നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഢംബര കൊട്ടാരം; മൂന്നു നിലകളിലായുള്ള വീട്ടില്‍ തമ്മില്‍ കണക്റ്റ് ചെയ്യാനായി ലിഫ്റ്റും; പ്രൈവറ്റ് ബാറും ഹോം തീയറ്റും അടക്കം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്; മുതലാളി അടിപിടി കേസില്‍ പെട്ടതോടെ ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്

ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി

Update: 2025-08-09 08:27 GMT

ഇടുക്കി: ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് കോടതി. കട്ടപ്പന സ്വദേശി വാലുമ്മല്‍ ബിനോയ് വര്‍ഗീസിന്റെ നാലേക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 27000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടും സ്ഥലവുമാണ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ അത്യാഡംബര വീട് നിര്‍മ്മാണവേളയിലും പിന്നീടും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കല്ലാര്‍വാടി എസ്റ്റേറ്റില്‍ നടന്ന ആക്രമണ സംഭവത്തിന്റെ കോടതി നടപടികളുടെ ഭാഗമായിട്ടാണ് ജപ്തി. 2021 ല്‍ 'എസ്.എസ്.പി.ടി.എല്‍ റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്' എന്ന 288 ഏക്കറുള്ള കല്ലാര്‍വാടി എസ്റ്റേറ്റ് ബിനോയ് വര്‍ഗീസ് പാട്ടത്തിന് എടുത്തിരുന്നു. എന്നാല്‍, പാട്ടത്തിനു നല്‍കാത്ത 14.5 ഏക്കറും എസ്റ്റേറ്റ് ബംഗ്ലാവും ബിനോയ് കൈയ്യേറിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാനായി എത്തിയവര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസില്‍ ബിനോയ് എട്ടാം പ്രതിയാണ്. പരിക്കേറ്റവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജപ്തി നടപടികള്‍. ഏഴു വര്‍ഷമെടുത്താണ് വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പണി കഴിഞ്ഞ ഉടന്‍ കുന്നിന്റെ മുകളിലുള്ള വീടു കാണാന്‍ സമീപത്തെ റോഡില്‍ ആളുകള്‍ തടിച്ചു കൂടുന്നതുമൂലം പരിസരത്ത് ഗതാഗതക്കുരുക്ക് പതിവായിരുന്നു.


 



'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' എന്ന വിശേഷണത്തോടെയുള്ള ഈ കൊട്ടാരെ കാണാന്‍ ആളുകള്‍ എത്തുന്നത് പതിവായിരുന്നു. ഏകദേശം നാലേക്കറില്‍ 27000 സ്‌ക്വയര്‍ഫീറ്റില്‍, കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒരുക്കുകയാണ് വാലുമ്മല്‍ ഹൗസ് എന്ന ഈ കൊട്ടാരം. ഒരു കുന്നിന്‍മുകളിലാണ് വീട്. മുന്നിലൂടെ പ്രധാന റോഡ് പോകുന്നുണ്ട്. കന്റെംപ്രറി- കൊളോണിയല്‍- ക്ളാസിക് തീമുകളുടെ സങ്കലനമായിട്ടാണ് വീടൊരുക്കിയത്. അതിവിശാലമായ ലാന്‍ഡ്‌സ്‌കേപ്പാണ് ചുറ്റിലും. പേവിങ് ടൈല്‍സും ഗ്രാസും വിരിച്ച മുറ്റവും വിളക്കുകളും ഈന്തപ്പനയുമെല്ലാം ചുറ്റുവട്ടങ്ങള്‍ അലങ്കരിക്കുന്നു.

രാത്രിയില്‍ ലൈറ്റുകള്‍ കണ്‍തുറക്കുമ്പോഴാണ് വീടിന്റെ പ്രൗഢി ഏറ്റവും മനോഹരമായി ആസ്വദിക്കാനാവുക. ഒറ്റനോട്ടത്തില്‍ സ്വര്‍ണനിറത്തില്‍ കുളിച്ചുനില്‍ക്കുന്ന മണിമാളിക പോലെതോന്നും. സന്ദര്‍ശകരുടെ തിരക്കുമൂലം ഇപ്പോള്‍ വീടിന്റെ മുന്നിലെ റോഡില്‍ ട്രാഫിക് ബ്ലോക് പതിവായിട്ടുണ്ട്. ഒത്തുചേരലിനുള്ള കോമണ്‍ സ്പേസുകളുടെ ബാഹുല്യമാണ് ഈ വീടിന്റെ അകത്തളങ്ങളിലെ ഹൈലൈറ്റ്. വിരലില്‍ എണ്ണാവുന്നതിലധികം ലിവിങ് സ്പേസുകള്‍ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു.

