അഞ്ച് വര്‍ഷം കൊണ്ട് ലങ് കാന്‍സര്‍ തലച്ചോറിലടക്കം വ്യാപിച്ചു; ആറുമാസത്തിനകം മരണം വിധിച്ച് പാലിയേറ്റിവ് കെയറിലേക്ക് മാറ്റി ഡോക്ടര്‍മാര്‍; കൊറിയന്‍ വംശജയായ 84-നാല് കാരിക്ക് ഒടുവില്‍ അത്ഭുത രോഗശാന്തി

അഞ്ച് വര്‍ഷം കൊണ്ട് ലങ് കാന്‍സര്‍ തലച്ചോറിലടക്കം വ്യാപിച്ചു

Update: 2025-04-01 05:59 GMT

സാള്‍ട്ട്‌ലേക്ക്: മരണത്തിന്റെ വായില്‍ നിന്ന് തിരിച്ചെത്തി എന്ന് നമ്മള്‍ ചിലര്‍ അത്ഭുതകരമായി രക്ഷപ്പെടുമ്പോള്‍ പറയാറുണ്ട്്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 84 കാരിയുടെ ജീവിതമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കൊറിയക്കാരിയായ ദുഖിഹോങ് എന്ന 84 കാരിയാണ് ഈ അത്ഭുതകരമായ രക്ഷപ്പെടല്‍ കഥയിലെ നായിക. ഇവര്‍ക്ക് ശ്വാസകോശ അര്‍ബുദം ബാധിച്ചിരുന്നു.

അഞ്ച് വര്‍ഷം കൊണ്ട് അത് തലച്ചോറിലടക്കം ബാധിച്ചു. ഇവരെ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ ഇവര്‍ ആറ് മാസത്തിനകം മരിക്കുമെന്നാണ് വിധിയെഴുതിയത്. തുടര്‍ന്ന് മുത്തശിയെ ഡോക്ടര്‍മാര്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. 2019ല്‍ ആണ് ഇവരുടെ രോഗബാധ ആദ്യമായി കണ്ടുപിടിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ ഇമ്മ്യൂണോ തെറാപ്പിയുടെ നൂറാമത് ഡോസ് ഇവര്‍ക്ക് നല്‍കിയത്. ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഇവര്‍ രോഗമുക്തയായിരിക്കുകയാണ്. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത് എന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കഴിഞ്ഞ ആറ് വര്‍ഷമായി സാള്‍ട്ടലേക്ക് സിററി ഹോസ്പിറ്റലിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ സ്‌ക്കാനിംഗില്‍ മുത്തശിക്ക് അര്‍ബുദമില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. എങ്ങനെയാണ് ഈ എണ്‍പത്തിനാലുകാരിക്ക് മാരകമായ ഈ രോഗത്തില്‍ നിന്ന് മുക്തി ഉണ്ടായതെന്ന കാര്യം തങ്ങള്‍ക്കും മനസിലായി്ട്ടില്ല എന്നാണ് ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരും പറയുന്നത്.

ഒരു പക്ഷെ ഇവരുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം അത്രയും ശക്തമായിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഇമ്മ്യൂണോ തെറാപ്പിയുടെ നൂറ് ഡോസെടുത്ത ഒരു രോഗിയേയും താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ഇവരെ ചിക്തിസിച്ചിരുന്ന ഡോക്ടറായ സ്റ്റീഫന്‍ കെന്‍ഡാലും പറയുന്നത്. മികച്ച പ്രതിരോധശേഷിയുള്ള രോഗികളില്‍ ഇമ്മ്യൂണോ തെറാപ്പി ഏറെ ഗുണം ചെയ്യുമെന്നാണ് പല ഡോക്ടര്‍മാരും പറയുന്നത്.

മികച്ച പോഷകാഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഹോങ് മുത്തശി തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ക്യാന്‍സര്‍ ചികിത്സയില്‍ ഇമ്മ്യൂണോ തെറാപ്പി നടത്തുന്നത് ഇപ്പോള്‍ ഏറെ പ്രാമുഖ്യം നേടിയിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ ചികിത്സാ സംവിധാനം നിലവില്‍ വന്നത്. ഹോങ്ങ് 1965 ലാണ് അമേരിക്കയില്‍ താമസമാക്കുന്നത്.

നാല് മക്കളേയും ഏറെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത് എന്നാണ് ഇവര്‍ പറയാറുള്ളത്. അമേരിക്കയില്‍ ഓരോ വര്‍ഷവും ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് ശ്വാസകോശാര്‍ബുദം ബാധിച്ച് മരിക്കുന്നത്. പുകവലിക്കാരെയാണ് ഈ രോഗം പ്രധാനമായും ബാധിക്കാറുള്ളത് എങ്കിലും പുകവലിക്കാത്തവര്‍ക്കും ഈ രോഗം വരാറുണ്ട്. മൂന്നാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ചുമയും ശ്വാസതടസവും ഉണ്ടായാല്‍ നിങ്ങള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ചികിത്സ തേടണം എന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.

Tags:    

Similar News