ഇസ്രായേലിലെ ഒരു ആഡംബര ഹോട്ടലില്‍ നിക്ഷേപം നടത്തിയ ഡികാപ്രിയോ പെട്ടു; 270 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൂറ്റന്‍ സമുച്ചയം 12.6 ഏക്കറില്‍; ഹോളിവുഡ് താരത്തിന്റെ പരിസ്ഥിതി പ്രേമത്തിന് എന്തുപറ്റിയെന്ന് വിമര്‍ശകരുടെ ചോദ്യം
ഇസ്രായേലിലെ ഒരു ആഡംബര ഹോട്ടലില്‍ നിക്ഷേപം നടത്തിയ ഡികാപ്രിയോ പെട്ടു
ടെല്‍അവീവ്: ഇസ്രായേലിലെ ഒരു ആഡംബര ഹോട്ടലില്‍ നിക്ഷേപം നടത്തിയതിന് പ്രമുഖ ഹോളിവുഡ് താരമായ ലിയോനാഡോ ഡി കാപ്രിയോയുടെ പേരില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. നിര്‍മ്മാണം ആരംഭിക്കാന്‍ ഈ ഹോട്ടലിന് അന്തിമാനുമതി ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് വിമര്‍ശനം ഉയരുന്നത്. ഇസ്രയേലിലെ പ്രമുഖ ബീച്ചായ ഹെര്‍സ്ലിയ മറീനയ്ക്ക് സമീപം നിര്‍മ്മിക്കുന്ന വന്‍കിട റിസോര്‍ട്ടില്‍ കാപ്രിയോക്ക് 10 ശതമാനം ഓഹരിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
2018 ലാണ് റിസോര്‍ട്ട് നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇസ്രയേലിലെ ഹാഗാഗ് ഗ്രൂപ്പും വ്യവസായികളായ അഹികാം, ലിയോര്‍ കോഹന്‍ എന്നിവരും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഈ മാസം 27 നാണ് ടെല്‍ അവീവ് ജില്ലാ ആസൂത്രണ, നിര്‍മ്മാണ കമ്മിറ്റി ഇതിനായി അന്തിമ അനുമതി നല്‍കിയത്. 270 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ കൂറ്റന്‍ സമുച്ചയം 12.6 ഏക്കറിലാണ് നിര്‍മ്മിക്കുന്നത്. ഇതിന് 14 നിലകളാണ് ഉണ്ടായിരിക്കുക.
ആദ്യം രണ്ടര ഏക്കര്‍ സ്ഥലത്താണ് ഹോട്ടല്‍ തുടങ്ങാന്‍, തീരുമാനിച്ചിരുന്നത്. ഹോട്ടലില്‍ 365 മുറികളാണ് ഉള്ളത്. കോണ്‍ഫറന്‍സ് സെന്റര്‍, വന്‍കിട റെസ്റ്റോറന്റ്, നീന്തല്‍ക്കുളം, മറീനയിലേക്ക് നേരിട്ട് യാട്ട് പ്രവേശനം എന്നിവയും ഉണ്ട്. പാര്‍ക്കിംഗിനും ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് ഏക്കര്‍ സ്ഥലം കൂടി ഭൂമിക്കടിയില്‍ ഒരുക്കുന്നുണ്ട്. പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് കാപ്രിയോ. ഊര്‍ജ്ജ കാര്യക്ഷമത, ജല സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇവിടെ സുസ്ഥിരമായ രീതികള്‍ നടപ്പിലാക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രകൃതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ നിര്‍മ്മാണമായിരിക്കും ഇവിടെ ഉണ്ടാകുക എന്നാണ് ഹോളിവുഡ് താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. റിസോര്‍ട്ടിന്റെ ഔദ്യോഗിക നിര്‍മ്മാണ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഹോട്ടല്‍ നിര്‍മ്മാണം നീണ്ടു പോകും എന്നാണ് പലരും കരുതിയിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ കാപ്രിയോയുടെ പല ആരാധകരും ഈ പദ്ധതി നടപ്പിലാകുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചിലര്‍ ആകട്ടെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പരിസ്ഥിതി രാജാവേ താങ്കളുടെ കിരീടം താഴെ വീണു എന്ന് പറഞ്ഞാണ് ഇവര്‍ കളിയാക്കുന്നത്. കാപ്രിയോയുടെ പരിസ്ഥിതി വാദം വെറും തട്ടിപ്പായിരുന്നോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മുതല്‍ വന്യജീവി സംരക്ഷണം വരെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന, വര്‍ഷങ്ങളായി പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്ന ഒരു വ്യക്തിയാണ് കാപ്രിയോ. റീവൈല്‍ഡ് എന്ന സ്വന്തം ഫൗണ്ടേഷന്‍ വഴി ലോകമെമ്പാടുമുള്ള പരിസ്ഥിതി ആവശ്യങ്ങള്‍ക്കായി അദ്ദേഹം 200 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്.