അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയ വിവരം ഭാര്യ കൃഷ്ണപ്രിയ അറിഞ്ഞത് ബാങ്കിലെ ജോലിക്കിടെ; ശുഭകരമല്ലാത്ത വാര്‍ത്തയെങ്കിലും 71 ദിവസം കണ്ണീരുമായി കാത്തിരുന്ന കുടുംബത്തിന് ആശ്വാസം; അര്‍ജുനായി ഒറ്റക്കെട്ടായി നിന്ന് നാടും വീട്ടുകാരും
അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയ വിവരം ഭാര്യ കൃഷ്ണപ്രിയ അറിഞ്ഞത് ബാങ്കിലെ ജോലിക്കിടെ
കോഴിക്കോട്: 71 ദിവസത്തെ കാത്തിരിപ്പും അര്‍ജുന്റെ അന്ത്യകര്‍മ്മം നിര്‍വഹിക്കാന്‍ വേണ്ടി ഒരു അസ്ഥിയെങ്കിലും കിട്ടണമെന്ന കുടുംബത്തിന്റെ നിശ്ചയ ദാര്‍ഢ്യവുമാണ് അര്‍ജുന്‍ ദൗത്യത്തില്‍ നിര്‍ണായകമായിരുന്നത്. കുടുംബം ഒറ്റക്കെട്ടായി അര്‍ജുന് വേണ്ടി നിലകൊള്ളുകയാണ് ഉണ്ടായത്. ശുഭകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുന്നതെങ്കിലും കുടുംബത്തിന് ആശ്വാസം നല്‍കുന്നതായി മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത.
സങ്കടകരമായ വാര്‍ത്തയാണ് ബുധനാഴ്ച ഉച്ചയോടെ കുടുംബത്തിലെത്തിയതെങ്കിലും ഊണും ഉറക്കവുമില്ലാതെ 71 ദിവസം കഴിച്ചുകൂട്ടിയ കുടുംബത്തിന് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത് വലിയൊരാശ്വാസമാണ് നല്‍കുന്നത്. മകനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ മതിയെന്ന ചിന്തയായിരുന്നു അര്‍ജുന്റെ പിതാവ് പ്രേമനും കുടുംബത്തിനും. തിരച്ചില്‍ വൈകിയാല്‍ ജീവന്‍ അപകടപ്പെടുമെന്നുകരുതി കെഞ്ചിയും കരഞ്ഞും ഭീഷണിപ്പെടുത്തിയും കുടുംബം ആദ്യനാളുകളില്‍ ചെറുത്തുനിന്നു.
കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം നാട് പ്രതിഷേധ സമരങ്ങള്‍വരെ സംഘടിപ്പിച്ച് ഒപ്പംനിന്നു. കുടുംബം ഒറ്റപ്പെടാതിരിക്കാന്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സര്‍വിസ് സഹകരണ ബാങ്കില്‍ ജോലിനല്‍കി പാര്‍ട്ടിയും ചേര്‍ത്തുപിടിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ജോലിയില്‍ പ്രവേശിച്ച കൃഷ്ണപ്രിയ ജോലിക്കിടെയാണ് ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ഉടന്‍ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. വീട്ടില്‍ കയറി രണ്ടര വയസ്സുള്ള മകന്‍ അയനെ തോളിലെടുത്ത് അകത്തേക്കുപോയി.
ഡ്രഡ്ജിങ് തുടങ്ങിയ ആദ്യ ദിവസം മുതല്‍ സഹോദരന്‍ അഭിജിത്തും സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും ഷിരൂരിലായിരുന്നു. അഞ്ജു ചൊവ്വാഴ്ച വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി. തളര്‍ന്നുകിടക്കുന്നവരെ ആശ്വസിപ്പിക്കാനാവാതെ ഒപ്പം നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഡി.എന്‍.എ. പരിശോധനയടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമാവൂ. അതുവരെ അവര്‍ ഇവിടെ തുടരും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹഭാഗങ്ങള്‍ വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ കുടുംബം.
കാത്തിരിപ്പിനും നിസ്സഹായതയ്ക്കും പരാതിപ്പെടലുകള്‍ക്കും ഒടുവിലാണ് അര്‍ജുന്‍ ഇനി ജീവനോടെ വരില്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് ആ വീടെത്തിയത്. തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷ പിന്നീട് കൈവിട്ടുപോയപ്പോഴാണ് അമ്മതന്നെ, 'ഇനി മകന്‍ ജീവനോടെ വരുമെന്ന പ്രതീക്ഷയില്ല', എന്ന് ഒരുഘട്ടത്തില്‍ പറഞ്ഞത്. മകന്‍ തിരിച്ചുവരില്ലെന്ന കനത്ത നിസ്സഹായതയേക്കാള്‍, തിരച്ചില്‍ നീണ്ടുപോകുന്നതിലെ അമര്‍ഷമായിരുന്നു ആ വാക്കുകളില്‍. എങ്കിലും ഒരു അത്ഭുതം പ്രതീക്ഷിച്ച് ആ കുടുംബം മുട്ടാത്ത വാതിലുകളില്ല.
ഷിരൂരില്‍ അപകടം നടക്കുന്നതിന്റെ തലേദിവസം അര്‍ജുന്‍ ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. പിന്നീട് അര്‍ജുന്റെ വിളിവരാതിരുന്നത് അസ്വാഭാവികമായി തോന്നിയതോടെയാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്. ലോറിയുടെ ലൊക്കേഷന്‍ ഷിരൂരിലാണെന്ന് മനസിലായി. ജിതിനും മനാഫും സഹോദരനും ഉള്‍പ്പെടുയള്ളവര്‍ തിരഞ്ഞുചെന്നു. അവിടുത്ത രക്ഷാപ്രവര്‍ത്തനത്തിന് വേഗമില്ലെന്ന് കണ്ടതോടെയാണ് ഭരണതലത്തിലെ ഇടപെടലിനായി എം.പിയേയും മുഖ്യമന്ത്രിയേയും കണ്ടത്.
ജീവനോടെ കണ്ടെത്താനുള്ള സമയം പാഴാവുന്നുവെന്ന് കണ്ടതോടെയാണ് കുടുംബം ഷിരൂരിലെ ദൗത്യരീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചത്. തര്‍ക്കത്തിനിടെ ലോറി ഉടമ മനാഫിനെ കാര്‍വാര്‍ എസ്.പി. നാരായണ മര്‍ദിച്ചുവെന്ന വാര്‍ത്ത കുടുംബത്തെ വിഷമിപ്പിച്ചു. സൈന്യത്തേയോ കേരളത്തില്‍നിന്നുള്ളവരേയോ ദൗത്യത്തിനിറക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ദൗത്യം സൈന്യത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. പിന്നീട് സൈന്യമെത്തി തിരച്ചില്‍ നടത്തിയപ്പോഴും ഫലമൊന്നുമില്ലാതെവന്നതോടെ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും രംഗത്തെത്തി. ഇതിന് പിന്നാലെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും അതിന്മേല്‍ കേസുമുണ്ടായി.
13 ദിവസം പിന്നിട്ട് തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങിയതോടെ വീണ്ടും കുടുംബം ആശങ്കപങ്കുവെച്ച് രംഗത്തെത്തി. ലോറി ലൊക്കേറ്റ് ചെയ്തിട്ടും പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കുടുംബവും നിസ്സഹായരായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
ഒരുമാസവും മൂന്ന് ദിവസവും കഴിഞ്ഞപ്പോള്‍ കര്‍ണാടകയില്‍നിന്ന് കണ്ണാടിക്കലിലെ വീട്ടിലെത്തി അര്‍ജുന്റെ കുടുംബത്തെ ഈശ്വര്‍ മാല്‍പെ സന്ദര്‍ശിച്ചു. എന്റെ മകനെ കണ്ടെത്തില്ലേയെന്ന ചോദ്യമായിരുന്നു അമ്മയ്ക്ക് ഈശ്വര്‍ മാല്‍പെയോട് ആകെ ചോദിക്കാനുണ്ടായിരുന്നത്. ആ അമ്മയ്ക്കും കുടുംബത്തിനും അര്‍ജുനെ കണ്ടെത്തുമെന്ന് വാക്കുനല്‍കിയാണ് മാല്‍പെ മടങ്ങിയത്. എന്നാല്‍, വീണ്ടും തിരച്ചിലാരംഭിച്ച് മൂന്നാംദിവസം ഈശ്വര്‍ മാല്‍പെയ്ക്ക് ദൗത്യമുപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അവിടുന്നും മൂന്നാംദിവസം, ഈശ്വര്‍ മാല്‍പെയില്ലാതെതന്നെ ഈ ദൗത്യം പൂര്‍ത്തിയായി.