗത്ത് ദേശീയപാത ഇടിഞ്ഞു താഴ്ന്നതിന് സമാനമായ കാര്യങ്ങളാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കി. ദേശീയപാതാ അതോരിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തും.
സര്‍വീസ് റോഡിന്റെ ഒരുഭാഗം വിണ്ടുകീറിയ അവസ്ഥയിലാണ്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ ദേശീയപാതയുടെ നിര്‍മാണം നടത്തുന്ന ശിവാലയ എന്ന കമ്പനിക്കെതിരെ പ്രദേശവാസികള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
അശാസ്ത്രീയമായാണ് ദേശീയപാതയുടെ നിര്‍മാണം നടത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. 'ഇതിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി കൊടുത്തിരുന്നു. ശിവാലയ കമ്പനിയാണ് ദേശീയപാതയുടെ നിര്‍മാണ് ഏറ്റെടുത്തിരിക്കുന്നത്. കൊല്ലത്ത് ഏ?റ്റവും കൂടുതല്‍ ഗതാഗത തടസമുണ്ടാകുന്ന പ്രദേശമാണ് കൊട്ടിയം. കളക്ടറും ഇവിടെ സന്ദര്‍ശിച്ചതാണ്. ഭൂമിശാസ്ത്പപരമായ പരിശോധന നടത്തുമെന്നാണ് അവര്‍ പരാതി അറിയിച്ചപ്പോള്‍ പറഞ്ഞിരുന്നത്. ഇതുവരെയായിട്ടും അങ്ങനെയൊന്നും നടന്നതായി കണ്ടില്ല. ആര്‍ക്കോ വേണ്ടിയാണ് അവര്‍ നിര്‍മാണം നടത്തുന്നത്'- ഒരു പ്രദേശവാസി പറഞ്ഞു
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്.
