ഇനി സിപിഎം സിന്‍ഡിക്കേറ്റ് സഹകരിച്ചില്ലെങ്കിലും സാങ്കേതിക സര്‍വ്വകലാശാലയില്‍ എല്ലാം നടക്കും; വിസിയ്ക്ക് ഇനി വിവേചനാധികാരം ഉപയോഗിക്കാം; ഭരണ പ്രതിസന്ധി നേരിടുന്ന കെടിയുവില്‍ എല്ലാം ശരിയാക്കി ഗവര്‍ണ്ണറുടെ തീരുമാനം; ശമ്പളം മുടങ്ങാതിരിക്കാന്‍ അര്‍ലേക്കര്‍ ഇടപെടല്‍ ഇങ്ങനെ
തിരുവനന്തപുരം: ഭരണപ്രതിസന്ധി നേരിടുന്ന സാങ്കേതിക സര്‍വകലാശാല(കെടിയു)യിലെ പ്രതിസന്ധിയില്‍ ഇടപെട്ട് ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗവര്‍ണര്‍ നിയമിച്ച വിസിയോട് നിസ്സഹകരണത്തിലാണ് സിപിഎം ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ്. അഞ്ചുതവണ യോഗം വിളിച്ചെങ്കിലും നടന്നില്ല. ഈ സാഹചര്യത്തില്‍ സിപിഎം സിന്‍ഡിക്കേറ്റ് ഇനിയും സഹകരിച്ചില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് വിവേചനാധികാരം ഉപയോഗിക്കും. ഇതിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. അസാധാരണ സാഹചര്യങ്ങളിലാണ് ഗവര്‍ണ്ണര്‍മാര്‍ ഇത്തരത്തില്‍ ഇടപെടാറുള്ളത്. സാമ്പത്തികവര്‍ഷം രണ്ടു മാസമായിട്ടും ബജറ്റുപോലും പാസാക്കാനാവാതെ പ്രതിസന്ധിയിലാണ് സര്‍വകലാശാല. ഈ സാഹചര്യത്തിലാണ് നീക്കം. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലറുമായി സിപിഎം അനുകൂല സിന്‍ഡിക്കേറ്റ് യുദ്ധം പ്രഖ്യാപിച്ചതോടെ, സാങ്കേതിക സര്‍വകലാശാല(കെടിയു)യില്‍ ഭരണപ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ തുടര്‍ച്ചയായി മുടങ്ങുന്ന സാഹചര്യത്തിലാണ് വിവേചനാധികാരം പ്രയോജനപ്പെടുത്തി സര്‍വകലാശാലാഭരണം മുന്നോട്ടുപോവാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ബജറ്റ് പാസാക്കാനും വിസിയ്ക്ക് കഴിയും. ബജറ്റിനായി ഏപ്രില്‍ 25-ന് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു. അപ്പോഴും സിപിഎം അംഗങ്ങള്‍ വിട്ടുനിന്നു. ചുരുങ്ങിയത് അഞ്ചുപേരുടെ പങ്കാളിത്തമുണ്ടെങ്കിലേ ക്വാറം തികയൂ. വിസിയും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുമൊഴിച്ചാല്‍ മറ്റാരും യോഗങ്ങള്‍ക്കെത്തിയില്ല. സര്‍ക്കാര്‍ പ്രതിനിധിയായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുത്തില്ല. ഇതു കൊണ്ട് യോഗം ചേരാന്‍ കഴിയുന്നില്ല.
ബജറ്റ് പാസാക്കാത്തതിനാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാണ് ഇപ്പോള്‍ നിത്യച്ചെലവുകള്‍ നിറവേറ്റുന്നത്. സംസ്ഥാനത്തെ എന്‍ജിനിയറിങ് സ്ഥാപനങ്ങളെല്ലാം കെടിയുവിനു കീഴിലാണ്. ബജറ്റ് പാസായില്ലെങ്കില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളത്തിനുപുറമേ, എന്‍ജിനിയറിങ് കോളേജുകളുടെ പ്രവര്‍ത്തനവും അവതാളത്തിലാവുന്ന സ്ഥിതി വരും. ഇത് മനസ്സിലാക്കിയാണ് ഗവര്‍ണര്‍ ഇടപെട്ടത്. ഭരണകക്ഷിയംഗങ്ങള്‍ മനഃപൂര്‍വം സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിസി ഗവര്‍ണറെ ധരിപ്പിച്ചു. ഇത് ഗവര്‍ണര്‍ക്ക് മനസ്സിലാകുകയും ചെയ്തു. ഇതു കണക്കിലെടുത്താണ് വിവേചനാധികാരം പ്രയോഗിക്കാനുള്ള നിര്‍ദേശം.
മാര്‍ച്ച് 14-നും 22-നും ഏപ്രില്‍ 25-നും വിസി സിന്‍ഡിക്കേറ്റ് വിളിച്ചെങ്കിലും നടന്നില്ല. അവസാന രണ്ടുയോഗങ്ങളും ബജറ്റിനുവേണ്ടിയായിരുന്നു. പക്ഷെ, വിസിയോടുള്ള എതിര്‍പ്പില്‍ സിപിഎം അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ സിന്‍ഡിക്കേറ്റ് നടന്നില്ല. ബോര്‍ഡ് ഓഫ് ഗവേണേഴ്സ് (ബിഒജി)വിളിച്ച് ബജറ്റ് പാസാക്കുന്നതിലും തടസ്സംവന്നു. സിന്‍ഡിക്കേറ്റില്‍ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉള്‍പ്പെടെ ആറുപേരുടെ കാലാവധി തീര്‍ന്നു. ഇവരെ ബിഒജി അംഗങ്ങളാക്കിയ സര്‍വകലാശാലാ ഭേദഗതി ബില്‍ രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. സിപിഎം എതിര്‍പ്പ് തുടരുന്നതിനാല്‍, ബിഒജിയില്‍ ആരൊയൊക്കെ വിളിക്കണമെന്നതില്‍ ഗവര്‍ണറോട് വ്യക്തത തേടിയിരിക്കുകയാണ് വിസി.
സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി എന്‍ജിനിയറിങ് കോളേജുകളില്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശനത്തിന് പണംനല്‍കുന്നതും വിസി വിളിച്ച ഫിനാന്‍സ് കമ്മിറ്റി പരിഗണിച്ചിരുന്നു. അതിനാല്‍, 'എന്റെ കേരളം' നോഡല്‍ ഓഫീസര്‍കൂടിയായ കെടിയു ഡീന്‍ യോഗത്തിനെത്തി. ഡീന്‍ സിപിഎം സംഘടനാംഗമാണെങ്കിലും മുന്‍സിന്‍ഡിക്കേറ്റംഗമായ എസ്എഫ്ഐ നേതാവ് ഒരു ദിവസം ഡീനിന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി. ഡീന്‍ വിസിക്കുനല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണിപ്പോള്‍. ഇതെല്ലാം സാങ്കേതിക സര്‍വ്വകലാശാലയെ പ്രതിസന്ധിയിലാക്കിയ കാരണങ്ങളാണ്.