എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു; മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ പാംപ്ലാനിക്ക് നിയമനം; ബോസ്കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞതില്‍ ആഹ്ലാദപ്രകടനം
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം.അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കി. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ബിഷപ്പ് ബോസ്കോ പുത്തൂര്‍ ഒഴിഞ്ഞു. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയില്‍ അദ്ദേഹം ഭരണം നടത്തും.
കുര്‍ബാന വിവാദത്തെ തുടര്‍ന്ന് എതിര്‍പക്ഷത്തായ ബോസ്കോ പുത്തൂരിന്റെ വിമര്‍ശകരായ വിശ്വാസികള്‍ ആഹ്ലാദപ്രകടനം നടത്തി. അതേസമയം. എറണാകുളം അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. കുര്‍ബാന തര്‍ക്കത്തില്‍ സിനഡ് തീരുമാനത്തിനെതിരെ നിലകൊള്ളുന്ന വിഭാഗവും പൊലീസും തമ്മില്‍ പല തവണ ഏറ്റുമുട്ടി.
വൈദികരെ ബിഷപ്പ് ഹൗസിനകത്തേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചതോടെ, ഗേറ്റ് പാതി തകര്‍ന്നു. സമരം ചെയ്ത വൈദികര്‍ക്കെതിരെ സിനഡ് നിര്‍ദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്പെന്‍ഡ് ചെയ്തു. വൈദികര്‍ അറസ്റ്റ് വരിച്ചേക്കും. അറസ്റ്റ് വരിച്ചാല്‍ ജാമ്യത്തിന് ശ്രമിക്കാതെ ജയിലില്‍ പോകാനാണ് വൈദികരുടെ തീരുമാനം.
പ്രതിഷേധിക്കുന്ന മുഴുവന്‍ വൈദികരും അറസ്റ്റ് വരിക്കാനുള്ള നീക്കത്തിലാണെന്ന് വിമത വിഭാഗം പറഞ്ഞു. അങ്ങനെയെങ്കില്‍ നാളെ പള്ളികളില്‍ കുര്‍ബാനയടക്കം നടക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നും പ്രശ്നം പരിഹരിക്കാന്‍ സിനഡ് ഇടപെടുന്നില്ലെന്നും വിമതര്‍ ആരോപിച്ചു
പൊലീസിന്റെ ബാരിക്കേഡ് പ്രതിഷേധക്കാര്‍ തള്ളിമാറ്റി. വൈദികരെ ബിഷപ്സ് ഹൗസിനുള്ളില്‍ പ്രവേശിപ്പിച്ചു. എ.ഡി.എം ഇരുവിഭാഗവുമായി നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.