ആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും; പ്രാതലിന് ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യം; ഊണിന് പയറ് തോരനും സാമ്പാറും അവിയലും; ഗോവിന്ദച്ചാമിക്കും കൊടി സുനിക്കുമെല്ലാം ജയിലില്‍ ഭക്ഷണം കുശാല്‍; സ്‌കൂളിലെ ഉച്ചയൂണിന്റെ പേരില്‍ കുഞ്ചാക്കോ ബോബന്റെ മെക്കിട്ടു കേറുന്ന സഖാക്കള്‍ ജയില്‍ മെനു നോക്കാന്‍ മറക്കേണ്ട..!

ആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും

Update: 2025-08-10 12:20 GMT

തിരുവനന്തപുരം: ഒരു വാക്കുകൊണ്ട് നോവിച്ച് സഖാക്കളുടെ കണ്ണില്‍ കരടായാല്‍ പിന്നെ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ അനുഭവം. ആരോഗ്യവകുപ്പിലെ സിസ്റ്റം തകരാറിനെ കുറിച്ചു പ്രതികരിച്ചതിന്റെ പേരില്‍ മോഷണ കേസ് അടക്കം അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നു. ഇതിന് ശേഷം ഇപ്പോഴിതാ സഖാക്കള്‍ക്ക് കുതിര കയറാന്‍ ഒരാളു കൂടി കിട്ടി. സഖാക്കളുടെ കണ്ണിലെ ഇപ്പോഴത്തെ കരടായി മാറിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബനാണ്.

തൃക്കാക്കരയില്‍ 'സുഭിക്ഷം തൃക്കാക്കര' എന്ന പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍ വഹിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ പൊക്കിപിടിച്ചുകൊണ്ടാണ് സഖാക്കള്‍ ഇപ്പോള്‍ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൊതുവേ വിവാദങ്ങളില്‍ നിന്ന് മാറി നടക്കുന്ന താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍ എങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഏണി വെച്ചു പിടിച്ചാണ് ഇവര്‍ വിമര്‍ശനവുമായി രംഗത്തുവരുന്നത്.


Full View

പിടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപയുടെ ചെലവില്‍ തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28 സര്‍ക്കാര്‍, എയ്ഡഡ് എല്‍പി, യുപി സ്‌കൂളുകളില്‍ പഠിക്കുന്ന 7081 കുട്ടികള്‍ക്കായി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയാണ് ഇത്. ''വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന വേണം. കുട്ടികള്‍ക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നല്‍കുന്ന 'സുഭിക്ഷം തൃക്കാക്കര' പദ്ധതി ഏറ്റവും മാതൃകാപരമായൊരു തുടക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ചെറിയ വാര്‍ത്തയ്ക്കപ്പുറം ഒരു പ്രാധ്യാന്യവുമില്ലാത്ത ആര്‍ക്കും ഉപദ്രവമിലാത്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. പല സ്ഥലങ്ങളിലും രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പല പദ്ധതികളും ഉ ദ്ഘാടനം ചെയ്യാറുണ്ട്. ആ സന്ദര്‍ഭത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും തങ്ങളുടെ പ്രസം ഗത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതും. അതിനാല്‍ അത്തരത്തില്‍ കണ്ട് കളയേണ്ടുന്ന, അല്ലെങ്കില്‍ വായിച്ച് കളയേണ്ടുന്ന വാര്‍ത്ത മാത്രമായിരുന്നു ഈ പ്രസ്താവന. താരം പറഞ്ഞ വാക്കുകള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളിലെ ഭക്ഷണം മോശമാണെന്ന് അര്‍ത്ഥമില്ല.

എന്നാല്‍ ഇതിനെ രാഷ്ട്രീയമായി ചര്‍ച്ചയാക്കിയത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ മറുപടിയായിരുന്നു. കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് കേട്ടെന്നും, അദ്ദേഹം സദുദ്ദേശത്തോടെ പറഞ്ഞ കാര്യം 'മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്' എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നാണ് മനസിലാക്കുന്നതെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. എന്തായാലും ഉച്ചഭക്ഷണസമയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ ക്ഷണിക്കുന്നുവെന്നും, അത് കുട്ടികള്‍ക്ക് സന്തോഷമാകുമെന്നും, താനും വരാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മന്ത്രിയും നല്‍കിയതും ആരോഗ്യകരമായ മറുപടി മാത്രമായിരുന്നു.

