മണിക്കൂറിൽ 120 മൈലിലധികം വേഗതയിലെത്തിയ ട്രെയിനുകൾ; കൂട്ടിയിടിയിൽ യാത്രക്കാർ ജനാലയിലൂടെ പുറത്തേക്ക് തെറിച്ചു; ജീവൻ നഷ്ടമായത് 39 പേർക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; തെക്കൻ സ്പെയിനിലുണ്ടായ ദുരന്തത്തിൽ അപകടകാരണം ദുരൂഹമായി തുടരുമ്പോൾ

Update: 2026-01-19 17:03 GMT

സ്പെയിൻ: തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ മരിച്ച ദുരന്തത്തിനിടയായ കാരണം കണ്ടെത്താനാകാതെ അധികൃതർ. കഴിഞ്ഞ വർഷം ട്രാക്കുകൾ നവീകരിച്ചതുകൊണ്ട് തന്നെ അപകടം തികച്ചും 'വിചിത്രമായ' ഒരു സംഭവമാണെന്ന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാർ പ്യൂണ്ടെ പറഞ്ഞത്. അപകടകാരണം ഇപ്പോഴും ഒരു രഹസ്യമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിന് പിന്നിൽ മനുഷ്യസഹജമായ പിഴവുകളില്ലെന്ന് റെയിൽവേ കമ്പനി പ്രസിഡന്റ് അൽവാരോ ഫെർണാണ്ടസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

മരിച്ചവരിൽ ഒരു ട്രെയിൻ ഡ്രൈവറും ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രി 7.45ഓടെയാണ് മലാഗയിൽ നിന്ന് തലസ്ഥാനമായ മാഡ്രിഡിലേക്ക് 300 യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിനിന്റെ പിന്നിലെ ഭാഗം പാളം തെറ്റിയത്. പിന്നാലെ, മാഡ്രിഡിൽ നിന്ന് ഹ്യുയൽവയിലേക്ക് 200ഓളം യാത്രക്കാരുമായി വന്ന മറ്റൊരു ട്രെയിൻ പാളം തെറ്റിയ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ കൂട്ടിയിടിയിൽ രണ്ടാമത്തെ ട്രെയിനിനാണ് കൂടുതൽ ആഘാതമുണ്ടായതെന്ന് പ്യൂണ്ടെ പറഞ്ഞു. രണ്ടാമത്തെ ട്രെയിനിന്റെ ആദ്യത്തെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെറ്റി 13 അടി താഴ്ചയുള്ള ചരിഞ്ഞ പ്രദേശത്തേക്ക് പതിച്ചു. ഈ ബോഗികളിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപകടസമയത്ത് ഇരു ട്രെയിനുകളും മണിക്കൂറിൽ 120 മൈലിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഒരു ട്രെയിൻ മണിക്കൂറിൽ 127 മൈലും മറ്റൊന്ന് 130 മൈലും വേഗതയിലാണ് സഞ്ചരിച്ചതെന്ന് സ്പെയിനിന്റെ ദേശീയ റെയിൽവേ കമ്പനി പ്രസിഡന്റ് അൽവാരോ ഫെർണാണ്ടസ് വ്യക്തമാക്കി. മണിക്കൂറിൽ 155 മൈൽ വേഗത പരിധിയുള്ള ട്രാക്കുകളിൽ, നിശ്ചിത വേഗപരിധിക്ക് താഴെയായിരുന്നു ട്രെയിനുകളെന്നും മനുഷ്യന്റെ പിഴവ് അപകടത്തിന് കാരണമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടിയിടിയുടെ ആഘാതത്തിൽ യാത്രക്കാർ ജനലുകളിലൂടെ പുറത്തേക്ക് തെറിച്ചുപോയെന്നും, അപകടസ്ഥലത്തുനിന്ന് നൂറുകണക്കിന് യാർഡ് അകലെയാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു.

159 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ 48 പേർ ഇപ്പോഴും ആശുപത്രിയിലാണ്. നാല് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. തകർന്ന് കഷണങ്ങളായ ട്രെയിൻ ഭാഗങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാംഗങ്ങൾ പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നതിനാൽ ബന്ധുക്കളുടെ ഡിഎൻഎ (DNA) സാമ്പിളുകൾ ശേഖരിക്കാൻ കോർഡോബ നഗരത്തിൽ പ്രത്യേക ഓഫീസ് തുറന്നു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അന എന്ന യാത്രക്കാരി തന്റെ അനുഭവം പങ്കുവെച്ചു. വലിയൊരു ഭൂകമ്പം ഉണ്ടായത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അവർ പറഞ്ഞു. ചിലർ ജനാലകൾ തകർത്ത് പുറത്തേക്ക് ചാടിയപ്പോൾ മറ്റു ചിലർ എമർജൻസി ഹാമറുകൾ ഉപയോഗിച്ചാണ് പുറത്തുകടന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ റെയിൽവേ ട്രാക്കുകൾക്ക് നേരെ അട്ടിമറി ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഈ അപകടത്തിലും അത്തരം സാധ്യതകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. സ്പെയിൻ സർക്കാർ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Tags:    

Similar News