റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അനില്‍ അംബാനിയില്ല; വായ്പ്പാതട്ടിപ്പ് കേസ് ഈ കമ്പനികള്‍ക്ക് ബാധകമല്ല; തിരിച്ചുവരവിന്റെ പാതയില്‍ ഇടിത്തീയായി ഇഡി; 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസില്‍ സംഭവിക്കുന്നത്?
അനില്‍ അംബാനിക്ക് ഇടിത്തീയായി ഇഡി
കഴിഞ്ഞ കുറച്ചുകാലമായി മുംബൈ ബിസിനസ് മാധ്യമങ്ങളിലൊക്കെ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു, അനില്‍ അംബാനിയുടെ തിരിച്ചുവരവ്. അനിലിനെക്കുറിച്ച് നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ കഴിഞ്ഞ വര്‍ഷംവരെയും കേട്ടിരുന്നില്ല. എന്നാല്‍ 2024 തുടക്കം മുതല്‍ പതുക്കെ കഥമാറി. കഠിനാധ്വാനികളായ മക്കളുടെയും, സഹോദരന്‍ മുകേഷിന്റെയും പിന്തുണയോടെ, കടങ്ങള്‍ കുറേയൊക്കെ വീട്ടി പതുക്കെ തിരിച്ചുവരുന്ന അനിലിനെയാണ് പിന്നീട് ബിസിനസ് ലോകം കണ്ടത്. 8000 കോടിയുടെ കടം വീട്ടി, പുതിയ മേഖലയിലേക്ക് വളരുകയായിരുന്നു അനില്‍ അംബാനി ഗ്രൂപ്പ്. അനിലിന്റെ മക്കളായ ജയ് അന്‍മോല്‍ അംബാനി, ജയ് അന്‍ഷുല്‍ അംബാനി എന്നീ രണ്ടുപേരും ഇപ്പോള്‍ കത്തിക്കയറി വരികയാണ്. മുകേഷ് അംബാനിയുടെയും മക്കളുടെയും പൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ട്. അവര്‍ എല്ലാവരും ചേര്‍ന്നാണ് ഇപ്പോള്‍ റിലയന്‍സിനെ കരകയറ്റിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളില്‍ ഒന്നായി, വിലയിരുത്തപ്പെടുന്നായിരുന്നു, അനില്‍ അംബാനിയുടെ തകര്‍ച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനില്‍ നിന്ന്, പാളീസായി പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന അനിലിന്റെ കഥ ഇന്ത്യന്‍ ബിസിനസ് ലോകത്ത് സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജ്യേഷ്ഠന്‍ മുകേഷ് അംബാനി ലോകത്തിലെ 11-ാമത്തെ ധനികനായി വളരവേയാണ് അനിയന്റെ ഈ ദുരവസ്ഥ. ഒരുകാലത്ത് ജ്യേഷ്ഠനേക്കാള്‍ കേമനായിരുന്നു അനുജന്‍. ആഗോള കോടീശ്വര പട്ടികയില്‍ 6-ാം സ്ഥാനം വരെ കണ്ടെത്താന്‍ അനില്‍ അംബാനിക്ക് സാധിച്ചിരുന്നു. എന്നാല്‍ എവിടെയോ വച്ച് താളം തെറ്റിയ അനില്‍ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ല്‍ യുകെ കോടതിയില്‍ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അവിടെ നിന്ന് വീണ്ടും തളിര്‍ത്തുവന്ന അനിലില്‍ ഇപ്പോള്‍ വീണ്ടും ഇഡിയുടെ വലയില്‍ പെട്ടിരിക്കയാണ്.
കുരുക്കൊരുക്കി ഇഡി
യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകകയാണ്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഹാജരാകാന്‍ അദ്ദേഹത്തോട് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്.
3000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂലായ് 24- മുതലാണ് ഇ.ഡി. പരിശോധന ആരംഭിച്ചത്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെ 35 കേന്ദ്രങ്ങളിലാണ് പരിശോധന. ഇതില്‍ 50 കമ്പനികളും അനില്‍ അംബാനി ഗ്രൂപ്പ് കമ്പനീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിയമനടപടികള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ രാജ്യം വിട്ടുപോകുന്നത് തടയാനാണ് സാധാരണയായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉപയോഗിക്കുന്നത്.
2017ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിനും തെളിവുലഭിച്ചിട്ടുണ്ട്. യെസ് ബാങ്ക് വായ്പയ്ക്ക് അനുമതിനല്‍കിയതില്‍ വലിയ പിഴവുകളുണ്ടായതായും ഇഡി പറയുന്നു. വായ്പകള്‍ ഒറ്റവര്‍ഷംകൊണ്ട് ഇരട്ടിയായ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്.
