ഫോട്ടോ കണ്ടതോടെ പ്രതിയെ ഉറപ്പിച്ച രാധാകൃഷ്ണന്റെ മകള്‍; തൊട്ടു പിന്നാലെ ഹോംനേഴ്‌സായി നിയോഗിച്ച രമ്യയോട് 1000 രൂപ കടം ചോദിച്ചു; രക്ഷപ്പെടാനുള്ള തന്ത്രം മനസ്സിലാക്കി വാര്‍ഡ് മെമ്പറോട് ഉപദേശം തേടി; പണം നല്‍കാമെന്ന മോഹന വാഗ്ദാനത്തില്‍ തടഞ്ഞു വച്ചു; പന്തികേടില്‍ രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി; കുറിച്ചിയില്‍ ജോണ്‍സണെ കുടുക്കിയത് 'സഖാവിന്റെ ബുദ്ധി'!
കോട്ടയം: ആതിര കൊലക്കേസിലെ പ്രതി ജോണ്‍സണിനെ പോലീസിന് കിട്ടിയത് രമ്യയുടെ കരുതല്‍. കോട്ടയം ചിങ്ങവനം കുറിച്ചിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറിച്ചിയില്‍ ഹോംനേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ജോണ്‍സണ്‍. കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ വസ്ത്രങ്ങള്‍ എടുക്കാനായായി വ്യാഴം ഹോംനേഴ്സായി ജോലി ചെയ്യുന്ന കോട്ടയം കുറിച്ചിയിലെ വീട്ടിലെത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് എത്തിയത്. കുറിച്ചിയില്‍ രാധാകൃഷ്ണന്‍ എന്നയാളെ പരിചരിക്കുകയായിരുന്ന ജോണ്‍സണ്‍ ഏഴിന് പോയതിന് ശേഷം ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ആതിരക്കൊലക്കേസ് വാര്‍ത്തകളില്‍ പ്രതിയുടെ മുഖം കണ്ടിരുന്ന രാധാകൃഷ്ണന്റെ മകള്‍ രമ്യക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
രമ്യയോട് ആയിരം രൂപ കടം ചോദിച്ച ജോണ്‍സണ്‍, താന്‍ പോയിട്ട് നാളെത്തന്നെ മടങ്ങി വരാമെന്നും ഇതിനിടെ പറഞ്ഞു. തുടര്‍ന്ന് രമ്യ അയല്‍വാസിയായ സിപിഎം കുറിച്ചി ലോക്കല്‍ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ആര്‍ ഷാജിയെ വിവരമറിയിച്ചു. ഷാജിയുടെ നിര്‍ദേശപ്രകാരം, പൊലീസ് വരുന്നതുവരെ പണം തരാമെന്നുപറഞ്ഞ് രമ്യ, ജോണ്‍സണെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. പന്തികേട് മനസ്സിലാക്കി പോകാനിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ചിങ്ങവനം പൊലീസെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. രമ്യയില്‍ നിന്നും കാര്യം മനസ്സിലാക്കിയ ഷാജി ചില മുന്‍കരുതല്‍ എടുത്തിരുന്നു. നാട്ടുകാരെ എല്ലാം സംശയം അറിയിച്ചു. അങ്ങനെയാണ് അവര്‍ ആ വീട് വളഞ്ഞു നിന്നത്. അവര്‍ പ്രതീക്ഷിച്ചതു പോലെ ഒരു ഘട്ടത്തില്‍ രക്ഷപ്പെടാനും ജോണ്‍സണ്‍ ശ്രമിച്ചു. അത് പൊളിച്ചത് സഖാവ് കൂടിയായ ഷാജിയുടെ തന്ത്രപരമായ നീക്കങ്ങളാണ്.
പെരുന്നയിലെ ഏജന്‍സി വഴിയാണ് ഇയാള്‍ കുറിച്ചിയില്‍ ഹോം നഴ്സായി ഡിസംബറിലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. ഇയാള്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വിഷം കഴിച്ചു വെന്ന് പോലീസ് പിടിച്ചപ്പോഴാണ് ജോണ്‍സണ്ഡ പറഞ്ഞത്. ഇതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതവും നടത്തി.
ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍. വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ (30) ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. കൊലയ്ക്കു ശേഷം യുവതിയുടെ സ്‌കൂട്ടറിലാണ് ജോണ്‍സണ്‍ രക്ഷപ്പെട്ടത്.
ജോണ്‍സണ്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആതിരയുമായി പ്രണയത്തിലായിരുന്നു. റീല്‍സുകള്‍ പങ്കുവച്ചുകൊണ്ടാണ് സൗഹൃദം തുടങ്ങിയത്. ആതിരയും ജോണ്‍സണും തമ്മില്‍ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ആതിരയുമായി അടുപ്പത്തിലായിരുന്നെന്നും കുറച്ചുദിവസമായി അകന്നുപോകുന്നാതായി തോന്നിയതിനാല്‍ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്കു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.ജോണ്‍സണ് ആതിര ഒരുലക്ഷം രൂപയോളം നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് മൂന്നു ദിവസം മുമ്പും ജോണ്‍സണ്‍ ആതിരയില്‍ നിന്ന് പണം വാങ്ങി.
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും ജോണ്‍സണ്‍ പണം കൈപ്പറ്റിയതായും സൂചനയുണ്ട്. ആതിരയെ കൂടെ ചെല്ലാനും ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര അത് നിഷേധിച്ചു. ഇക്കാരണങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. ജോണ്‍സണ്‍ ഔസോപ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഉള്ളില്‍ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിര്‍ദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. നിലവില്‍ ആശുപത്രിയിലുള്ള പ്രതി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്. ജോണ്‍സണ്‍ കഴിച്ചത് എലിവിഷമാണ്.
കൊല ചെയ്ത ദിവസം പെരുമാതുറയിലെ ഒരു ലോഡ്ജില്‍ ഇയാള്‍ താമസിച്ചിരുന്നതായും കണ്ടെത്തി. ആതിരയെ കാണാനായി എത്തുമ്പോള്‍ ഇതേ ലോഡ്ജില്‍ താമസിക്കാറുണ്ടെന്നും സ്ഥിരികരിച്ചതോടെ പ്രതി ജോണ്‍സന്‍ തന്നെയെന്ന് ഉറപ്പിച്ചു. ജോണ്‍സനും റീല്‍സുകള്‍ സ്ഥിതമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അടുത്ത ബന്ധത്തിലായ ശേഷം എല്ലാ മാസവും ജോണ്‍സന്‍ ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷം രൂപയും, കൊല്ലപ്പെടുന്നതിന് മൂന്നൂ ദിവസം മുമ്പ് 25,000 രൂപയും ജോണ്‍സന്‍ ആതിരയില്‍ നിന്നും വാങ്ങിയിരുന്നു. ജോണ്‍സനുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതോടെ ആതിര പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. സംഭവ ദിവസം രാവിലെ ആതിരയെ കാണാനെത്തിയ ജോണ്‍സന് ചായ നല്‍കി.
ഇതിന് ശേഷം ക്ലോറോ ഫോം കൊണ്ട് മയക്കിയ ശേഷം കുത്തിയെന്നാണ് പൊലിസിന്റെ സംശയം. സോഷ്യല്‍ മീഡിയ വഴി ഫിസിയോ തെറാപ്പിസ്റ്റെന്നായിരുന്നു ജോണ്‍സന്‍ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ കൊല്ലത്തും കൊച്ചിയുമായി ഇയാള്‍ കൂലിപ്പണി ചെയ്തിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.