ജീവനക്കാരെല്ലാം സന്തുഷ്ടര്‍; പൊതു പണിമുടക്കില്‍ എന്റെ ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് ഗതാഗതമന്ത്രി; സമര നോട്ടീസ് കിട്ടിയിട്ടില്ലെന്നും മന്ത്രിയുടെ പ്രഖ്യാപനം; അത് കള്ളമെന്ന് സിഐടിയുവും എഐടിയുസിയും; കേന്ദ്രത്തിനെതിരായ സമരത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരും അണിനിരക്കും; ഇടതിനെ ഞെട്ടിച്ച് ഗണേഷന്റെ സമര വിരുദ്ധ ചിന്ത

Update: 2025-07-08 06:05 GMT

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ 'പൊതുപണിമുടക്കില്‍' ജീവനക്കാരും മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മില്‍ തര്‍ക്കത്തില്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം സിഐടിയു തള്ളി. സമരം ചെയ്യുമെന്ന് സിഐടിയു വ്യക്തമാക്കി. സമരത്തിന്റെ നോട്ടീസ് മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ടെന്നും സി ഐ ടി യു അറിയിച്ചു. ഇതോടെ നാളെ എല്ലാ സിഐടിയു ജീവനക്കാരും സമരത്തിന് ഇറങ്ങുമെന്ന് വ്യക്തമായി. പൊതു പണിമുടക്കിനെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സിപിഎം നേതാവ് അനില്‍കുമാറും പ്രതികരിച്ചു. എന്നാല്‍ ബിഎംഎസ് യൂണിയന്‍ സമരത്തില്‍ പങ്കെടുക്കില്ല.

മന്ത്രിയെ തള്ളി വിവിധ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ രംഗത്തെത്തി. പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി അറിയിച്ചപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സി.ഐ.ടു.യു മറുപടി. കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വില്‍പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് പൊതുപണിമുടക്ക്. ഇതാണ് കെ എസ് ആര്‍ ടി സിയില്‍ വേണ്ടെന്ന് ഗണേഷ് കുമാര്‍ പറയുന്നത്.

പൊതു പണിമുടക്ക് കെ എസ് ആര്‍ ടി സിയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം അടക്കം ചൂണ്ടിക്കാട്ടിയാണ് ഗണേഷ് കുമാര്‍ സമരം വേണ്ടെന്ന് പറഞ്ഞു വച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ഒരു ഇടതു സംഘടനയ്ക്കും കഴിയില്ലെന്നതാണ് സിഐടിയു നിലപാട്. പണിമുടക്കിനെ സിപിഎമ്മും പിന്തുണയ്ക്കുന്നു. എല്ലാം അറിഞ്ഞിട്ടും മന്ത്രി അനാവശ്യ വിവാദമുണ്ടാക്കിയത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ കടന്നാക്രമിക്കാതെ സമരവുമായി മുമ്പോട്ട് പോകും. പൊതു പണിമുടക്കിന് നോട്ടീസ് നല്‍കിയതിന്റെ പകര്‍പ്പും ഇടതു സംഘടനകള്‍ പുറത്തു വിട്ടിട്ടുണ്ട്. സിഐടിയുവിനൊപ്പം എഐടിയുസിയും മന്ത്രിയുടെ സമര വിരുദ്ധ പ്രസ്താവനയ്ക്ക് എതിരാണ്. ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകളും സമരത്തിലാണ്. നാളെ ഇവര്‍ക്കൊപ്പം കെ എസ് ആര്‍ ടി സി ജീവനക്കാരും സമരമുണ്ടാക്കും.

കര്‍ഷകര്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇന്‍ഷുറന്‍സ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. 25 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് പ്രതിനിധി അമര്‍ജിത് കൗര്‍ പറഞ്ഞു. സി.പി.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി നേതാക്കള്‍, സംയുക്ത കിസാന്‍ മോര്‍ച്ച, കാര്‍ഷിക തൊഴിലാളി സംഘടനകള്‍ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News