സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിനു തടവിലായ ലൂസി കൊണോലി ജയില്‍ വാസം കഴിഞ്ഞ് മടങ്ങി; ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്‍
ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്‍
ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സമരങ്ങള്‍ രാജ്യവായ്പകമായി നടക്കുകയാണ്. എപിങ് ഹോട്ടല്‍ പൂട്ടാന്‍ കോടതി ഉത്തരവിട്ടത് പ്രതിഷേധക്കാര്‍ക്ക് ഇരട്ടി ആവേശം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ആവേശം നല്‍കാന്‍ ഒരു രക്ത സാക്ഷിയെയും കിട്ടി. വെറുമൊരു ട്വീറ്റിന്റെ പേരില്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്ന സ്ത്രീയാണ് ഈ രക്തസാക്ഷി. ഒരു വര്‍ഷത്തിന് ശേഷം സ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍ ആസ്വദിക്കുകയാണ് ഇപ്പോള്‍ ഈ 42 കാരി.
ഭര്‍ത്താവും, നോര്‍ത്താംപ്ടണ്‍ഷയര്‍ കൗണ്‍സിലിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൗണ്‍സിലറുമായ റേയുടെയും മകള്‍ ഹോളിയുടെയും ഒപ്പമുള്ള ജീവിതം പക്ഷെ ഇനി പഴയതുപോലെ ആകില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സൗത്ത്‌പോര്‍ട്ടിലെ കുട്ടികളുടെ കൊലപാതകത്തിന് ശേഷം കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിന് വംശീയ വിദ്വേഷം പടര്‍ത്തി എന്നാക്ഷേപിച്ച് 31 മാസത്തെ തടവ് ശിക്ഷയായിരുന്നു അവര്‍ക്ക് ലഭിച്ചത്. ഡാന്‍സ് സ്‌കൂളില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ട ജൂലായ് 29 ന് ആയിരുന്നു ഇവര്‍ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
കൊലപാതകിയായ അലക്സ് റുഡകുബാന ഒരു അനധികൃത അഭയാര്‍ത്ഥിയാണെന്ന് കൊണോലി ആ ട്വീറ്റില്‍ തെറ്റായി പരാമര്‍ശിച്ചിരുന്നു. എന്‍ എച്ച് എസ്സിലെ ചികിത്സാ പിഴവ് മൂലം തന്റെ 19 മാസം പ്രായമുള്ള മകന്‍ മരിച്ചതില്‍ മനോദുഃഖം അനുഭവിക്കുന്ന ഒരു സാഹചര്യമായിരുന്നു അപ്പോള്‍ കൊണോലിക്ക് ഉണ്ടായിരുന്നത്. ഏതായാലും, പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ പോസ്റ്റ് ഡിലിറ്റ് ചെയ്തിരുന്നു. എന്നാല്‍, അപ്പോഴേക്കുമ്‌ന് 3,10,000 പേര്‍ ആ പോസ്റ്റ് വായിച്ചിരുന്നു. തുടര്‍ന്നാണ് അവരെ അറസ്റ്റ് ചെയ്തതും കേസ് ചാര്‍ജ്ജ് ചെയ്തതും. അത്രയേറെ അപകടകാരിയല്ലാത്ത, ആദ്യാമയി കുറ്റം ചെയ്യുന്ന വ്യക്തി ആയിരിന്നിട്ടു കൂടി ഇവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് നടന്ന വിചാരനയില്‍, 377 രാത്രികള്‍ തടവറയില്‍ ചെലവഴിക്കാനുള്ള ശിക്ഷ ഇവര്‍ക്ക് പ്രോസിക്യൂഷന്‍ വാങ്ങിക്കൊടുത്തു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചും, ഇരട്ട നീതിയെ കുറിച്ചുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ശിക്ഷാ കാലാവധിയില്‍ കൂടുതലും അവര്‍ സ്റ്റഫോര്‍ഡ്ഷയറിലെ ദ്രേക്ക് ഹോള്‍ ജയിലിലായിരുന്നു ചെലവഴിച്ചത്. എന്നാല്‍, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അവരെ പീറ്റര്‍ബറോ ജയിലിലേക്ക് മാറ്റിയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൗണ്‍സിലറുടെ ഭാര്യയായ കൊണോലിയെ താരതമ്യേന ചെറിയ കുറ്റത്തിന് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത് രാഷ്ട്രീയ വിരോധം തീര്‍ക്കാനാണെന്നാണ് ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
അതേസമയം, വംശീയ വെറിപൂണ്ട ഒരു വ്യക്തിയാണ് കൊണോലി എന്നാണ് അവരുടെ വിമര്‍ശകര്‍ ആരോപിക്കുന്നത്. ഒരു അക്രമത്തിന് എരിതീയില്‍ എണ്ണയൊഴിച്ചു കൊടുത്ത അവര്‍ക്ക് മതിയായ ശിക്ഷ ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ഇവര്‍ ശിക്ഷയനുഭവിച്ച ഈ മാസങ്ങളിലത്രയും, കൊണോലീയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ ശക്തമാവുകയായിരുന്നു. കലാപകാലത്ത് പോലീസിന് നേരെ കല്ലെറിഞ്ഞവര്‍ക്ക് ലഭിച്ചതിനേക്കാള്‍ കടുത്ത ശിക്ഷയാണ് കൊണോലിക്ക് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം ടോറി നേതാവ് കെമി ബെയ്ഡ്‌നോക്കും പറഞ്ഞിരുന്നു.
അതിനിടെ, കൊണോലിയുടെ മോചനത്തിനായി നിരന്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്ന റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജ് അവരുടെ മോചനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. അവര്‍ക്ക് ലഭിച്ച അന്യായമായ ശിക്ഷ, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവരെ ഒരു സുപ്രധാന വ്യക്തിയാക്കിയിരിക്കുകയണെന്നും അദ്ദേഹം പറഞ്ഞു. അവരെ ഒരിക്കലും ശിക്ഷിക്കാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നിശബ്ദരായ ലക്ഷക്കണക്കിന് ആളുകളുടെ ശബ്ദമായിരുന്നു അവരെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.