എം ആര്‍ അജിത് കുമാറിന് പൊലീസില്‍ നിന്ന് മാറ്റം; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം; സ്ഥാനമാറ്റം ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്ന്; വിവരം ഹൈക്കോടതിയെ ധരിപ്പിക്കും; അജിത് കുമാറിന് ശബരിമലയില്‍ വിഐപി പരിഗണന കിട്ടിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും

എം ആര്‍ അജിത് കുമാര്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍

Update: 2025-07-28 14:19 GMT

തിരുവനന്തപുരം: എം ആര്‍ അജിത് കുമാര്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍. ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്നാണ് നടപടി. നിയമന ഉത്തരവ് ഇറങ്ങി. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

അതേസമയം, എഡിജിപി എം.ആര്‍. അജിത്കുമാറിന്, ശബരിമലദര്‍ശനത്തിന് കൂടുതല്‍ സമയം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കിട്ടി. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷല്‍ കമ്മിഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ജൂണ്‍ 12-ന് രാത്രി 10-ന് ഹരിവരാസനം പാടുന്ന സമയത്ത് അഞ്ചുമിനിറ്റില്‍ കൂടുതല്‍ സമയം എഡിജിപി ശ്രീകോവിലിനുമുന്നില്‍ ദര്‍ശനത്തിന് നിന്നു. സാധാരണ ഭക്തരെ സെക്കന്‍ഡുകള്‍മാത്രം ദര്‍ശനം നടത്താനേ അനുവദിക്കാറുള്ളൂ. എന്നാല്‍, അജിത്കുമാറിന് വിഐപിപരിഗണന ലഭിച്ചെന്നാണ് ആക്ഷേപം. തുടര്‍ന്ന് സ്പെഷ്യല്‍ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിലാണ്, ആരോപണത്തില്‍ വസ്തുതയുണ്ടെന്ന വിവരം ലഭിച്ചത്. പലവട്ടം പോലീസിന്റെ ശബരിമലയിലെ സ്പെഷ്യല്‍ ഓഫീസറും മൂന്നുതവണ ചീഫ് കോഡിനേറ്ററുമായിരുന്നു അജിത്കുമാര്‍.

12-ന് രാത്രിയിലാണ്, പിറ്റേന്ന് നടന്ന നവഗ്രഹപ്രതിഷ്ഠ വണങ്ങാന്‍ എഡിജിപി സന്നിധാനത്തെത്തിയത്. പമ്പയില്‍നിന്ന് ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയതിന് അജിത്കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പമ്പ-ശബരിമല പാതയില്‍ ട്രാക്ടറില്‍ യാത്രചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നതിലാണ് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ എഡിജിപിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. കാലിന് വേദനയായതിനാലാണ് ട്രാക്ടറില്‍ പോയതെന്ന് മറുപടി കിട്ടിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ലെന്നുകാണിച്ച് ഡിജിപി, ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിച്ചശേഷം ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

12-ന് രാത്രി സന്നിധാനത്തെത്തിയ എഡിജിപി ഹരിവരാസനസമയത്ത് മുന്‍നിരയിലാണ് നിന്നത്. നടന്‍ ദിലീപിനെ ഇവിടെ നില്‍ക്കാനനുവദിച്ച വിഷയത്തില്‍ മുമ്പ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ട്രാക്ടറില്‍ യാത്രചെയ്തതിന്, ട്രാക്ടറോടിച്ച പോലീസ് ഡ്രൈവറുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ പേരറിയില്ലെന്നാണ് എഫ്‌ഐആറില്‍ കാണിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഹൈക്കോടതി ഇടപെട്ടതോടെ തിടുക്കത്തില്‍ പമ്പ പോലീസിനെക്കൊണ്ട് കേസെടുപ്പിക്കുകയായിരുന്നു.

Tags:    

Similar News