ഇത്തരത്തില്‍ ഗുരുതരമായ കേസില്‍ പ്രതിയായ ആള്‍ നാളെ കെ എസ് ഐ ഇയുടെ മേധാവിയായി വരുന്നത് ആത്മാഭിമാനമുള്ള ഒരു ജീവനക്കാരനും അംഗീകരിക്കുവാന്‍ കഴിയില്ല; സര്‍ക്കാരിന്റെ വിശ്വസ്തനെതിരെ സമരവുമായി ഇടതു സംഘടനകളും; പിഎഫ് ക്രമക്കേടുകളും ചര്‍ച്ചകളില്‍; ഡോ ശ്രീകുമാറിനെതിരെ നീക്കം ശക്തം

Update: 2025-10-13 06:25 GMT

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഇ എംഡി ഡോക്ടര്‍ ശ്രീകുമാറിനെതിരെ പരസ്യ പ്രതിഷേധവുമായി ഇടുതു സംഘടനകള്‍. ജീവനക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിന് ഉദ്യോഗസ്ഥ മ്യൂസിയം പോലീസില്‍ പരാതി നല്‍കിിരുന്നു. മ്യൂസിയം പോലീസ്എഫ് ഐ ആര്‍ ഇട്ട് കേസ് അന്വേഷണം ആരംഭിച്ചു. ഈ വിഷയത്തിലാണ് പ്രതിഷേധം.

നമ്മുടെ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ജാമ്യമില്ലാ കേസില്‍ പ്രതിയാണ് കമ്പനിയുടെ എം.ഡി യായ ഡോ: ബി.ശ്രീകുമാര്‍ . ഈ മാന്യദേഹം മുന്‍കൂര്‍ ജാമ്യത്തിനായിട്ട് ശ്രമിക്കുന്നതായി അറിയുവാന്‍ കഴിയുന്നു. ഇത്തരത്തില്‍ ഗുരുതരമായ കേസില്‍ പ്രതിയായ ആള്‍ നാളെ കെ എസ് ഐ ഇയുടെ മേധാവിയായി വരുന്നത് ആത്മാഭിമാനമുള്ള ഒരു ജീവനക്കാരനും അംഗീകരിക്കുവാന്‍ കഴിയില്ല. ആയതിനാല്‍ കുപ്രസിദ്ധനായ എംഡിയെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് കെ.എസ്.ഐ. ഇ യുടെ ഗേറ്റിനു മുന്‍പില്‍ സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രതിക്ഷേധ സമരം സംഘടിപ്പിക്കുകയാണ് ഇടതു സംഘടനകള്‍, സിഐടിയുവും എഐടിയുസിയും എസ് ടിയുവും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് പ്രതിഷേധ കുറിപ്പില്‍ പറയുന്നത്.

മുമ്പും പലതവണ പലരേയും വശീകരിക്കാന്‍ ഡോക്ടര്‍ ശ്രീകമാറിന്റെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇപ്പോഴത്തെ കേസ് പിന്‍വലിക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടന്നുവെന്നും ആരോപിക്കുന്നു. മുന്‍ മന്ത്രി അടക്കം പോലീസില്‍ വിളിച്ചു. പക്ഷേ യുവതിയും കുടുംബവും പരാതിയില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. പോലീസും നടപടിയില്‍ ഉറച്ചു നിന്നു. കേരളാ ഫീഡ്സിന്റെ എംഡി ആയിരുന്ന ശ്രീകുമാര്‍ കെ എസ് ഐ ഇ എംഡി ആയി വന്നത് കഴിഞ്ഞ ഡിസംബറിലാണ്്. ഒട്ടനവധി പിന്‍വാതില്‍ നിയമനങ്ങള്‍ ഇതിനകം കെ എസ് ഐ ഇയിലും വിവിധ യൂണിറ്റിലും നടത്തി വ്യവസായ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഉറ്റ തോഴനായി നില്‍ക്കുന്ന സമയത്താണ് ലൈംഗികാതിക്രമ കേസ് വന്നത്. ഇത് സര്‍ക്കാരിനും തിരിച്ചടിയായെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.

ഓഫീസില്‍ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ശ്രീകുമാര്‍ പെരുമാറിയെന്നാണ് പരാതി. പിഎഫിലെ അടക്കം ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ പരാതിയെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഉദ്യോഗസ്ഥയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News