മറുനാടനെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ; അജിത് കുമാറിന് സാധിക്കാത്തത് ഒരു സാദാ ഇന്‍സ്‌പെക്ടര്‍ക്ക് സാധിക്കുമെന്ന് തെളിയിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് ജില്ലാ സെക്രട്ടറി ജോയിയെന്ന് സൂചന; പാളിപ്പോയ മറുനാടന്‍ ഓപ്പറേഷനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി പിണറായി

മറുനാടനെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ

Update: 2025-05-07 09:01 GMT

തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ പോലീസിനുള്ളില്‍ ആഭ്യന്തര അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. ഏത് സാഹചര്യത്തിലാണ് വീട്ടില്‍ നിന്നും ഷാജന്‍ സ്‌കറിയയെ ഷര്‍ട്ട് പോലും ഇടാതെ അറസ്റ്റ് ചെയ്തുവെന്നതിലാണ് അന്വേഷണം. അറസ്റ്റു നടപടികള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

സൈബര്‍ സെല്‍ സിഐ നിയാസാണ് ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രി അറസ്റ്റു ചെയ്യുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ നടപടിയിലേക്ക് പോയെന്നതിലാണ് അന്വേഷണം. മുന്‍കാലങ്ങളില്‍ മറുനാടനെതിരെ നടന്നത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള നടപടികള്‍ ആണങ്കില്‍ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ നടന്ന പോലീസ് ഓപ്പറേഷനാണ്. സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും സൂചനകളുണ്ട്. നിയാസിനെതിരെ നിരവധി അച്ചടക്ക ലംഘന പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിലെല്ലാം അനുകൂല തീരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷ നല്‍കി നിയാസിനെ കൂടെ നിര്‍ത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച ഓപ്പറേഷന് പിന്നില്‍ വമ്പന്‍ ഇടപാടുകാരുണ്ടെന്നാണ് സൂചന. എന്നാല്‍ ഒന്നും ആഭ്യന്തര വകുപ്പോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി ശശിയാണ് പോലീസിലെ കാര്യങ്ങള്‍ നോക്കുന്നത്. ശശിയും ഈ ഓപ്പറേഷനെ കുറിച്ച് അറിഞ്ഞിരുന്നില്ല. എരുമേലിയിലെ വീട്ടില്‍ നിന്ന് തുടങ്ങിയ പോലീസ് നിരീക്ഷണമാണ് കുടപ്പനക്കുന്നിലെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഷാജന്‍ സ്‌കറിയയെ നേരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കമെല്ലാം പാളിയിരുന്നു. പിവി അന്‍വറിന്റെ ആവശ്യപ്രകാരം അന്ന് എഡിജിപിയായിരുന്ന എംആര്‍ അജിത് കുമാറായിരുന്നു ആ നീക്കം നടത്തിയതും. അന്ന് അജിത് കുമാറിന് കഴിയാത്തത് ഇന്ന് സാധിക്കണമെന്ന നിര്‍ദ്ദേശമാണ് സിഐ നിയാസിന് ലഭിച്ചത്. അതിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്.

സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ വിഷയത്തില്‍ ബന്ധപ്പെട്ട പോലീസുകാരെ എല്ലാം മുഖ്യമന്ത്രി ശാസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂര്‍ പൂര ആഘോഷങ്ങള്‍ നടക്കുന്ന ദിനം ഇതിന് വേണ്ടി തിരഞ്ഞെടുത്തതും കരുതലോടെയാണ്. കഴിഞ്ഞ തവണ പൂരം കലങ്ങിയത് പോലീസിന് നാണക്കേടായി മാറി. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, തൃശൂരിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വെങ്കിടേഷിന് പോലും വ്യക്തമായ ധാരണ നല്‍കാതെ 'ഓപ്പറേഷന്‍ മറുനാടന്‍' നടന്നുവെന്നതാണ് വസ്തുത. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നും അറിഞ്ഞില്ല. അടുത്ത ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഷര്‍ട്ടിടാതെ ഷാജന്‍ സക്റിയയെ പോലീസ് അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്.

പോലീസുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ഇത് ആഭ്യന്തര വകുപ്പിനെ കൂടുതല്‍ വിവാദത്തിലാകുന്നു. അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടക്കം ഇന്നലെയുണ്ടായി അറസ്റ്റു നടപടികളോടെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടക്കം അടുത്ത പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിവരികയായിരുന്നു മുഖ്യമന്ത്രി. ഇതെല്ലാം മുന്‍കരുതല്‍ ഇല്ലാതെ പോലീസ് നടത്തിയ നീക്കത്തില്‍ പാളിയെന്നാണ് വിലയിരുത്തല്‍.