ബാധിക്കില്ലെന്ന് റിലയന്‍സ്
റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തിനു മുന്‍പുനടന്ന ഇടപാടുകളിലാണ് പരിശോധനകള്‍ നടക്കുന്നതെന്നാണ് നേരത്തേ റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ പ്രതികരിച്ചിരുന്നത്. രണ്ടുകമ്പനികളുടെയും ബോര്‍ഡില്‍ അനില്‍ അംബാനിയില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു കമ്പനികളുടെയും പ്രവര്‍ത്തനങ്ങളെ നടപടികള്‍ ബാധിക്കില്ലെന്നും കമ്പനികള്‍ പറഞ്ഞിരുന്നു.
അതേ സമയം ഇ.ഡി റെയ്ഡുകള്‍ തങ്ങളെ ബാധിക്കുകയില്ലെന്ന് അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ കമ്പനികള്‍ എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, സാമ്പത്തികം, ഓഹരിയുടമകള്‍, ജീവനക്കാര്‍, മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്സ് എന്നിവരെയൊന്നും ഇ.ഡി റെയ്ഡ് ബാധിക്കുകയില്ലെന്നാണ് അറിയിച്ചത്.ബിസിനസില്‍ ഒരു തിരിച്ചു വരവിന് ശ്രമിക്കുന്ന അനില്‍ അംബാനിക്ക് ഇപ്പോഴത്തെ ഇ.ഡി നീക്കങ്ങള്‍ തിരിച്ചടിയാകുമോ എന്നാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്. എന്നാല്‍ ഇ.ഡി റെയ്ഡിന് ശേഷവും, വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് പവര്‍ എന്നീ കമ്പനികള്‍ ചെയ്തത്.
അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന് നിലവില്‍ 38 ലക്ഷത്തിലധികം റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 4016 കോടി രൂപയുടെ ഇക്വിറ്റി ബേസ് ഉണ്ട്. 5,900 മെഗാവാട്ടിന്റെ പ്രവര്‍ത്തന ശേഷി കമ്പനിക്കുണ്ട്. ഇന്ത്യന്‍ ഊര്‍ജ വിപണിയിലെ മികച്ച സംരംഭങ്ങളില്‍ ഒന്നു തന്നെയാണ് ഇത്. ഇപ്പോള്‍ അവര്‍ക്ക് ഭൂട്ടാന്‍ അടക്കമുള്ള രാജ്യങ്ങളിലും നിക്ഷേപമുണ്ട്. ഭൂട്ടാനില്‍ 1270 മെഗാവാട്ട് സോളാര്‍, ജലവൈദ്യുത പദ്ധതികള്‍ റിലയന്‍സ് ഗ്രൂപ്പിനുള്ളത്. ഭൂട്ടാനിലെ പുനരുപയോഗ, ഹരിത ഊര്‍ജ മേഖലയിലെ നിക്ഷേപങ്ങള്‍ക്കായി റിലയന്‍സ് എന്റര്‍പ്രൈസസ് എന്ന പുതിയ കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 250 മെഗാവാട്ട് വീതമുള്ള 500 മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം. ഭൂട്ടാനിലെ ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റിയിലാണ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ആയിരിക്കും ഇതെന്നാണ് പറയുന്നത്.
അതുപോലെ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (ആര്‍-ഇന്‍ഫ്ര) ഇപ്പോഴം നിരവധി വര്‍ക്കുകള്‍ ഉണ്ട്. ആര്‍- ഇന്‍ഫ്രയുടെയും മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംഎംആര്‍ഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ മുംബൈ മെട്രോ വണ്‍ അതിലൊന്നാണ്. ഇതിന് ഏകദേശം മൂല്യം 4,000 കോടി രൂപയാണ്. വെറും മുടിയനായ പുത്രനാക്കി അനിലിനെ എഴുതിത്തള്ളാനാവില്ലെന്ന് ചുരുക്കം.
അനില്‍ അംബാനിയുടെ രണ്ടാംവരവില്‍ അവര്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രതിരോധ മേഖലയിലാണ്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ്, യുഎസ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. യുഎസ് പ്രതിരോധ വകുപ്പിന്റെ അംഗീകൃത കരാറുകാരായ കോസ്റ്റല്‍ മെക്കാനിക്‌സുമായാണ് അനില്‍ അംബാനി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 കോടി രൂപയുടെ പദ്ധതിയാണിത്. ഈ ഡീല്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് വലിയ നേട്ടമാകുമെന്നാണു വിലയിരുത്തല്‍. പക്ഷേ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസിനെ തുടര്‍ന്ന് അനിലിന്റെ ഭാവി എന്താകും എന്നാണ് ചോദ്യം. റിലയന്‍സിന്റെ ഓഹരി വിലയിലും ഇതോടെ വന്‍ ഇടിവുണ്ടായിട്ടുണ്ട്.