'ഇനി ചിൽ മൂഡ് മാത്രം...'; പ്രവർത്തന സമയം ഉച്ച മുതൽ രാത്രി വരെ; ലൈസൻസ് ഫീ സഹിതം പ്രഖ്യാപിച്ചു; സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി; സന്ദർശനത്തിന് എത്തുന്ന അതിഥികൾക്കും കോള്; സ്ഥാപനങ്ങളുടെ മുഖം ഇനി മിനുങ്ങുമെന്ന് സർക്കാർ; കൂടെ ഒരു കണ്ടീഷനും!
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി. ഇതിന് 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. IT കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കുകയും ചെയ്യാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂവെന്നും അറിയിച്ചു. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം വരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതുപോലെ നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ നൽകൂ. കമ്പനികളോട് ചേർന്ന് തന്നെയാകും മദ്യശാലകൾ. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഐടി പാർക്കുകളിലെ കമ്പനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളിൽ നിന്ന് മദ്യം ലഭിക്കുക.
പുറത്തുനിന്നുള്ള ആർക്കും മദ്യം വിൽക്കരുതെന്നതാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും പിഴയീടാക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് യഥേഷ്ടം ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതാണ് പുതിയ മദ്യനയം. ഡിസ്റ്റിലറികളും ബ്രൂവറികളും സ്പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് തടസ്സമില്ല. പാലക്കാട് എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ കേന്ദ്രത്തിന് അനുമതി നൽകിയതിനെ നയം ന്യായീകരിക്കുന്നു.
എലപ്പുള്ളിയിലേതുപോലെ യോഗ്യതയുള്ളവർക്ക് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അപേക്ഷിക്കാമെന്ന് മദ്യനയത്തിൽ എടുത്ത് പറയുന്നുണ്ട്. മദ്യനയത്തിൽ ഉൾക്കൊള്ളിക്കാതെ ബ്രൂവറി-ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയതാണ് ഒന്നാം പിണറായി സർക്കാരിനെ കുഴക്കിയത്. ഇത് പരിഹരിക്കാനുള്ള വഴികൾ രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയങ്ങളിൽ ഘട്ടംഘട്ടമായി ഇടം പിടിക്കുന്നുണ്ട്. സമ്പൂർണ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കുംവിധമായി മദ്യനയത്തെ മാറ്റാൻ ഇതോടെ സർക്കാരിന് കഴിഞ്ഞു.
ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് 2022-’23-ലെ മദ്യനയത്തിൽ സംസ്ഥാനത്ത് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിയത്.
എന്നാൽ, ഡിസ്റ്റിലറികളെക്കുറിച്ച് വ്യക്തമായ പരാമർശമില്ലായിരുന്നു. ഈ പിഴവ് പരിഹരിച്ച് 2023-’24-ലെ മദ്യനയത്തിൽ എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (സ്പിരിറ്റ്) നിർമ്മാണത്തിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകുമെന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചു. പുതിയ മദ്യനയം ഈ രണ്ടു തീരുമാനങ്ങളും നിലനിർത്തുന്നു. ഐടി പാർക്കുകളിൽ വിദേശമദ്യം വിളമ്പുന്നതിന് 2022-’23-ലെ മദ്യനയത്തിലാണ് അനുമതി നൽകിയത്. വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പാൻ 2023-’24-ലും അനുമതി നൽകിയിരുന്നു.
അതുപോലെ, ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിച്ച് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി.
അരലക്ഷംരൂപ നല്‍കി പ്രത്യേക ഏകദിന പെര്‍മിറ്റ് എടുക്കണം. ഏഴുദിവസംമുന്‍പ് അപേക്ഷിക്കണം. ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളില്‍ അനുമതിയില്ല. പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതല്‍ മദ്യനിര്‍മാണയൂണിറ്റുകള്‍ തുടങ്ങാനും മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. സ്പിരിറ്റ് നിര്‍മാണ യൂണിറ്റുകള്‍, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. ഹോര്‍ട്ടി വൈനുകള്‍ ബെവറജസ്വഴിമാത്രമേ വില്‍ക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുനല്‍കി. ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയയ്ക്കാന്‍ ബെവറജസ് കോര്‍പ്പറേഷന് അനുമതി നല്‍കി. കയറ്റുമതിചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും. ബെവറജസ് മദ്യക്കുപ്പികളില്‍ ക്യൂആര്‍കോഡ് നിര്‍ബന്ധമാക്കും.