ശതകോടികള്‍ തട്ടിച്ച സംഘത്തിന് വേണ്ടി ആ ആപ്ലിക്കേഷനുണ്ടാക്കിയത് 16കാരന്‍; പരിവാഹന്‍ തട്ടിപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇരകള്‍; ബാക്കിയെല്ലാവരും 'ഉപദേശം' മാത്രം കൊടുത്തപ്പോള്‍ കേരളാ പോലീസ് വേട്ടയ്ക്ക് ഇറങ്ങി; ലൊക്കേഷന്‍ ട്രാക്കിംഗ് സൂപ്പറായി; ലോക്കല്‍ പോലീസ് സഹകരിക്കാതിരുന്നിട്ടും അതിസാഹസക അറസ്റ്റ്; എന്തു കൊണ്ട് കേരളാ പോലീസ് മികച്ചതാകുന്നു? യുപി ആക്ഷന്‍ അറസ്റ്റായ കഥ

Update: 2025-07-22 03:56 GMT

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ എംപരിവാഹന്റെ വ്യാജ ആപ്ലിക്കേഷന്‍ ഉണ്ടാക്കി രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പു നടത്തിയ സംഭവത്തില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശികളില്‍നിന്നു ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നിരവധി പേരുടെ യുപിഐ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതികളില്‍ നിന്നും കിട്ടി. എംപരിവാഹന്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ച വിവിധ വ്യക്തികളുടെ ഫോണിന്റെയും യുപിഐ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും, ഹണി ട്രാപ്പ്, കെവൈസി അപ്ഡേഷന്‍ തുടങ്ങിയ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും പോലീസ് കണ്ടെത്തി.

ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് വാരണാസിയില്‍ നിന്നു കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അതിസാഹസികമായാണു സൈബര്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ ഖാന്‍, സീനിയര്‍ സിപിഒമാരായ ആര്‍. അരുണ്‍, പി. അജിത്രാജ്, നിഖില്‍ ജോര്‍ജ്, സിപിഒമാരായ ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കേരളം കൂടാതെ കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളുമുണ്ട്.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി ശേഖരിച്ച 2700 ഓളം വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോണ്‍ നമ്പറുകളും ഇവരുടെ പക്കലുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലെ പോലീസ് ഏജന്‍സികള്‍ മാസങ്ങളായി ശ്രമിക്കുകയാണെങ്കിലും കൊച്ചി സൈബര്‍ പോലീസാണ് ആദ്യമായി അറസ്റ്റ് രേഖപ്പെടുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പരാതി വന്നെങ്കിലും ആരും നടപടികളിലേക്ക് പോയില്ല. സന്ദേശങ്ങള്‍ നല്‍കി നാട്ടുകാരെ ബോധവല്‍ക്കരിക്കാനായിരുന്നു ശ്രമം. എന്നാല്‍ കേരളാ പോലീസ് അതിവേഗ നടപടികളിലേക്ക് നീങ്ങി. അത് അറസ്റ്റിലും കാര്യങ്ങളെത്തിച്ചു.

വാരണാസിയിലെത്തിയ സൈബര്‍ പോലീസ് സംഘത്തിനു ലോക്കല്‍ പോലീസിന്റെ സഹകരണം ലഭിച്ചില്ല. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റിയില്‍ മാത്രം 96ഓളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൈബര്‍ പോലീസ് അറിയിച്ചു. സംസ്ഥാനത്ത് 575ഓളം പേര്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തു കോടികളുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയിട്ടുണ്ടെന്നാണു നിഗമനം. പണം ആഡംബര ജീവിതം നയിക്കുന്നതിനും ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള സേവിംഗ്സാക്കി മാറ്റുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്.

വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ.പി.കെ. ഫയലുകള്‍ വാട്‌സാപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്. മനീഷ് യാദവിന്റെ ബന്ധുവായ 16 വയസ്സുകാരനാണ് വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതിന്റെ ബുദ്ധി കേന്ദ്രം. ഫൈന്‍ അടയ്ക്കാനുള്ള ലിങ്കും അയച്ചു നല്‍കും. ഇതില്‍ ക്ലിക്ക് ചെയ്യുന്നവരുടെ അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തുകയായിരുന്നു രീതി. വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍.സി.ആര്‍.പി. പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ പരാതിയിന്മേലാണ് ആദ്യ അറസ്റ്റ്. കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 2700-ല്പരം വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍ കണ്ടെത്തി.സാമൂഹികമാധ്യമ സന്ദേശമായോ എസ്എംഎസ് ആയോ വരുന്ന സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന, പരിവാഹന്റെ പേരിലുള്ള ഫയല്‍ ഉപയോഗിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതുവഴി പിഴയടയ്ക്കാനും നിര്‍ദേശമുണ്ടാകും. ഇങ്ങനെ പണമടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്ക് വിവരങ്ങള്‍ ഉള്‍െപ്പടെ ചോര്‍ത്തപ്പെടുകയും ചെയ്യും. മുന്‍പ്, ഉയര്‍ന്നലാഭം വാഗ്ദാനംചെയ്ത് വ്യാജ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പണം കവര്‍ന്ന സംഭവങ്ങളുണ്ടായിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഇതെന്നു പോലീസ് പറയുന്നു.

Tags:    

Similar News