ഇത് ഏറ്റുപിടിച്ചാണ് ഇന്ന് സൈബര്‍ സഖാക്കളും കളത്തിലിറങ്ങിയിരിക്കുന്നത്. പിന്നീട് കുഞ്ചാക്കോ ബോബന്റെ രാഷ്ട്രീയം ചികയലില്‍ തുടങ്ങി, ട്രോളുകളായി, പോസ്റ്റുകളായി അങ്ങനെ വിഷയത്തെ വിവാദമാക്കി മാറ്റിയതും അന്തങ്ങളായ സഖാക്കള്‍ തന്നെയാണ്. ഏറ്റവുമൊടുവില്‍

കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരേ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിനാണ് രംഗത്തെത്തിയത്.. മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന കുഞ്ചാക്കോ ബോബന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സരിന്‍ ശശിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിന്‍ കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് കൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. ആ ഹാങ്ങോവറില്‍നിന്ന് പുറത്തേക്ക് വരാനും എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ എന്നും സരിന്‍ ശശി കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ സാധിക്കുമോ എന്നും ഇക്കൂട്ടരോട് ചോദിക്കേണ്ടിയിരിക്കുന്നു. കൊട്ടിഘോഷിച്ച് പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുമെങ്കിലും പലപ്പോഴും കീഴ കാലിയാകുന്നത് അധ്യാപകരുടേതാണ്. പല സ്‌കൂളുകള്‍ക്കും യഥാക്രമം ഉച്ചഭക്ഷണത്തിന്റെ ഫണ്ട് പോലും ലഭിക്കുന്നില്ല. അതിനാല്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ അതേപടി നടപ്പിലാക്കാനും കഴിയാറില്ല.

അങ്ങനെയുള്ള സാഹചര്യത്തിലാണ് ജയില്‍പ്പുള്ളികള്‍ക്ക് കുശാലായി ഭക്ഷണം ലഭിക്കുന്നതും. നിലവില്‍ ജയില്‍ ഭക്ഷണം ക്രമം ഇങ്ങനെയാണ്. മെനുവില്‍ അരി, ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ്, മരച്ചീനി, ഗ്രീന്‍ പീസ്, പയര്‍, അവിയല്‍, സാമ്പാര്‍ എന്നിവ ഉള്‍പ്പെടുന്നു. തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടുതവണ മത്സ്യവും കഴിക്കുന്നു. ചിക്കനും ബീഫും ദൈനംദിന ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, പക്ഷേ പ്രത്യേക ദിനങ്ങളുമായി ബന്ധപ്പെട്ട് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജയിലില്‍ എല്ലാ വര്‍ഷവും അത്തരം പത്ത് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി ദിനം, കേരളപ്പിറവി ദിനം എന്നിവയാണ് അവ. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് അതിനനുസൃതമായ ഭക്ഷണക്രമമാണ് നല്‍കുന്നത്. ഇതിന് പുറമെ തുറന്ന ജയിലുകളില്‍ ഓരോ വിളവെടുപ്പിന്റെയും അവസാനം തടവുകാര്‍ക്ക് ഒരു വിളവെടുപ്പ് വിരുന്ന് നല്‍കാറുണ്ട്.

അതുകൊണ്ട് കുഞ്ചാക്കോ ബോബന്റെ വാക്ക് കേട്ട് സഖാക്കള്‍ ഉറഞ്ഞുതുള്ളേണ്ടതില്ലായെന്ന് സാരം. വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന് 'ന്നാ താന്‍ കേസ് കൊട്' പോസ്റ്ററില്‍ കൊടുത്തത് പൊതുമരാമത്ത് വകുപ്പിനെ പരിഹസിക്കുന്നതാണെന്ന് മുന്‍കൂട്ടി കണ്ട് ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളില്‍ കയറി കുഞ്ചാക്കോ ബോബനെതിരെ മുദ്രാവാക്യം വിളിച്ച ചരിത്രമുള്ള സഖാക്കളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസുകാര്‍ അടക്കം സൈബറിടത്തില്‍ കുഞ്ചാക്കോയെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News