കൊലക്കേസില്‍ ജയിലില്‍ പോയ ഏക എംഎല്‍എ കോടിയേരിയുടെ അമ്മായി അച്ഛന്‍; കൊലക്കേസില്‍ അകത്താകുന്ന മുന്‍ എംഎല്‍എയായി കുഞ്ഞിരാമനും; അഴിക്കുള്ളിലും എംഎല്‍എ പെന്‍ഷന്‍ കിട്ടും; സുഖവാസം ആശുപത്രിയിലാക്കിയാല്‍ ചികില്‍സാ ചിലവും കിട്ടും; യാത്രാ കൂപ്പണില്‍ യാത്രകളും സൗജന്യമായി തുടരാം!
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ ജയിലില്‍ ആകുമ്പോഴും സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന് പെന്‍ഷന്‍ കിട്ടും. ഇനി അഞ്ചു കൊല്ലം ജയിലില്‍ കിടന്ന് പെന്‍ഷന്‍ വാങ്ങാം. പെരിയ കേസില്‍ കുഞ്ഞിരാമന്‍ അടക്കം 14 പേര്‍ക്കെതിരായ ശിക്ഷയാണ് എറണാകുളം സിബിഐ കോടതി ഇന്ന് കോടതി ഇന്ന് വിധിച്ചത്. ഗൂഢാലോചന കുറ്റമാണ് കെ.വി കുഞ്ഞിരാമനില്‍ ചുമത്തിയത്. ഇത് അനുസരിച്ച് അഞ്ച് വര്‍ഷം ശിക്ഷിക്കുകയും ചെയ്തു. കെ.വി. കുഞ്ഞിരാമന്‍ 2001 ലും 2006 ലും ഉദുമയില്‍ നിന്ന് മല്‍സരിച്ചാണ് എം.എല്‍.എ ആയത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സാഹചര്യം വന്നെങ്കിലും കുഞ്ഞിരാമന് പെന്‍ഷന്‍ കിട്ടും. മുന്‍ എംഎല്‍എ എന്ന നിലയിലുള്ള പെന്‍ഷന്‍ കെ.വി. കുഞ്ഞിരാമന് മാസം തോറും ലഭിക്കും. അഞ്ച് വര്‍ഷത്തെ ശിക്ഷാ വിധിക്കെതിരെ കുഞ്ഞിരാമന്‍ അപ്പീല്‍ നല്‍കാനിരിക്കയാണ്.
ഒരു ടേം അതായത് 5 വര്‍ഷം പൂര്‍ത്തിയായ എം എല്‍ എക്ക് 20, 000 രൂപ പെന്‍ഷന്‍ കിട്ടും. പിന്നിടുളള ഓരോ വര്‍ഷത്തിനും 1000 രൂപ വീതം പെന്‍ഷനില്‍ വര്‍ധന ഉണ്ടാകും. 2 ടേം എം എല്‍ എ ആയതു കൊണ്ട് കെ.വി കുഞ്ഞിരാമന് പെന്‍ഷനായി ലഭിക്കുന്നത് 25,000 രൂപയാണെന്നാണ് സൂചന. ജയിലില്‍ കിടന്നാലും കൂടാതെ ഓരോ വര്‍ഷവും യാത്ര ചെയ്യാന്‍ ഒരു ലക്ഷം രൂപയുടെ യാത്ര കൂപ്പണും ലഭിക്കും.മുന്‍ എം.എല്‍ എ മാര്‍ക്ക് ചികില്‍സയും ഫ്രീ ആണ്. ചികില്‍സക്ക് ചെലവായ പണം സര്‍ക്കാര്‍ അനുവദിക്കും. അതുകൊണ്ട് തന്നെ അസുഖ കാരണങ്ങളാല്‍ ജയിലിലെ അഞ്ചു കൊല്ലവും ഏതെങ്കിലും പഞ്ച നക്ഷത്ര ആശുപത്രിയില്‍ കുഞ്ഞിരാമന്‍ മാറാനും സാധ്യതയുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് സിപിഎമ്മിന്റെ തലശ്ശേരി എംഎല്‍എ ആയിരുന്ന എംവി രാജഗോപാലന്‍ ആര്‍എസ്എസുകാരനെ കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ്. രാജഗോപാലനെ കൂടാതെ മാഹി എംഎല്‍എ (പുതുച്ചേരി) കെവി രാഘവനും ഈ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 1980 ജൂലൈ 25നാണ് തലശ്ശേരി സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവമുണ്ടായത്.
1980 ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് തലശ്ശേരി എംഎല്‍എ ആയിരുന്ന എംവി രാജഗോപാലന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയത്. നിയമസഭ കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഭരണകക്ഷി എംഎല്‍എയെ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വാര്‍ത്ത വന്നത്. എന്നാല്‍ കുഞ്ഞിരാമന്‍ ഇപ്പോള്‍ മുന്‍ എംഎല്‍എ മാത്രമാണ്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവായിരുന്നു എംവി രാജഗോപാലന്‍.
1978 നവംബര്‍ രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് പള്ളൂര്‍ റോഡില്‍ വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. മാഹിയിലെ പള്ളൂര്‍ സ്പിന്നിംഗ് മില്ലിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട കെപി രവീന്ദ്രന്‍. കൊലപാതകത്തിന് മുമ്പായി ഒക്ടോബര്‍ 30 ന് ചൊക്ലി സിപിഎം ഓഫീസില്‍ വെച്ച് ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന കണ്ടെത്തല്‍.
കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ എംഎല്‍എമാര്‍ക്ക് എതിരെയുള്ള കുറ്റം. ചൊക്ലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെവി ദാമോദരന്‍, എപി സുരേഷ്, കെ വാസു എന്ന മാമന്‍ വാസു, മൂട്ട രാജു എന്ന രാജന്‍, എം പുരുഷോത്തമന്‍ എന്ന പുരുഷു, എം ബാബു, കെടി കുമാരന്‍ എന്ന അട്ട കുമാരന്‍, ഇല്ലിക്കല്‍ പ്രഭാകരന്‍, കുഞ്ഞാമു എന്നിവരായിരുന്നു മറ്റ് പ്രതികള്‍.
നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ ഭരണകക്ഷി അംഗത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള കോടതി ഉത്തരവും ജയില്‍ സൂപ്രണ്ടിന്റെ കത്തും സ്പീക്കര്‍ എപി കുര്യന്‍ സഭയില്‍ വായിക്കുമ്പോള്‍ ട്രഷറി ബഞ്ച് സ്തംഭിച്ചു. പിന്നീട് ചൊക്ലി കൊലക്കേസ് എന്നറിയപ്പെട്ട ഈ കേസിലെ മുഴുവന്‍ പ്രതികളേയും 1980 ഒക്ടോബര്‍ ഏഴിന് ഹൈക്കോടതി വെറുതെ വിട്ടവെന്നതാണ് മറ്റൊരു വസ്തുത. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലാണ് കുഞ്ഞിരാമന്‍ കുറ്റക്കാരനാകുന്നത്.
കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ല. മാനസാന്തരത്തിന് സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ വിധിയാണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22ാം പ്രതി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചത്. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.