മൂന്നു നിലകളിലായി പണിതിരിക്കുന്ന ഈ വീടിന്റെ ഗ്രൗണ്ട്ഫ്‌ലോറില്‍ ധാരാളം ലിവിങ് സ്പേസുകള്‍, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, മൂന്നു ബെഡ്‌റൂമുകള്‍, ബാത്‌റൂമുകള്‍, ഹോംതിയറ്റര്‍ എന്നിവയുണ്ട്. ഫസ്റ്റ് ഫ്‌ലോറില്‍ മൂന്ന് ബെഡ്‌റൂം, വിശാലമായ ബാത്‌റൂമുകള്‍ , ഗെയിം സ്‌പേസ്, ലിവിങ് സ്പേസുകള്‍ എന്നിവയാണുള്ളത്. സെക്കന്റ് ഫ്‌ലോറില്‍ ഓപണ്‍ ബെഡ്‌റൂം, ബാര്‍, പവലിയന്‍ എന്നിവയുമുണ്ട്. ഇത്രയുമാണ് 27000 ചതുരശ്രയടിയില്‍ ഉള്‍ക്കൊള്ളിച്ചത്. മൂന്നു നിലകളെയും തമ്മില്‍ കണക്റ്റ് ചെയ്യാനായി ലിഫ്റ്റും നല്‍കിയിരിക്കുന്നു.


 



പ്രധാനവാതില്‍ തുറന്ന് പ്രവേശിക്കുന്നത് പ്രധാന ഫോര്‍മല്‍ ലിവിങ്ങിലേക്കാണ്. ഇത് ഡബിള്‍ ഹൈറ്റില്‍, ഒരേസമയം 16 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്നരീതിയില്‍ വിശാലമായി ഒരുക്കി. ഇതിനോടുചേര്‍ന്ന് പ്രെയര്‍ സ്പേസ് വേര്‍തിരിച്ചു. മനോഹരമായി പാനലിങ്, വുഡ് വര്‍ക്കുകള്‍ ചെയ്താണ് പ്രെയര്‍ ഒരുക്കിയത്.

ഇനി പ്രവേശിക്കുന്നത് ഒരു പാസേജിലേക്കാണ്. ഇതിന്റെ ഒരുവശത്ത് പ്രധാന ഫാമിലി ലിവിങ് സ്പേസുണ്ട്. ഇവിടെയാണ് ടിവി യൂണിറ്റുള്ളത്. ഇറ്റാലിയന്‍ മാര്‍ബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്. ചിലയിടങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ നാച്ചുറല്‍ വുഡന്‍ ഫ്‌ലോറിങ്ങും ചെയ്തിട്ടുണ്ട്. വീടിനകത്തെ പ്രധാന ഹാളിലേക്കെത്തിയാല്‍ ഒരു ലക്ഷ്വറി ഹോട്ടലിന്റെ ലോബി പോലെതോന്നും. തടിയുടെ പ്രൗഢിയില്‍ ഒരുക്കിയ ഡബിള്‍ഹൈറ്റ് മേല്‍ക്കൂരയില്‍ ധാരാളം ലൈറ്റുകള്‍ കണ്ണുചിമ്മുന്നു. ഇവിടെയുള്ള പൂളാണ് മറ്റൊരു ഫോക്കല്‍ പോയിന്റ്.



 



കാശെറിഞ്ഞ് ഈ വീട് നിര്‍മ്മിച്ചപ്പോല്‍ കുടുംബം വീടില്ലാത്ത അഞ്ചു കുടുംബങ്ങള്‍ക്ക് ഇവര്‍ വീട് നിര്‍മിച്ചു നല്‍കിയിരുന്നു. കൂടാതെ പ്രളയത്തില്‍ വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാന്‍ സ്ഥലവും വിട്ടുനല്‍കിയിരുന്നു. ഇങ്ങനെയൊക്കെയുള്ള വീടാണ് ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുന്നതെന്നാണ്പ്രത്യേകത.

Tags:    

Similar News