സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും എതിരായ വിവാദ പരാമര്‍ശങ്ങള്‍; ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്; പരമോന്നത കോടതിയെ അപകീര്‍ത്തിപ്പെടുത്താനും അശാന്തിയും അക്രമവും സൃഷ്ടിക്കാനും ലക്ഷ്യമിട്ടുളള പരാമര്‍ശങ്ങളെന്ന് ആരോപണം
ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കും, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും എതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്. അഡ്വ.അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് കത്തെഴുതിയത്.
വഖഫ് ഭേദഗതി നിയമത്തിലെ കോടതി ഇടപടലിന്റെ പശ്ചാത്തലത്തിലുള്ള ദുബെയുടെ പ്രസ്താവനകള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്നുന്നതാണ്. ബിജെപി എംപിയുടെ പരാമര്‍ശങ്ങള്‍ വളരെയേറെ അപകീര്‍ത്തികരവും അപകടകരമായ രീതിയില്‍ പ്രകോപനപരവുമാണ്. രാജ്യത്ത് അശാന്തി വിതയ്ക്കുന്നതില്‍ കാരണക്കാരനായി ചീഫ് ജസ്റ്റിസിനെ മുദ്ര കുത്തുന്നതിലൂടെ രാജ്യത്തെ പരമോന്നത കോടതിയെ അപകീര്‍ത്തിപ്പെടുത്താനും കോടതിക്കെതിരെ എതിര്‍പ്പുണ്ടാക്കാനും അശാന്തിയും അക്രമവും സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുവെന്ന് കത്തില്‍ ആരോപിക്കുന്നു.
സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് മൂന്നുമാസം സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു ദുബെയുടെ പ്രതികരണം.
പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തിന്മേല്‍ സ്വന്തം നിയമങ്ങളടിച്ചേല്‍പ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് മത യുദ്ധങ്ങള്‍ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്?-ദുബെ പറഞ്ഞു.
അതേസമയം, സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍് നേതൃത്വം തള്ളിക്കളഞ്ഞു. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് തള്ളിയത്.
ബിജെപി സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപി എംപിയുടെ പ്രസ്താവന കോടതിക്കെതിരെയുള്ള കലാപ ആഹ്വാനമാണെന്ന് ആംആദ്മി പാര്‍ട്ടിയും ആരോപിച്ചു. സുപ്രീംകോടതിയുടെ മതേതര നിലപാടിനെ ചോദ്യം ചെയ്യരുതെന്ന് മുന്‍ ജഡ്ജി എകെ ഗാംഗുലിയും പ്രതികരിച്ചു, അതേസമയം കോടതിയെ എതിര്‍ക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ വ്യക്തമാക്കി.
സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും ജെ.പി.നദ്ദ വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയതായും നദ്ദ പറഞ്ഞു.