വേദിയില്‍ കയറാന്‍ ശ്രമിച്ച് പ്രകോപനം; പിന്നാലെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തല്‍; കലാപരിപാടി കണ്ടിരുന്നവരില്‍ ഭാര്യയും മക്കളും; മുഖ്യമന്ത്രി പോയതിന് പിന്നാലെ പെട്രോളോഴിച്ച് തീകൊളുത്തല്‍; കോവളത്തേത് സുരക്ഷാ വീഴ്ച; സിപിഎം സമ്മേളന വേദിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പാര്‍ട്ടി കുടുംബാഗം

Update: 2024-12-24 02:23 GMT

തിരുവനന്തപുരം : കോവളത്ത് സി.പി.എം ജില്ലാ സമ്മേളന വേദിക്കരികെ യുവാവിിന്റെ ആത്മഹത്യാ ശ്രമം നടന്നത് എന്തിനെന്ന് ആര്‍ക്കും ഇനിയും അറിയില്ല. വിഴിഞ്ഞം തോട്ടരികത്ത് വീട്ടില്‍ രതീഷാണ് (43) സ്വയം തീ കൊളുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സി.പി.എം പ്രവര്‍ത്തകനായ അരവിന്ദ് സൂരിയുടെ കൈയ്ക്ക് പൊള്ളലേറ്റു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം അറിയില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

40 ശതമാനം പൊള്ളലേറ്റ രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നു ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു .സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ കലാപരിപാടി നടന്ന വേദിക്കരികില്‍ ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് രണ്ട് തവണ വേദിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇയാളെ വേദിയുടെ ഇടതു വശത്തേക്ക് മാറ്റി.

അവിടെ കസേരയിലിരുന്ന യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളുടെ ഭാര്യയും മക്കളും സമീപത്തിരുന്ന് കലാപരിപാടി കാണുന്നുണ്ടായിരുന്നു. കൈയ്യില്‍ പെട്രോളുമായി എത്തിയതു കൊണ്ടു തന്നെ ആസൂത്രിത ആത്മഹത്യയ്കുള്ള ശ്രമമായിരുന്നുവെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ വേദിക്ക് അരികെ ഉണ്ടായ സംഭവം വലിയ സുരക്ഷാ വീഴ്ചയാണ്. ഇയാള്‍ സ്വയം പ്രകോപനമുണ്ടാക്കി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.

തീ പടരുന്നതു കണ്ടതോടെ സി.പി.എം പ്രവര്‍ത്തകര്‍ ഓടിയെത്തി ചാക്കും ടാര്‍പോളിനുമുപയോഗിച്ച് രതീഷിനെ രക്ഷിക്കുകയായിരുന്നു. ഉടന്‍ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും രതീഷ് തയ്യാറായില്ല. വാഹനത്തിന്റെ ഡോര്‍ തുറന്ന് രണ്ട് തവണ ഇയാള്‍ പുറത്തിറങ്ങി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചാണ് രതീഷിനെ വാഹനത്തില്‍ കയറ്റിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഒപ്പം കൊണ്ടുപോയി. രതീഷിന്റെ കുടുംബം സി.പി.എം അനുഭാവികളായിരുന്നു.

Tags:    

Similar News