പാലിയേക്കരയില്‍ അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കീശ കീറും; ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ കൂടുതല്‍; സെപ്റ്റംബര്‍ 9ന് ശേഷം പുതിയ നിരക്ക്
പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു.
കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കരാര്‍ കമ്പനിയായ ജിഐപിഎല്‍ വര്‍ദ്ധിപ്പിച്ചു. ദേശീയപാത അതോറിറ്റിയാണ് വര്‍ദ്ധിപ്പിച്ച നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം നിലവില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്, സെപ്റ്റംബര്‍ 9ന് ശേഷം ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ പുതുക്കിയ നിരക്ക് പ്രകാരമായിരിക്കും ഈടാക്കുക.
റോഡുകളുടെ ശോച്യാവസ്ഥയും രൂക്ഷമായ ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. ഈ വര്‍ഷത്തെ പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് രൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധന. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ഇനി 95 രൂപ നല്‍കണം, ഇത് മുന്‍പ് 90 രൂപയായിരുന്നു. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്ര ചെയ്യുന്നതിനുള്ള നിരക്കില്‍ മാറ്റമില്ല, അത് 140 രൂപയായി തുടരും.
ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 165 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 245 രൂപയും നല്‍കണം. ബസ്, ട്രക്ക് എന്നിവയ്ക്ക് ഇത് യഥാക്രമം 330 രൂപയും 495 രൂപയുമാണ്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795 രൂപയും നല്‍കേണ്ടി വരും.
ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതിനിടയിലാണ് വീണ്ടും ടോള്‍ വര്‍ദ്ധന നടന്നിരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനം ഒരുക്കാതിരുന്നത് സര്‍വീസ് റോഡുകളില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. എന്നാല്‍, അടിപ്പാതകളുടെ നിര്‍മ്മാണം മറ്റൊരു കമ്പനിയാണ് നടത്തിയതെന്നും അതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തങ്ങളല്ല കാരണമെന്നും ജിഐപിഎല്‍ വാദിക്കുന്നു. ഈ സാഹചര്യത്തില്‍, ടോള്‍ പിരിവ് പുനരാരംഭിക്കുന്നതോടെ വര്‍ദ്ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് വാഹന ഉടമകള്‍ക്ക് ഇരുട്ടടിയാകും.