Full View

ഷാജന്‍ സ്‌കറിയക്കെതിരായ പോലീസ് നടത്തിയ നീക്കം സര്‍ക്കാരിന് തലവേദനയായിയിരുന്നു. പിണറായിസം വീണ്ടും ചര്‍ച്ചയായി. പൊതു സമൂഹവും എല്ലാ കുറ്റവും മുഖ്യമന്ത്രിയുടെ തലയില്‍ വച്ചു. സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയത്തില്‍ വിശദമായ ഇഴകൂറി ചര്‍ച്ചകള്‍ നടന്നു. ദേശീയ തലത്തില്‍ അടക്കം സിപിഎമ്മിന്റെ മാധ്യമങ്ങളോടുള്ള നയം ചര്‍്ച്ചകളില്‍ നിറഞ്ഞു. ഈ സാഹചര്യത്തില്‍ തന്റെ അതൃപ്തി പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനേയും അറിയിച്ചു. എത്രയും വേഗം അറസ്റ്റിന് പിന്നിലെ നാടകങ്ങള്‍ കണ്ടെത്താന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ അതിവേഗം വസ്തുത അറിയിക്കാനാണ് പോലീസ് മേധാവിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തീര്‍ത്തും പാടില്ലാത്ത സംഭവങ്ങലാണ് നടന്നതെന്നാണ് പിണറായിയുടേയും വിലയിരുത്തല്‍. ജൂണ്‍ 30ന് പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുകയാണ്. അതിനിടെയാണ് ഇത്തരമൊരു വിവാദം പോലീസുണ്ടാക്കിയത്. ഇത് പോലീസ് മേധാവിയ്ക്ക് അറിയാമായിരുന്നോ എന്ന സംശയം മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. ഇത്തരം വിവാദ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമേ ഉണ്ടാകൂവെന്ന സന്ദേശം ബന്ധപ്പെട്ടവര്‍ക്കെല്ലാം പോയിട്ടുണ്ട്. അറസ്റ്റും അര്‍ദ്ധരാത്രി ജാമ്യം കിട്ടിയതുമെല്ലാം സര്‍ക്കാരിനാണ് തലവേദനയായി മാറിയത്. പഴയൊരു പരാതിയിലായിരുന്നു അറസ്റ്റ്.

പരാതിക്കാരിയുടെ വിശ്വാസ്യതയും ചരിത്രവും തട്ടുമായി ബന്ധപ്പെട്ട മറുനാടന്‍ വാര്‍ത്തയുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബായില്‍ അറസ്റ്റിലായ വ്യവസായിക്ക് വേണ്ടി ആരാണ് ഇതിന് പിന്നില്‍ ചരടു വലിച്ചതെന്ന അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയ മുന സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുടെ നേര്‍ക്ക് നീളുന്നത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറിയിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജന്‍ സ്‌കറിയ വിശദീകരിച്ചിട്ടുണ്ട്.

സമൂഹത്തിനു മുന്നില്‍ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികാരം തീര്‍ക്കുകയായിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോടുള്ള വിരോധം തീര്‍ക്കുകയാണെന്നും ഷാജന്‍ ആരോപിച്ചു. മൂന്ന് മാസം മുന്‍പ് എടുത്ത കേസില്‍ രാത്രി വീട് കയറി കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ ഉദ്യോഗസ്ഥന്റെ പ്രതികാരം ഉണ്ടെന്നാണ് ഷാജന്‍ സ്‌കറിയയുടെ പരാതി.

ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത രീതിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മൂന്ന് മാസം മുന്‍പ് എടുത്ത കേസില്‍ രാത്രി വീട് കയറി കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ ഉദ്യോഗസ്ഥന്റെ പ്രതികാരം ഉണ്ടെന്നാണ് ഷാജന്റെ പരാതി. നടപടിക്രമത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകൂടി പരിഗണിച്ചാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും കോടതി ഷാജന് ജാമ്യം അനുവദിച്ചത്. ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പൊലീസ് പാലിക്കണ്ട നിയമ നടപടികള്‍ മറികടന്നാണ് ഇന്നലെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തതെന്നാണ് വിമര്‍ശനം. അപകീര്‍ത്തി കേസില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്നിരിക്കെ എരുമേലി മുതല്‍ ഷാജന്‍ സ്‌കറിയയെ പൊലീസ് പിന്തുടരുകയായിരുന്നു, രാത്രി വീട് കയറി വസ്ത്രം ധരിക്കാന്‍ പോലും അനുവദിക്കാതെ കസ്റ്റഡിയിലെടുത്തുവെന്നാണ് ഷാജന്റെ പരാതി. സൈബര്‍ സെല്‍ സിഐ നിയാസിന്റെ നടപടിയില്‍ നിയമപരമായ വീഴ്ചയുണ്ടെന്നാണ് ആരോപണം.

പിവി അന്‍വര്‍ നല്‍കിയ അപകീര്‍ത്തി കേസുകളില്‍ ഷാജന്‍ സ്‌കറിയയെ വിശദാംശങ്ങള്‍ അറിയിക്കാതെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടത്തിയിരുന്നു. 107 കേസുകള്‍ സംസ്ഥാന വ്യപകമായി ഷാജനെതിരെയെടുത്തത്. എന്നാല്‍, 10 ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കരുതെന്ന് അന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് തുടര്‍ നടപടി തണുത്തത്. എല്‍ഡിഎഫ് ഭരണത്തില്‍ മാധ്യമപ്രവര്‍ത്തര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരായ പൊലീസിന്റെ പല നടപടികളും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഷാജന്റെ പുതിയ അറസ്റ്റിനെതിരെയും ഉയരുന്നത് സമാന വിമര്‍ശനമാണ്. അന്‍വര്‍ ഇടതു പക്ഷത്ത് നിന്നും അകന്നതോടെ സര്‍ക്കാരിന് ചിലതെല്ലാം മനസ്സിലായിരുന്നു. പിന്നീട് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം എത്തി.

മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ടും വ്യാജ ആരോപണങ്ങള്‍ നടത്തി. ഇതിനൊന്നും കഴമ്പില്ലെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുകയും ചെയ്തു. യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് ഷാജന്‍ സ്‌കറിയയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News