'വ്യാളി- ആന' സൗഹൃദം പ്രധാനം; എതിരാളികളല്ല, നമ്മള്‍ പങ്കാളികള്‍; നല്ല അയല്‍ക്കാരായി തുടരേണ്ടത് അനിവാര്യം; അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളായി മാറരുത്'; ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ്; അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നീക്കവും; ഷീ ജിന്‍പിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ടിയാന്‍ജിന്‍: ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും നല്ല അയല്‍ബന്ധം തുടരേണ്ടത് അനിവാര്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവര്‍ത്തിച്ച് ഉറപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇരുനേതാക്കളും പരസ്പര സഹകരണത്തിന്റെ അനിവാര്യത വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായിരിക്കേണ്ടത് ശരിയായ തീരുമാനമാണെന്ന് ഷി പറഞ്ഞു. ഇന്ത്യചൈന ബന്ധം ദീര്‍ഘകാലം നിലനിര്‍ത്തുമെന്ന നിര്‍ണായക തീരുമാനത്തിലാണ് കൂടിക്കാഴ്ച പിരിഞ്ഞത്.
ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. '2024ല്‍ കസാനില്‍ നടന്ന മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരസ്പര ബഹുമാനം, പരസ്പര താത്പര്യങ്ങള്‍, പരസ്പരം വികാരങ്ങള്‍ മാനിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും ചൈനയും അവരുടെ 280 കോടി ജനങ്ങളും തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, 21-ാം നൂറ്റാണ്ടിന്റെ പ്രവണതകള്‍ക്ക് അനുയോജ്യമായ ബഹുധ്രുവ ലോകത്തിനും ബഹുധ്രുവ ഏഷ്യയ്ക്കും ഇത് ആവശ്യമാണ്' പ്രസ്താവനയില്‍ അറിയിച്ചു.
'ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനുള്ള ചരിത്രപരമായ ഉത്തരവാദിത്വം രണ്ടു രാജ്യങ്ങള്‍ക്കുമുണ്ട്. തന്ത്രപരവും ദൂരവ്യാപകവുമായ വീക്ഷണത്തിലൂടെ ഇരുരാജ്യങ്ങളും പരസ്പരമുള്ള ബന്ധത്തെ സമീപിക്കണം. അതിലൂടെ സുസ്ഥിരതവും ഉറച്ചതും സ്ഥിരതയുള്ളതുമായ മുന്നേറ്റം ഉഭയകക്ഷി ബന്ധത്തില്‍ കൊണ്ടുവരാനാകും. ഇന്ത്യയും ചൈനയും സഹകരിച്ചു മുന്നോട്ടുപോകേണ്ട പങ്കാളികളാണ്. ശത്രുക്കളല്ല. പരസ്പരം ഭീഷണിയുയര്‍ത്താതെ രണ്ടു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന തരത്തിലായിരിക്കണം ഇന്ത്യചൈന ബന്ധം'ഷി പറഞ്ഞു.
ഇന്ത്യചൈന ബന്ധം ശുഭകരമായ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്നും കൈലാസ് മാന്‍സരോവര്‍ യാത്ര പുനരാരംഭിച്ചെന്നും മോദി പറഞ്ഞു. കസാനില്‍ നമ്മള്‍ ഫലപ്രദമായ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. നമ്മുടെ രാജ്യങ്ങളുടെ സഹകരണത്തിലൂടെ 280 കോടി ജനങ്ങളുടെ താല്‍പര്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാനവരാശിക്ക് ആവശ്യമാണ്'ചര്‍ച്ചയുടെ ആമുഖമായി മോദി പറഞ്ഞു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിനും ചര്‍ച്ചയ്ക്കും നന്ദിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണവും ഇരുനേതാക്കളും തമ്മിലുണ്ടായെന്നാണ് വിവരം.
ഉഭയകക്ഷി ബന്ധങ്ങളുടെ തുടര്‍ച്ചയായ വികസനത്തിന് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ സൈനിക പിന്മാറ്റവും അതിനുശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതും ഇരു നേതാക്കളും സംതൃപ്തിയോടെ വിലയിരുത്തി. അതിര്‍ത്തിപ്രശ്‌നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ ഒരു പരിഹാരത്തിന് ഇരുനേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു. ഈ മാസം ആദ്യം നടന്ന ചര്‍ച്ചകളില്‍ രണ്ട് പ്രത്യേക പ്രതിനിധികള്‍ എടുത്ത സുപ്രധാന തീരുമാനങ്ങളെ അംഗീകരിക്കുകയും അവരുടെ ശ്രമങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൈലാസ് മാനസരോവര്‍ യാത്രയും ടൂറിസ്റ്റ് വിസയും പുനഃരാരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, നേരിട്ടുള്ള വിമാന സര്‍വീസുകളിലൂടെയും വിസ നടപടികള്‍ ലഘൂകരിക്കുന്നതിലൂടെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
ഇന്ത്യയും ചൈനയും തന്ത്രപരമായ സ്വയംഭരണാധികാരം പിന്തുടരുന്നുവെന്നും തങ്ങളുടെ ബന്ധങ്ങളെ ഒരു മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹുമുഖ വേദികളില്‍ ഭീകരവാദം, ന്യായമായ വ്യാപാരം തുടങ്ങിയ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിലും വെല്ലുവിളികളിലും പൊതുവായ ധാരണകള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി.
എസ്‌സിഒയുടെ ചൈനീസ് അധ്യക്ഷസ്ഥാനത്തിനും ടിയാന്‍ജിനിലെ ഉച്ചകോടിക്കും പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. 2026-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷിയെ ക്ഷണിക്കുകയും ചെയ്തു. ക്ഷണത്തിന് പ്രസിഡന്റ് ഷി പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനത്തിന് ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ കായ് ചിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
യുഎസിന്റെ തീരുവ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു മോദിഷി കൂടിക്കാഴ്ച. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് കൂടിക്കാഴ്ച തുടങ്ങിയത്. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ ചൈനയും റഷ്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. ചൈനയ്ക്കുള്ള തീരുവയും യുഎസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നത്. ഷി ചിന്‍പിങ്ങുമായി 10 മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയും. നേരത്തെ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
ഷീ ജിന്‍പിങിന് ക്ഷണം
ഷീ ജിന്‍പിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിക്കായാണ് ഷീയെ ക്ഷണിച്ചത്. ആഗോള വ്യാപാര രംഗത്ത് സ്ഥിരത ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പങ്കുണ്ടെന്ന് വിലയിരുത്തി ഭീകരവാദത്തിനെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് ഷി ജിന്‍പിങ് പറഞ്ഞു. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സാംസ്‌കാരിക ബന്ധമുണ്ട്.. 'വ്യാളി- ആന' സൗഹൃദം പ്രധാനമെന്നും നല്ല അയല്‍ക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു,